X

കാറിന് വഴിയൊരുക്കാത്തതിന് പൊലീസുകാരന്റെ യൂണിഫോം അഴിപ്പിച്ച ജഡ്ജിയെ അലഹബാദ് ഹൈക്കോടതി സ്ഥലം മാറ്റി

ആഗ്ര എസ് എസ് പി സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് ഹൈക്കോടതി രജിസ്ട്രാറിന്റെ നടപടി.

കാറിന് വഴിയൊരുക്കിയില്ല എന്ന് പറഞ്ഞ് പൊലീസ് കോണ്‍സ്റ്റബിളിന്റെ യൂണിഫോം അഴിപ്പിച്ച ആഗ്ര കോടതി ജഡ്ജിയെ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സ്ഥലം മാറ്റി. ആഗ്ര എസ് എസ് പി സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് ഹൈക്കോടതി രജിസ്ട്രാറിന്റെ നടപടി. പൊലീസ് ഡ്രൈവറായ 58കാരന്‍ ഗുരേലാലിനെ ജഡ്ജി കോടതിയിലേയ്ക്ക് വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. നിരന്തരം ഹോണടിച്ചിട്ടും കാറിന് വഴിയൊരുക്കിയില്ല എന്ന് പറഞ്ഞാണ് ജഡ്ജി പൊലീസുകാരനെ ചീത്ത വിളിച്ചത്. ശിക്ഷയായി യൂണിഫോം അഴിക്കാനാണ് ആവശ്യപ്പെട്ടത്. പല തവണ മാപ്പ് പറഞ്ഞതിന് ശേഷമാണ് ഗുരേലാലിനെ യൂണിഫോം ഇടാന്‍ ജഡ്ജി അനുവദിച്ചത്.

ജഡ്ജിയുടെ നടപടിയില്‍ മാനസികമായി തകര്‍ന്ന പൊലീസ് ഡ്രൈവര്‍ ഗുരേലാല്‍ സ്വയം വിരമിക്കലിനെപ്പറ്റി ആലോചിച്ചതായി എസ് എസ് പി പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോളായിരുന്നു സംഭവം. വളരെ ഇടുങ്ങിയ റോഡ് ആയിരുന്നു എന്നും വഴിയൊരുക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല എന്നും ഗുരേലാല്‍ പറയുന്നു.