X

കര്‍ഷക ആത്മഹത്യ: പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്; 6ന് ചെന്നിത്തല ഉപവസിക്കും, 9ന് ഹർത്താൽ നടത്താൻ അനുമതി തേടി

ഹര്‍ത്താലിന് അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി

കേരളത്തില്‍ അടുത്തിടെ ഉണ്ടായ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ സക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇടുക്കിക്ക് പുറമെ കഴിഞ്ഞ ദിവസം തൃശൂരിലും കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്തതിന് പിറകെയാണ് പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി കർഷക ആത്മഹത്യകളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. കട്ടപ്പനയിലാണ് ചെന്നിത്തല ഏകദിന ഉപവാസം നടത്തുക.

നിലവിലെ സാഹചര്യങ്ങളിൽ കർഷകർക്ക് ആശ്വാസം ലഭ്യമാക്കുന്നതിനായി കർഷകരുടെ 5 ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ സർക്കാർ എഴുതി തള്ളണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി.

അതിനിടെ ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും സർക്കാര്‍‌ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്യാനും കോൺഗ്രസ് നീക്കമുണ്ട്. ചെന്നിത്തലയുടെ ഉപവാസത്തിന് പിറകെ മാർച്ച് 9ന് ഹർത്താൽ നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ഹര്‍ത്താലിന് അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാൽ പരീക്ഷാ കാലയളവില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ചെന്നിത്തല പ്രഖ്യാപിച്ചിരുന്ന ഉപവാസത്തിനൊപ്പം ശക്തമായ പ്രതിഷേധപരിപാടികള്‍ 6ന് നടത്താനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.

Also Read- ബിഡിജെഎസ് ഇന്ന് പിളരും

അതിനിടെ, കഴിഞ്ഞ ദിവസം അത്മഹത്യ ചെയ്ത തൃശൂരിൽ കുഴൂർ സ്വദേശി ജിജോ പോളിന്റെ മരണം കർഷക ആത്മഹത്യയെന്നു പറയാനാവില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പ്രതികരിച്ചു. എന്നാല്‍ ജിജോയുടെ വായ്പകൾ കാർഷിക ആവശ്യത്തിനു ഉള്ളതായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമർശം. കൃഷിയെ ഉപജീവനമായി ആശ്രയിച്ചു ജീവിച്ചിരുന്ന വ്യക്തിതന്നെയായിരുന്നു ജിജോയും കുടുംബവും. പ്രളയത്തിൽ ഉൾപ്പെടെ ഇവർക്ക് നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനു നൽകാവുന്ന സഹായങ്ങൾ സർക്കാര്‍ നൽകുമെന്നും മന്ത്രി പറഞ്ഞു. കൃഷിയെ ഉപജീവനമായി ജീവിക്കുന്നവരുടെ കാർഷിക ആവശ്യത്തിനു അല്ലാത്ത വായ്പകളിൽ എന്ത് സഹായം ചെയ്യാൻ കഴിയുമെന്ന് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 

This post was last modified on March 2, 2019 1:47 pm