X

പാക്കിസ്ഥാന്‍; മുന്‍ ചീഫ് ജസ്റ്റിസ് നാസിര്‍ ഉള്‍ മൗലക് കാവല്‍ പ്രധാന മന്ത്രിയാവും

ജൂലായ് 25 നാണ് പാക്ക് പൊതുതിരഞ്ഞെടുപ്പ്. അബ്ബാസിയുടെ കാലാവധി മേയ് 31ന് അവസാനിക്കും.

പാക്കിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ ചീഫ് ജസ്റ്റിസ് നാസിര്‍ ഉള്‍ മൗലക് ഇടക്കാല കാവല്‍ പ്രധാനമന്ത്രിയാവും. പാക്ക് പ്രധാന മന്ത്രി ഷാഹിദ് ഖാഖാന്‍ അബ്ബാസിയാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് നാസിര്‍ ഉള്‍ മൗലക് ഇടക്കാല പ്രധാനമന്ത്രിയാവുന്നതില്‍ ഒരു പാക്ക് പൗരനു പോലും എതിര്‍പ്പുണ്ടാകാനിടയില്ലെന്നും അബ്ബാസി പ്രതികരിച്ചു. ഇടക്കാല പ്രധാനമന്ത്രി പ്രഖ്യാപനത്തിനായി പ്രതിപക്ഷ നേതാവ് സയ്യിദ് ഖുര്‍ഷിദ് അഹമ്മദ് ഷാക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജൂലായ് 25നാണ് പാക്ക് പൊതുതിരഞ്ഞെടുപ്പ്. അബ്ബാസിയുടെ കാലാവധി മേയ് 31ന് അവസാനിക്കും.

2013 സിസംബര്‍ 11 മുതല്‍ 2014 ജൂലായ് 5 വരെ പാക്ക് സുപ്രിം കോടതി ചീഫ് ജസ്റ്റിസായിരുന്ന നാസിര്‍ ഉള്‍ മൗലക്ക് നേരത്തെ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലിക അധ്യക്ഷ പദവിയും വഹിച്ചിരുന്നു. ഇതിനു ശേഷമാണ് കാവല്‍ പ്രധാനമന്ത്രിയായും അദ്ദേഹം ചുമതലയേല്‍ക്കുന്നത്.