X

ബാല ലൈംഗിക പീഡന കേസുകളില്‍ കേരള പൊലീസിന് ഇനി ഇന്റര്‍പോളുമായി സഹകരണം; ഇന്ത്യയില്‍ ഇതാദ്യം

ഇന്ത്യയില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നത് സംബന്ധിച്ച 80 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്‍ ഗില്ലര്‍മോ ഗലാര്‍സ പറയുന്നു.

ഓണ്‍ലൈന്‍ വഴി കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരകളാക്കപ്പെടുന്ന കേസുകളില്‍ ഇനി കേരള പൊലീസ് ഇന്റര്‍പോളുമായി (ഇന്‍ര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍) സഹകരിച്ച് പ്രവര്‍ത്തിക്കും. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന പൊലീസ് സേനയുമായി ഇന്റര്‍പോള്‍ ഇത്തരത്തില്‍ സഹകരിക്കുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി കേരള പൊലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ടാസ്‌ക് ഫോഴ്‌സിന് ഇന്റര്‍പോള്‍ പരിശീലനം നല്‍കും.

കുട്ടികള്‍ ഓണ്‍ലൈന്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നത് സംബന്ധിച്ച 80 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്‍ ഗില്ലര്‍മോ ഗലാര്‍സയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കേസുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ യുഎസിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ മിസിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രണ്‍, ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.

ഈ വര്‍ഷം നല്‍കിയ 20 ലക്ഷം റിപ്പോര്‍ട്ടുകള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടില്ല എന്നാണ് ഇന്റര്‍പോള്‍ പറയുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുമായി വിവരം സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ ധാരണയിലെത്തിയ ഇന്റര്‍പോള്‍ എംഒയു ഒപ്പ് വച്ചിരുന്നു.

കേരളവുമായി നേരിട്ട് എംഒയു ഒപ്പ് വയ്ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത് എന്ന് ഐസിഎംഇസിയുടെ ചുമതലയുള്ള ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്‍ ഗലാര്‍സ പറഞ്ഞു. കേരള ടാസ്‌ക് ഫോഴ്‌സിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സീനിയര്‍ ഡിറ്റക്ടീവ് ജോണ്‍ റൂസ് തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ മാസം പി ഹണ്ട് എന്ന പേരിലുള്ള ചൈല്‍ഡ് പോണോഗ്രഫി റാക്കറ്റിനെ കേരള പൊലീസ് പിടികൂടിയിരുന്നു.

This post was last modified on June 11, 2019 2:25 pm