X

‘ദുരിതാശ്വാസ ക്യാംപിലെ കഴുത’, മന്ത്രി ജി സുധാകരനെതിരെ കവിതയുമായി സിപിഎം ലോക്കൽ സെക്രട്ടറി, വിവാദം

‘സന്നിധാനത്തിലെ കഴുതയെപ്പോൽ ഒത്തിരിപ്പേർ ചുമടെടുക്കുന്ന കൊണ്ടത്രേ, ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു..’

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപിൽ പണം പിരിച്ചെന്ന് ആരോപണ വിധേയനായ ഓമനക്കുട്ടനെ രൂക്ഷമായി വിമർശിച്ച മന്ത്രി ജി. സുധാകരനെ പരിഹസിച്ച് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് കവിത. ചേർത്തല കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ജി.പണിക്കരുടെ കവിതയും ഇതിനെതിരായ നടപടികളുമാണ് ഇപ്പോൾ വിവാദം സൃഷ്ടിക്കുന്നത്.

ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപിൽ പണം പിരിച്ചെന്ന് ആരോപണമുയരുകയും ലോക്കൽ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെ ഉടനടി സസ്പെൻഡ് ചെയ്തത സംഭവവും ഇതിൽ രുക്ഷമായി പ്രതികരിച്ച ജി. സുധാകരന്റെ നടപടിയെയുമാണ് പ്രവീൺ കവിതയിൽ പരാമര്‍ശിച്ചത്. ‘ദുരിതാശ്വാസ ക്യാംപിലെ കഴുത’ എന്ന പേരിലായിരുന്നു പ്രവീൺ കവിത പോസ്റ്റ് ചെയ്തത്.

കവി കൂടിയായ മന്ത്രി ജി സുധാകരൻ മുൻപ് രചിച്ച ‘സന്നിധ‍ാനത്തിലെ കഴുത’ എന്നതിന് സമാനമായ പേരിലായിരുന്നു ലോക്കൽ സെക്രട്ടിയുടെയും രചന. സാധാരണ പാർട്ടി പ്രവർത്തകൻ നേതാക്കൾക്കുവേണ്ടി പണിയെടുക്കുന്ന കഴുതയാണെന്ന പരോക്ഷ സൂചനയായിരുന്നു കവിതയിലുടനീളം പ്രവീൺ പറയാൻ ശ്രമിച്ചത്.

നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ പേരാണ് ഓമനക്കുട്ടൻ….
നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടൻ…
നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ…

ജീവിതം കൊണ്ട് കവിത രചിച്ചോൻ.. റോയലിറ്റി വാങ്ങാത്തോൻ..
ആരാണ് നീ ഒബാമ.. ഇവനെ വിധിപ്പാൻ… എന്ന പരാമർശം മുതൽ

‘സന്നിധാനത്തിലെ കഴുതയെപ്പോൽ ഒത്തിരിപ്പേർ ചുമടെടുക്കുന്ന കൊണ്ടത്രേ, ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു..’ എന്നും പൂച്ചയ്ക്കാര് മണികെട്ടുമെന്നും കവിത ചോദിക്കുന്നു.

എന്നാൽ കവിതയ്ക്ക് ഫേസ്ബുക്കിൽ 10 മിനിറ്റ് മാത്രമായിരുന്നു ആയുസ്സുണ്ടായത്. വിവാദമായതോടെ ഉടൻ പിൻവലിക്കുകയായിരുന്നു. ഇതിനിടെ ചിലർ സ്ക്രീൻഷോട്ട് എടുത്തു പാർട്ടി നേതൃത്വത്തിനു കൈമാറി‍യതായും. റിപ്പോർട്ടുകളുണ്ട്. അതേസമയം തന്റെ കവിത മന്ത്രിക്കെതിരെ അല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകൾക്കെതിരെയായിരുന്നുവെന്നുമാണ് പ്രവീണിന്റെ പ്രതികരണം.

അതേസമം, കവിത വിവാദമായതിന് പിന്നാലെ ലോക്കൽ സെക്രട്ടറി പ്രവീൺ ജി.പണിക്കെതിരെ പോലീസ് മറ്റൊരു ആരോപണത്തിൽ കേസെടുത്തതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ചേർത്തലയിലെ കയർ സൊസൈറ്റിയിൽ അതിക്രമിച്ചുകയറി സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയെന്നാണു കേസ്. ദിവസങ്ങൾക്കു മുൻപു നടന്ന സംഭവത്തിൽ പാർട്ടി തലത്തിൽ നടപടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കവിത പൂർണരൂപത്തിൽ

നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്‍റെ ടയറിന്‍റെ പേരാണ് ഓമനക്കുട്ടന്‍.
നീ ഇരിക്കുന്ന കൊമ്പന്‍റെ തൂണുപോലുള്ള നാലുകാലിന്‍റെ പേരാണ് ഓമനക്കുട്ടന്‍.
നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍
കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍.
ജീവിതം കൊണ്ട് കവിത രചിച്ചോന്‍.
റോയല്‍റ്റി വാങ്ങാത്തോന്‍…

ആരാണ് നീ ഒബാമ…
ഇവനെ വിധിപ്പാന്‍…

Read More- സംവരണത്തെ വിടാതെ ആര്‍എസ്എസ്, തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്

 

This post was last modified on August 19, 2019 10:39 am