X

അനന്തു കൊലപാതകം; പോലീസിന് നിർണായക വിവരം നൽകിയത് പ്രതിയുടെ പിതാവ്

കൊലപാതക ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ അനന്തുവിനെ തങ്ങള്‍ കൊലപ്പെടുത്തിയെന്ന കാര്യം പുറം ലോകത്തെ അറിയിക്കാന്‍ പ്രതികള്‍ വ്യഗ്രത കാട്ടിയിരുന്നുവെന്നും പൊലീസ് അനുമാനിക്കുന്നു.

കരമനയിലെ അനന്തു കൊലപാതകത്തിൽ പോലീസിന് നിർണായക വിവരങ്ങൾ നൽകിയത് പ്രതികളിൽ ഒരാളുടെ പിതാവെന്ന് റിപ്പോർട്ട്. അനന്തുവിനെ വകവരുത്തിയ വിവരം മകൻ അച്ഛനെ അറിയിച്ചിരുന്നു. നേരത്തെ തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നയാളുടെ മകനാണ് ഇത്. എന്നാൽ മകനുൾപ്പെട്ട സംഘത്തെ കുറിച്ച് ഇയാളാണ് വിവരം പോലീസിന് കൈമാറുന്നതെന്നുമാണ് റിപ്പോർട്ടുകൾ. നേരത്തെ അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ അക്രമികൾ ചിത്രീകരിച്ചിരുന്നു. ഇത് സുഹൃത്തുക്കള്‍ക്ക് അയച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനോടപ്പമാണ് കൊലപാതക വിവരം മകൻ പിതാവിനെ അറിയിക്കുന്നത്.

അതിനിടെ, അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഗുണ്ടാ നേതാവിന്റെ മകന്‍ കാമുകിക്ക് അയച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നായിരുന്നു പ്രതികരണമെന്നും പോലീസിനെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടിയുടെയും അക്രമി സംഘത്തിലുള്ളവരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്. കൊല പാതക ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ അനന്തുവിനെ തങ്ങള്‍ കൊലപ്പെടുത്തിയെന്ന കാര്യം പുറം ലോകത്തെ അറിയിക്കാന്‍ പ്രതികള്‍ വ്യഗ്രത കാട്ടിയിരുന്നുവെന്നും പൊലീസ് അനുമാനിക്കുന്നു.

അതിനിടെ, അക്രമിസംഘം അധോലോകം കീഴടക്കുന്ന സിനിമയിലെ നായകനെ പോലെയാണ് കൊലപാതക സമയത്ത് പെരുമാറിയതെന്നാണ് പുതിയ റിപ്പോർട്ടുകൾ. സമീപകാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫ് എന്ന സിനിമയിലെ നായകനെ പോലെയായി മാറാന്‍ ആഗ്രഹിച്ചവരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ അധോലോക നായകന്മാരുടെ കഥ പറയുന്ന കെജിഎഫിലെ റോക്കിഭായി എന്ന നായകന്റെ ആരാധകരായിരുന്നു പ്രതികൾ എന്നാണ് പറയുന്നത്.