X

‘ഇത് ദൈവത്തിന്റെ സർക്കാർ, വിധി ദിനത്തിനായി നിങ്ങള്‍ കാത്തിരിക്കുക’; ബിജെപിയോട് കുമാരസ്വാമി

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിശ്വാസ പ്രമേയ ചർച്ചയിൽ വെള്ളിയാഴ്ച കുമാര സ്വാമി പ്രസംഗിച്ച് നിര്‍ത്തിയത് ബൈബിൽ വചനം ഉദ്ധരിച്ച് കൊണ്ട്. നിങ്ങള്‍ വിധി ദിനത്തിനായി കാത്തിരിക്കുക എന്നതായിരുന്നു ബിജെപിയോടായുള്ള അദ്ദേഹത്തിന്റെ മറുപടി. ഇത് ദൈവത്തിന്റെ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ദൈവം സമ്മാനമായി നല്‍കിയ സർക്കാരാണ്. ഞാൻ മുഖ്യമന്ത്രിയാണെന്നത് ദൈവത്തിന്റെ  തീരുമാനമാണ്, ദൈവം ആഗ്രഹിക്കുമ്പോൾ അത് എടുത്തുകളയും. ജെഡിയുവിന്റെയും കോൺഗ്രസിന്റെയും നിയമസഭാ സാമാജികരെ അടർത്തിയെടുത്ത് തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, കർണാടക സർക്കാറിനെ പിടിച്ച് നിർത്താന്‍ കുമാരസ്വാമിയുടെ സഹോദരനും പിഡബ്ല്യുഡി മന്ത്രിയുമായി എച്ച് ഡി രേവണ്ണ മന്ത്രവാദം ഉൾപ്പെടെ നടത്തുന്നെന്ന ആരോപണത്തെയും മുഖ്യമന്ത്രി പ്രസംഗത്തിൽ നിഷേധിച്ചു. രേവണ്ണ കടുത്ത ദൈവ വിശ്വാസിയാണ്. ദൈവത്തെ സന്ദർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഒരോ ദിവസവും ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം അദ്ദേഹം മഹാലക്ഷ്മി ക്ഷേത്രത്തിൽ സന്ദർശിച്ചിരുന്നു, അവിടെത്തെ പുജാരി നല്‍കിയ മാല ധരിക്കുകയും ചെയ്തു. ആഞ്ചനേയ ക്ഷേത്രത്തിലും കാളി ക്ഷേത്രത്തിലും അദ്ദേഹം പോയിരുന്നു. അവിടെ നിന്നു പ്രസാദമായി നാര‍ങ്ങയുൾപ്പെടെ ലഭിച്ചു. ഇതിനെയാണ് മന്ത്രവാദമായി വ്യാഖ്യാനിച്ചത്. ബിജെപി എംഎൽഎമാർ ക്ഷേത്രങ്ങളിൽ പോയി പ്രസാദം സ്വീകരിക്കാറില്ലെയെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാൽ താനും തന്റെ കുടുംബവും ദൈവ ഭക്തരാണെന്ന് പ്രസ്താവിക്കുന്നതിൽ ഒരു മടിയുമില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

വിശ്വസ പ്രമേയത്തിൽ രണ്ട് ദിവസമായി ചർച്ച തുടരുന്നതിനാൽ വിശ്വാസ വോട്ടെടുപ്പ് വെള്ളിയാഴ്ചയും നടന്നിരുന്നില്ല. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കത്തു മുഖാന്തരം മുഖ്യമന്ത്രി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായി വാല അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ അഭ്യര്‍ഥന രണ്ടാമതും നിരസിക്കപ്പെടുകയായിരുന്നു.

നേരത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കു മുമ്പായി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അഭ്യര്‍ഥിച്ചിരുന്നു.എന്നാല്‍ ഇതും നിരസിക്കപ്പെട്ടിരുന്നു. പതിനാറ് കോണ്‍ഗ്രസ്- ജെ ഡി എസ് എം എല്‍ എമാരുടെ രാജിയോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയത്. അപ്രതീക്ഷിതമായി ഒന്നും നടന്നില്ലെങ്കില്‍ വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാറിന് ഭരണം നഷ്ടപ്പെടാൻ തന്നെയാണ് സാധ്യത. രാജി സമര്‍പ്പിച്ച എം എല്‍ എമാരില്‍ പതിമൂന്നുപേര്‍ കോണ്‍ഗ്രസ് അംഗങ്ങളും മൂന്നുപേര്‍ ജെ ഡി എസ് അംഗങ്ങളുമാണ്. അതേസമയം വിശ്വാസവോട്ടെടുപ്പ് വിഷയത്തില്‍ നിര്‍ദേശം വരേണ്ടത് ഡല്‍ഹിയില്‍നിന്നല്ലെന്ന് ഗവര്‍ണറുടെ ഇടപെടലിനെ സൂചിപ്പിച്ചുകൊണ്ട് കുമാരസ്വാമി സഭയില്‍ പറഞ്ഞു.

 

 

 

This post was last modified on July 20, 2019 2:04 pm

Related Post
Leave a Comment