X

രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർഗോഡ് പ്രതിഷേധം; രാജിക്കൊരുങ്ങി ഡിസിസി ഭാരവാഹികള്‍

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരെ വികാരമില്ലെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർഥിത്വത്തിൽ കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി. പുറമേ നിന്നുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് ജില്ലയിലെ പ്രവർത്തകർ. ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ രാജിക്കൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇരുപത്തിയഞ്ചോളം പേരാണ് ഡിസിസി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. കെട്ടിയിറക്കിയ സ്ഥാനാർഥിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രവർത്തകരും വ്യക്തമാക്കുന്നു.

അതേസമയം, രാജ് മോഹൻ ഉണ്ണിത്താൻ സ്ഥാനാർഥിയായി എത്തുകയാണെങ്കിൽ അംഗീകരിക്കുമെന്ന് കാസർകോട് നിന്നുള്ള കോൺഗ്രസ് നേതാവ് ബി സുബയ്യ റൈ പറഞ്ഞു. കാസർകോട് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് ആദ്യം മുതൽ തന്നെ പ്രതീക്ഷിച്ചിരുന്നയാളാണ് സുബയ്യ റൈ. ഉണ്ണിത്താൻ കാസർകോട് സ്ഥാനാർഥിയായി എത്തുകയാണെങ്കിൽ പ്രവർത്തനത്തിന് ഇറങ്ങുമെന്നും സുബയ്യ റൈ പറഞ്ഞു. എന്നാൽ, പ്രദേശത്ത് നിന്നുള്ള ഒരാൾ കാസർകോട് സ്ഥാനാർഥിയായി ഇല്ലെന്ന് പറയുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ദൗർഭാഗ്യകരമാണെന്നും സുബയ്യ റൈ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ ഡി സി സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരെ വികാരമില്ലെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ പ്രകടനം മാത്രമാണ്. കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും കഴിയാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ഉണ്ണിത്താൻ പറയുന്നു. അമ്പതു വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുള്ള വ്യക്തിയാണ് താൻ, ജില്ല ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട് എന്നാണ് വിശ്വാസം.

പൊട്ടിത്തെറിയില്ലെന്നും സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം മാത്രമാണ്. കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എനിക്ക് ഒരു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ പാര്‍ട്ടിയ്ക്കകത്തോ പുറത്തോ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. എന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. പാര്‍ട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ എന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എതിര്‍പ്പ് ഉന്നയിക്കുന്നവരെക്കൂടി വിശ്വാസത്തിൽ എടത്തുകൊണ്ടായിരിക്കും മുന്നോട്ടുള്ള നടപടികളെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

This post was last modified on March 17, 2019 12:43 pm