X

“കടല്‍ മണ്ണുകൊണ്ട് കുട്ടനാട്ടില്‍ ബണ്ട് കെട്ടിയാല്‍ നില്‍ക്കുമോ?” തോമസ് ഐസകിനെതിരെ ജി സുധാകരന്‍

കടല്‍ മണ്ണ് ചെളിയുമായി കലര്‍ന്നാല്‍ കുട്ടനാട്ടിലെ കൃഷി നശിക്കും. പാടശേഖര സമിതിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ചെയ്തത്.

കുട്ടനാട്ടിലെ കൈനകരിയില്‍ ബണ്ട് തകര്‍ന്ന സംഭവത്തില്‍ മന്ത്രി തോമസ് ഐസകിനെതിരെ മന്ത്രി ജി സുധാകരന്റെ ഒളിയമ്പ്. ബണ്ട് തകര്‍ന്ന കനകാശ്ശേരി പാടശേഖരത്തില്‍ തോമസ് ഐസകിന്റെ നേതൃത്വത്തില്‍ നേരത്തെ മടകെട്ടിയിരുന്നു. ഇത് പരാമര്‍ശിച്ചാണ് സ്വകാര്യ ചടങ്ങില്‍ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.

തോട്ടപ്പള്ളിയില്‍ നിന്നുള്ള കടല്‍ മണ്ണ് ഉപയോഗിച്ചാണ് ബണ്ട് കെട്ടിയത്. ഈ ബണ്ടാണ് ഒലിച്ചുപോയത്. ‘കുട്ടനാട് കൈനകരിയില്‍ ബണ്ട് തകര്‍ന്നതില്‍ ചിലര്‍ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. എനിക്ക് സന്തോഷം ഇല്ല. കടല്‍ മണ്ണുകൊണ്ട് കുട്ടനാട്ടില്‍ ബണ്ട് കെട്ടിയാല്‍ നില്‍ക്കുമോ? എല്ലാം ഒലിച്ചുപോയില്ലേ. എത്രപണമാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടത്. കടല്‍ മണ്ണ് ചെളിയുമായി കലര്‍ന്നാല്‍ കുട്ടനാട്ടിലെ കൃഷി നശിക്കും. പാടശേഖര സമിതിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ചെയ്തത്.’- സുധാകരന്‍ പറഞ്ഞു.

സംഭവത്തില്‍ ഒന്നാമത്തെ പ്രതികള്‍ പാടശേഖര കമ്മിറ്റിക്കാരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കൃഷിയിറക്കാതെ പാടശേഖരം വെറുതെയിടുകയാണിവര്‍. കുട്ടനാട്ടില്‍ 62 ശതമാനം സ്ഥലത്തും കൃഷി നടത്തുന്നില്ല. കൃഷി ചെയ്യാതിരിക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞ് ബണ്ടുപൊട്ടിയാലും സര്‍ക്കാര്‍ പണം മുടക്കി ബണ്ട് കെട്ടിക്കൊടുക്കുകയാണ് ഇവിടെ- സുധാകരന്‍ പറയുന്നു.

ബണ്ട് പൊട്ടിയപ്പോള്‍ മട പൊട്ടിയത് ചിലര്‍ക്ക് സന്തോഷമുണ്ടാക്കിയെന്ന് പറഞ്ഞ് മന്ത്രി തോമസ് ഐസക് പോസ്റ്റിട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

also read:പത്ത് വര്‍ഷത്തിനുള്ളില്‍ അപകടത്തില്‍ മരിച്ചത് 223 പേര്‍, പേടിസ്വപ്നമായി കുതിരാന്‍; അന്ത്യശാസനങ്ങള്‍ കാറ്റില്‍ പറത്തി ‘പാപ്പര്‍’ കമ്പനിയും ദേശീയ പാത അതോറിറ്റിയും

This post was last modified on September 16, 2019 11:30 am