X

പി ജയരാജന്‍ ബിജെപിയിലേക്കെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

തനിക്കെതിരായ നീക്കത്തിന് പിന്നിൽ സംഘപരിവാറും മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളും ആണെന്നായിരുന്നു മുൻ ജില്ലാ സെക്രട്ടറിയുടെ ആരോപണം.

സിപിഎം സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായ പി ജയരാജനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ജയരാജൻ ബിജെപിയിലേക്ക് എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെയാണ് തിങ്കളാഴ്ച കണ്ണൂർ ‍ടൗൺ പോലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം ടൗൺ പോലീസ് അഴിമുഖത്തോട് സ്ഥിരീകരിച്ചു.  ഭിന്നശേഷിക്കാരനായ എടവണ്ണ സ്വദേശി ചാത്തല്ലൂർ വലിയ പീടിയേക്കൽ കെ നൗഷാദാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.

പി ജയരാജനെതിരായ വാർത്ത വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ വിഷയത്തിൽ പരസ്യമായി പ്രതികരിച്ച് പി ജയരാജനും രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരായ നീക്കത്തിന് പിന്നിൽ സംഘപരിവാറും മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളും ആണെന്നായിരുന്നു മുൻ ജില്ലാ സെക്രട്ടറിയുടെ ആരോപണം.

സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനം ടിവിയുടെ ലോഗോയ്ക്ക് സമാനമായത് ഉപയോഗിച്ചുള്ള പോസ്റ്ററുകളായിരുന്നു പ്രചാരണത്തിനായി ഉപയോഗിച്ചത്. എന്നാൽ തങ്ങൾ വാർത്ത നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ചാനലും രംഗത്തെത്തിയിരുന്നു.

This post was last modified on September 24, 2019 9:08 am