X

ശ്യാമള രാജി വയ്ക്കണ്ട, ഉദ്യോഗസ്ഥരാണ് പ്രശ്‌നം: ആന്തൂര്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കോടിയേരി

പികെ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായി എന്ന വിമര്‍ശനം കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് നടത്തിയിരുന്നു.

ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് അന്വേഷണം നടക്കട്ടെ. നഗരസഭ ഭരണസമിതിയ്ക്ക് മുകളില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതാണ് പ്രശ്‌നം. ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമള രാജിവയ്‌ക്കേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞു. ശ്യാമള രാജി വയ്ക്കണം എന്ന തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല. പൊലീസ് അന്വേഷണം നടക്കട്ടെ എന്നും കോടിയേരി പറഞ്ഞു.

പികെ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായി എന്ന വിമര്‍ശനം കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് നടത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയ്‌ക്കെതിരായ ആരോപണം പാര്‍ട്ടി ജില്ല നേതൃത്വത്തില്‍ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ചട്ടലംഘനം ആരോപിച്ചാണ് കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നിഷേധിച്ചത്. എന്നാല്‍ യാതൊരു ചട്ട ലംഘനവും നടന്നിട്ടില്ല എന്നാണ് മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം ചാനല്‍ ചര്‍ച്ചയില്‍ ചട്ട ലംഘനം നടന്നതായി പി ജയരാജന്‍ ആരോപിക്കുകയും ചെയ്തിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് യാതൊരു കാരണവശാലും അനുമതി നല്‍കില്ലെന്ന് പറഞ്ഞ പികെ ശ്യാമള അടക്കമുള്ളവര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് സാജന്‍ ജീവനൊടുക്കിയത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ഭാര്യ ബീന ആരോപിക്കുന്നത്.

This post was last modified on June 22, 2019 5:09 pm