നിലമ്പൂർ എംഎൽഎ പി വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്റെ പേരിലുള്ള മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. 15 ദിവസത്തിനകം പൊളിച്ചു മാറ്റാണെമെന്നാണ് മലപ്പുറം ജില്ലാ കല്കടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്നാണു കോടതിയുടെ നിർദേശം.
തടയണ പൂർണമായി പൊളിച്ചു മാറ്റാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടന്നും നേരെത്തെ ഹർജി പരിഗണിച്ചപ്പോൾ ഉടമ അറിയിച്ചിരുന്നു. നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും സ്ഥലം ഉടമ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ജില്ലാ കളക്ടറോട് തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചത്. മുൻ ഉത്തരവുകൾ നടപ്പാക്കാതിരുന്നതിനെ തുടർന്ന് നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടയണ പൊളിക്കാൻ കർശന നിർദേശം നൽകിയിരുന്നു.
തടയണ അപകട ഭീഷണി ഉണ്ടാക്കുമെന്നും കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലയിൽ നാല് ഉരുൾപൊട്ടലുകൾ ഉണ്ടായതായും വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടും പി വി അൻവറിന് തിരിച്ചടിയായി. തടയണയുടെ താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും പ്രകൃതിക്കും തടയണ ഭീഷണിയാണെന്നു പരിശോധന നടത്തിയ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഹർജി രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
Leave a Comment