X

കാക്കിയിട്ടവന്റെ നെഞ്ചത്തോട്ട് കയറുന്ന സിനിമാക്കാരെ സൂക്ഷിച്ചോ പോലീസും കളത്തിലിറങ്ങുവാണ്

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ പോലീസിനെ നായകന്‍ നെഞ്ചത്ത് ചവിട്ടി പിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ഇതിനെതിരെ പോലീസിലെ ഒരു വിഭാഗം പരസ്യമായി വിമര്‍ശിക്കുകയും തുടര്‍ന്ന് സംഭവം വിവാദമാവുകയും ചെയ്തിരുന്നു.

ഭരത് ചന്ദ്രന്‍ ഐപിഎസ് ആയും, ബാബാ കല്യാണിയായുമെല്ലാം ഒരുപാട് പോലീസുകാരെ മലാളികള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പോലീസുകാര്‍ ആ സിനിമയുമായിട്ട് നേരിട്ട് വലിയ ബന്ധവും കാണില്ല. ഇപ്പോഴിതാ പോലീസുകാര്‍ തന്നെ ഒരു സിനിമയെടുക്കുകയാണ്. അഭിനയത്തിലും സംവിധാനത്തിലും എഴുത്തിലുമെല്ലാം തിളങ്ങിയ പോലീസുകരാണ് സാമൂഹ്യപ്രാധാന്യമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സര്‍ക്കാറിന് വേണ്ടി ഒത്തു ചേരുന്നത്.

ഇതിനായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്രയുടെ സാന്നിധ്യത്തില്‍ പോലീസ് ആസ്ഥാനത്ത് യോഗവും കൂടിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സിനിമ ടീം ഒരുങ്ങുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഹ്രസ്വ ചിത്രങ്ങളായിരിക്കും ആദ്യഘട്ടത്തില്‍ ഇവര്‍ നിര്‍മിക്കുക. ഇതിനായി വിവിധ ഗ്രൂപ്പുകളായി സ്‌ക്രിപ്റ്റ് തയ്യാറാക്കും. സിനിമയില്‍ കാണിക്കുന്ന പോലീസല്ല യഥാര്‍ത്ഥ പോലീസ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

സിനിമയില്‍ കാണിക്കുന്ന പോലീസ് ഒന്നുകില്‍ വില്ലന്‍ ആയിരിക്കും, ഇനി നായകന്‍ ആണെങ്കിലോ അയാള്‍ ഒരു അതിമാനുഷികനായിരിക്കും. നിയമങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന, മേലുദ്യോഗസ്ഥരെ അനുസരിക്കാത്ത ഒരാള്‍. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥ പോലീസ്. ഒരുപാട് സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ പോലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ അതൊന്നും തന്നെ ജനങ്ങളിലേക്കെത്തുന്നില്ല.അവ ജനങ്ങളിലേക്കെത്തിക്കാനും,വിവിധ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനും സിനിമ ഉപയോഗിക്കും. പോലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം ഐജി പി വി ജയനാണ് ടീമിന്റെ ചുമതല.

ജോസഫിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍, കോലുമിഠായിയുടെ സംവിധായകന്‍ അരുണ്‍ വിശ്വം, മക്കന സംവിധായകന്‍ റഹിം ഖാദര്‍, തിരക്കഥാകൃത്തുക്കളായ പ്രസാദ് പാറപ്പുറം, പി എന്‍ വിനോദ് കുമാര്‍, ലാലി, ചന്ദ്രകുമാര്‍, ജിതിന്‍ മലപ്പുറം, ഫിലിപ്പ്, ഹരിനാരായണന്‍, ഷാഹുല്‍ അമീദ്, ശ്രീകുമാര്‍, ശരത്, സുധീര്‍, കെ ബി പ്രസാദ്, സജിത്കുമാര്‍, ജിതിന്‍ മോഹന്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ പോലീസിനെ നായകന്‍ നെഞ്ചത്ത് ചവിട്ടി പിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ഇതിനെതിരെ പോലീസിലെ ഒരു വിഭാഗം പരസ്യമായി വിമര്‍ശിക്കുകയും തുടര്‍ന്ന് സംഭവം വിവാദമാവുകയും ചെയ്തിരുന്നു. പോലീസിനെ ആക്രമിക്കുന്ന രംഗങ്ങളും ഉദ്യോഗസ്ഥരെ വില്ലന്മാരായി ചിത്രീകരിക്കുന്നതും പ്രേക്ഷകര്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ അതിന് തടയിടാനും കൂടിയാണ് കേരള പോലീസിന്റെ ഈ പടം പിടുത്തമെന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഇറക്കി തുടങ്ങിയിട്ടുണ്ട്.

This post was last modified on May 5, 2019 5:06 pm