മാമാങ്കം സിനിമയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് നിർമാതാവ് വേണുകുന്നപ്പള്ളി ഉൾപ്പെടെയുള്ളവർ ഉയർത്തിയ ആരോപണങ്ങൾ സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്നും സജീവ് പിള്ള പറയുന്നു. മലയാള സിനിമ രംഗത്തെ മുഴുവൻ വ്യവസ്ഥാപിതമായ സംഘങ്ങളൊക്കെയും ഒറ്റക്കെട്ടായി തനിക്ക് എതിരെ നിൽക്കുകയാണ്. തൊഴിലാളികളെ സംരക്ഷിക്കേണ്ട സംഘടനകൾ മുതലാളിമാർക്ക് അനുകുലമായി പ്രവർത്തിക്കുകയാണ്. പ്രമുഖരുടെ ഡേറ്റും പണവും ആണ് സിനിമയിലെ ഒരോരുത്തരുടെയും അസ്തിത്വം നിർണ്ണയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സിനിമ രംഗത്തും സംഘടനാ നേതൃത്വത്തിലുമുള്ള ചിലർ ഭീഷണിപ്പെടുത്തിയും മറ്റും മുതലാളിമാർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ഏതാണ്ട് രണ്ട് പതിറ്റാണ്ടായി ഞാന്‍ പ്രയത്നിച്ചുണ്ടാക്കിതാണ് ഈ സിനിമ. എന്നാൽ ലാഭം മാത്രം ലക്ഷ്യമിട്ട് പണം മുടക്കാന്‍ വന്നു ചേർന്ന ഒരാള്‍ പണാധികാരവും സ്വാധീനവും കൊണ്ട് പെട്ടെന്ന് തീരുമാനിച്ചാല്‍ നിയമപരമായോ യുക്തിപരമായോ ധാർമികമായോ അവസാനിക്കുന്നതാണോ ഈ സിനിമയുമായുള്ള എന്റെ ബന്ധമെന്നും അദ്ദേഹം ചോദിക്കുന്നു.
തനിക്ക് മുൻ പരിചയമില്ലെന്നാണ് നിർമാതാവ് ഉൾപ്പെടെ ആരോപിക്കന്നത്. എന്നാൽ അത് തെറ്റാണെന്ന് മമ്മുട്ടി ഉൾപ്പെയുള്ളവരുടെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നിർമാതാവും ഇത്തരത്തിൽ പ്രതികരിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, എസ്.കുമാർ, എം.ജെ.രാധാകൃഷ്ണന്‍, രാജീവ് രവി, മധു നീലകണ്ഠന്‍, എന്‍.ഹരികുമാർ, പ്രമോദ്തോമസ്, അരുണ്കുരമാർ അരവിന്ദ്, ബി.അജീത് കുമാർ, സുനില്‍ കെ.എസ്.തുടങ്ങി പലരും എനിക്കൊപ്പം പ്രവർത്തിരച്ചിട്ടുണ്ട്. അവരാരും എനിക്കു സംവിധാനമറിയില്ല എന്നു പറഞ്ഞതായി അറിവില്ല. നിർമാതാവിന് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്നു തോന്നുന്ന സന്ദർഭനങ്ങളുണ്ടായി. സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് അദ്ദേഹം പറയുന്നതുവരെ കാര്യങ്ങളെ എത്തിച്ചത്.
എന്നാൽ പിന്നീട് തന്റെ തിരക്കഥയുൾപ്പെടെ തിരുത്താനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നതെന്നും. ഇതിന് പിറകെയാണ് അഭിപ്രായ ഭിന്നതകൾ രൂപം കൊണ്ടതെന്നും സജീവ് പിള്ള പറയുന്നു. ഇനി വരുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തിനും ഈ അവസ്ഥ വരരുതെന്ന് ഉദ്ദേശിച്ചാണ് ഇപ്പോൾ രംഗത്തെത്തുന്നതെന്നും അദ്ദേഹം പറയുന്നു.
സജീവ് പിള്ളയുടെ പ്രസ്താവനയുടെ പൂർണരൂപം.
മാമാങ്കവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ അടുത്തകാലത്ത്പുറത്തുവന്നു. എന്നോട് പലരും പലതും ചോദിച്ചുവെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇതുവരെ പരസ്യമായി ചർച്ച് ചെയ്തിട്ടില്ല. ധ്രുവന്‍ എന്ന നടന്റെയും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചവരിൽ പെടുന്ന വലിയ സാങ്കേതിക നിരയേയും പുറത്താക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ എന്റെനേർക്കു വന്ന ചില ചോദ്യങ്ങൾക്ക് ‘അറിയില്ല’ എന്ന മറുപടി പറഞ്ഞത് വിഷയമായി എന്നത് ശരിയാണ്. ‘അറിയില്ല’ എന്നു പറഞ്ഞത് ശരിക്കുംഎനിക്ക് ആ കാര്യത്തെപ്പറ്റി അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. എന്നാല്‍, എനിക്കെതിരെ നിറയെ ആരോപണങ്ങളുമായി നിർമാതാവ് ശ്രീ. വേണുകുന്നപ്പള്ളി അടുത്തിടെ ഒരു പത്രസമ്മേളനം നടത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇനിയും എന്റെ ഭാഗം പറയാതിരിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്നുള്ളതിനാലാണ് ചിലത് തുറന്നു പറയാൻ തീരുമാനിച്ചത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ 7കർശനമായ പരിശോധനയ്ക്കു് വിധേയമാക്കിയ ശേഷം മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് എന്റെ അഭ്യർത്ഥനയുടെ.
സംവിധാനരംഗത്ത് പരിചയക്കുറവുള്ളതുകൊണ്ടാണോ സജീവ് പിള്ളയെ സിനിമയില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്നത്?
മാമാങ്കം ഒരുക്കാന്‍ ഞാനെത്തുന്നത് മലയാള സിനിമയിൽ ഏകദേശം രണ്ട്പതിറ്റാണ്ട് കാലത്തെ പ്രവർത്തനന പരിചയവുമായാണ്. എന്നും സിനിമാവിദ്യാർത്ഥി എന്നു പരിചയപ്പെടുത്താനാണ് ആഗ്രഹം. എന്നാല്‍, ഗുരുതരമായ ആരോപണവുമായി പ്രബലമായ ഒരു ശക്തി കടന്നാക്രമിക്കാനല്ല എന്നതുകൊണ്ട് പറയട്ടെ, സിനിമയെന്താണെന്നും അതിന്റെ സങ്കേതിക വശങ്ങൾ എന്താണെന്നും എനിക്കു വ്യക്തമായി അറിയാം. വിഖ്യാതനായ അടൂർ ഗോപാലകൃഷ്ണനൊപ്പം ഏറെക്കാലം പ്രവർത്തിച്ചയാളാണ് ഞാന്‍. നിഴല്‍ക്കുത്തിൽ സംവിധാന സഹായിയായിയും അദ്ദേഹത്തിന്റെ മറ്റ് നാല് ഡോക്യുമെന്ററികളില്‍ (കലാമണ്ഡലം ഗോപി, Dance of An Enchantress, രാമന്‍ കുട്ടി നായർ, കൂടിയാട്ടം) സംവിധാന സഹായിയായും പ്രൊഡക്ഷന്‍ കണ്ട്രോളർ ആയും പ്രവർത്തി്ച്ചു.
ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പലതും മധ്യകാലകേരളത്തെയും കളരി പാരമ്പര്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെയും ഭാഗമായിരുന്നു. കേരളത്തിലെ പ്രമുഖമായ 4 പുതിയ മ്യൂസിയങ്ങളില്‍ അവ പ്രദർശിതപ്പിക്കുന്നുമുണ്ട്. സംസ്ഥാന, ദേശിയ ഏജൻസികൾക്ക് വേണ്ടിചെയ്തിട്ടുള്ള നിരവധി ഡോക്യുമെന്ററികളും ഉണ്ട്. മലയാള സിനിമയിലെ തന്നെഏറ്റവും മികച്ച സാങ്കേതിക വിദഗ്ദർ അവയുടെ ഭാഗമായിരുന്നു. എസ്.കുമാർ, എം.ജെ.രാധാകൃഷ്ണന്‍, രാജീവ് രവി, മധു നീലകണ്ഠന്‍, എന്‍.ഹരികുമാർ, പ്രമോദ്തോമസ്, അരുണ്കുരമാർ അരവിന്ദ്, ബി.അജീത് കുമാർ, സുനില്‍ കെ.എസ്.തുടങ്ങി പലരും എനിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
അവരാരും എനിക്കു സംവിധാനമറിയില്ല എന്നു പറഞ്ഞതായി അറിവില്ല. കൂടാതെ എന്നിലെ സംവിധായകനില്‍ വിശ്വസിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ നിക്ഷേപത്തില്‍ നിർമ്മിച്ച ഫീച്ചർ ഫിലിമിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. മറ്റൊരു സ്‌കെയിലിലും സ്വഭാവത്തിലുമുള്ള ചിത്രമാകയാല്‍, ഈ വലിയ സിനിമപുറത്ത് വരാതെ അത് പുറത്തിറക്കരുതെന്ന മാമാങ്കം നിർമ്മാതാവിന്റെ നിർബന്ധത്തിന് വഴങ്ങി അതിന്റെ പൂർത്തീുകരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. എന്നെക്കുറിച്ച് ഒന്നും തിരക്കാതെയും അറിയാതെയും ഇത്രയും കുശാഗ്രബുദ്ധിയും നിർബന്ധങ്ങളുമുള്ള ഒരുനിർമ്മാതാവ് വലിയ ഒരു സിനിമയുടെ സംവിധായകനായി എന്നെ അംഗീകരിക്കുമോ?
എന്നിലെസംവിധായകന്റെ കഴിവ് പല തരത്തില്‍ പല പ്രാവശ്യം കണ്ടും അറിഞ്ഞുംപൂർണ്ണമായും ബോധ്യപ്പെട്ട ശേഷം മാത്രമാണ് മാമാങ്കത്തിന്റെ സംവിധായകനായി എന്നെ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നത് എന്നതാണ് വാസ്തവം. ഇപ്പോൾ അതെല്ലാം മാറ്റി പറയുന്നു എന്നേയുള്ളൂ. വേണു കുന്നപ്പള്ളിയുടെ ഇപ്പോഴത്തെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ഒന്നുചിന്തിച്ചാല്‍ മനസ്സിലാകും. കൃത്യമായ വിലയിരുത്തലിലൂടെ നിരവധി നവാഗതരുടെ പ്രതിഭ തിരിച്ചറിഞ്ഞ്, അവരെ സംവിധായകരായി കൈപിടിച്ചുയർത്തി മലയാളത്തിനു സമ്മാനിച്ച ഇന്ത്യയിലെ ഏറ്റവും ആദരണീയനായ അഭിനേതാവ് അങ്ങനെയെങ്കില്‍ എന്നെ സംവിധായകനായി നിശ്ചയിച്ച് മാമങ്കത്തിനു ഡേറ്റ് തരുമോ?. മാമാങ്കം സിനിമ വേണുകുന്നപ്പള്ളിക്കു നിർമ്മിക്കാനല്ല, എനിക്കു സംവിധാനം ചെയ്യാനാണ് അദ്ദേഹം ആദ്യം സമ്മതിച്ചത് എന്നോർക്കണം. അതിന് എത്രയോ കാലത്തിനു ശേഷമാണ് വേണു ഈ പ്രോജക്ടിലേക്കു വരുന്നത്.
സജീവിന് മാമാങ്കവുമായുള്ള ബന്ധം അവസാനിച്ചോ?
ഏതാണ്ട് രണ്ട് പതിറ്റാണ്ടായി ഞാന്‍ പ്രയത്നിച്ചുണ്ടാക്കി, സഫലീകരണത്തിലേക്കും പൂർത്തീകരണത്തിലേക്കും പോകുന്ന സ്വപ്നപദ്ധതിയാണ് മാമാങ്കം. അതില്‍ ലാഭം ഉറപ്പുവരുത്തി പണം മുടക്കാന്‍ വന്നു ചേർന്ന ഒരാള്‍ പണാധികാരവും സ്വാധീനവും കൊണ്ട് പെട്ടെന്ന് തീരുമാനിച്ചാല്‍ നിയമപരമായോ യുക്തിപരമായോ ധാർമ്മികമായോ അവസാനിക്കുന്നതാണോ ഈ സിനിമയുമായുള്ള എന്റെ ബന്ധം? ഏകപക്ഷീയമായി അദ്ദേഹം ചമച്ച് നിർബിന്ധിത സാഹചര്യത്തില്‍ എനിക്ക് ഒപ്പിടേണ്ടി വന്ന കരാർ പ്രകാരം പോലും എന്റെ ബന്ധം അവസാനിച്ചു എന്ന്പറയുന്നത് അങ്ങേയറ്റം വാസ്തവവിരുദ്ധവും നിയമ ലംഘനവും ആണ്. സാമ്പത്തികമായും നിയമപരമായും എന്നെ വഞ്ചിക്കാനുള്ള നീക്കത്തിന്റെ ഭാഗവും ആണ്.
എന്താണ് ഭിന്നതയ്ക്കുള്ള കാരണങ്ങൾ?
എല്ലാവരും ചോദിക്കുന്നുണ്ട് എന്താണ് ഭിന്നതയ്ക്കുള്ള കാരണമെന്ന്. അതിനുള്ള കാരണങ്ങള്‍ വ്യക്തമായി തന്നെ പറയാം. എന്റെ താല്‍പര്യം സിനിമ മാത്രമാണ്. സിനിമ വിജയിക്കണം, സിനിമ ജനത്തിന്റെ അംഗീകാരം നേടി നിർമ്മാതാവിന് മുടക്കുമുതലിനപ്പുറം ലാഭം കിട്ടണം, സിനിമ കലാപരമായി മികച്ചതെന്നു പറയണം- ഇതൊക്കെയാണ് എന്റെ ലക്ഷ്യത്തിലുള്ളത്. എന്നാല്‍ നിർമ്മാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ്. അദ്ദേഹത്തിന് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്നുതോന്നുന്ന സന്ദർഭങ്ങളുണ്ടായി. സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് അദ്ദേഹം പറയുന്നതുവരെ കാർയങ്ങളെ എത്തിച്ചത്.
സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിങ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത്. ഒന്നുകിൽ വലിയ സ്റ്റുഡിയോയില്‍, അല്ലെങ്കിൽ, സമാനമായ ആർക്കിടെക്റ്റും ലാൻഡ്സ്കേപ്പും ഉള്ള മംഗലാപുരം മേഖലയില്‍. അതുമല്ലെങ്കിൽ മാമാങ്കവുമായി ചരിത്രപരമായി ബന്ധമുള്ള തിരുനാവായ മേഖലയില്‍ സെറ്റിട്ടു കൊണ്ട് – ഇതൊക്കെയായിരുന്നു എന്റെ നിർദ്ദേശങ്ങള്‍. എന്നാല്‍, നിർമ്മാതാവിന് ഷൂട്ടിങ് എറണാകുളത്തു് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് സെറ്റില്‍ മതി എന്നായി. അങ്ങനെ സെറ്റൊരുക്കുന്നത് ചെലവ് കൂടുന്നതിനിടയാക്കും എന്ന് ഞാന്‍ മുന്നറിയിപ്പ് നല്കിയയെങ്കിലും സ്വന്തംനിലയ്ക്ക് അദ്ദേഹം പദ്ധതിയുമായി മുന്നോട്ടു പോയി.
സെറ്റ് നിർമിക്കാന്‍ വേണ്ടി തണ്ണീർത്തോടം മണ്ണിട്ടു നികത്തിയപ്പോഴാണ് പാരിസ്ഥിതികവും നിയമപരവുമായ ചില അപകടങ്ങള്‍ എനിക്ക് ശ്രദ്ധിക്കേണ്ടിവന്നത്. അതു ചോദിച്ചപ്പോള്‍ ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ട്എന്നായിരുന്നു മറുപടി. ഷൂട്ടിങ് കഴിഞ്ഞാല്‍ സ്ഥലം വീണ്ടും തണ്ണീർത്തുടമാകും എന്ന ഉറപ്പും പറഞ്ഞു. കേരളത്തില്‍ നികത്തിയെടുത്തവയലുകളോ തണ്ണീർത്തടങ്ങളോ പിന്നെ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചുവന്നിട്ടില്ല എന്ന ആശങ്ക ഞാന്‍ പങ്കുവച്ചു. അപ്പോഴാണ്, ഇതുസംവിധായകനുമായി ബന്ധപ്പെട്ട വിഷയമല്ല എന്നു പറഞ്ഞ നിർമ്മാതാവ്, ആദ്യമായി, സംവിധായകനെ മാറ്റാനുള്ള തന്റെ അധികാരത്തെപ്പറ്റി എന്നെ ഓർമ്മി പ്പിക്കുന്നത്. ഭീഷണി അവിടെയാണ് തുടങ്ങുന്നത്. എറണാകുളത്തെ ചില ഉന്നത നേതാക്കള്‍ അദ്ദേഹവുമായി അടുപ്പമുള്ളവരാണ്. അഖിലേന്ത്യാ തലത്തില്‍ തന്നെ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്.
സിനിമാ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് തിരക്കഥയെ വലിയ രീതിയിൽ പുകകഴ്ത്തിയ നിർമ്മാതാവ് ഒരു ഘട്ടമായപ്പോള്‍ അതില്‍ ചില തിരുത്തലുകള്വേ്ണമെന്ന് വാശി പിടിക്കാന്‍ തുടങ്ങിയിടത്താണ് തർക്കം അടുത്തഘട്ടത്തിലേക്കു കടന്നത്. താൻ ഒരു കഥാകൃത്താണെന്നും തിരക്കഥ തന്റെ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റി എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്ക് സമ്മതിക്കാനാകാത്ത വിധമുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശങ്ങള്‍. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങള്‍ തിരക്കഥയിൽ ഉൾപ്പെടുത്തിയാൽ അത് പുനരുത്ഥാനപരവും സാമൂഹ്യ വിരുദ്ധവുമായ ഒരു സന്ദേശം നല്‍കുന്ന സിനിമയാകും. ഞാനെഴുതിയതും അവർ അംഗീകരിച്ചതുമായ തിരക്കഥയക്ക് നേരെ വിപരീതമായ ഒരു ചിത്രമായി അതു മാറും. ഒരു കലാകാരനും അംഗീകരിക്കാനാവാത്ത ഈ പിടിവാശിയുടെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ചില സന്ദർഭവങ്ങളില്‍ സംസാരമുണ്ടായിട്ടുണ്ട്. അത്അ ദ്ദേഹത്തിന് എന്നോടുള്ള പകയാവുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.
സംവിധായകനറിയാതെ തിരക്കഥ തിരുത്തിയോ?
ഒന്നാം ഷെഡ്യൂളിന് ശേഷമാണ് സ്‌ക്രിപ്റ്റ് വില്ലനായി വരുന്നത്. ക്ലൈമാക്‌സ് മാറ്റണമെന്നും വലിയ സ്‌കെയിലിലുള്ള പല സീനുകള്‍ മാറ്റണമെന്നതും ആയിരുന്നു നിർമ്മാതാവിന്റെ നിർബന്ധം. ഇത്രയേറെ പ്രശംസിക്കപ്പെട്ട സ്‌ക്രിപ്റ്റില്‍ തോന്നുമ്പോലെ കൈ കടത്താന്‍ പറ്റില്ലെന്ന നിലപാടില്‍ ഞാനും ഉറച്ച് നിന്നു. നിർമ്മാതാവ് പറഞ്ഞ പ്രകാരമുള്ള സീനുകൾ ഉൾപ്പെടുത്തിയാല്‍ സർവ്വസാധാരണമായ നിരന്തരം കണ്ടുമടുത്ത യുക്തിക്ക് നിരക്കാത്ത ഒരു സിനിമയായി മാറും. കൂടാതെ ഹൈന്ദവവത്കരണം എന്ന ആക്ഷേപവും കേൾക്കുമെന്നും അത് ദോഷമാവുമെന്നും ഞാന്‍ പറഞ്ഞു. താൻ പറയുന്നത് പോലെതന്നെ എല്ലാം വേണം എന്നായിരുന്നു നിർമ്മാതാവിന്റെ നിലപാട്. നല്ല സിനിമ എന്നതിൽ നിന്നും തെലുങ്കു സിനിമ എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി.
വിശ്വചരിത്രത്തിന്റെ സംഭവ ബഹുലമായ പശ്ചാത്തലത്തിൽ നമ്മുടെ സ്വന്തം നാടിന്റെ സവിശേഷമായ കഥയാണ് എന്റെ മനസ്സിൽ ഈ സിനിമ. അതും പാശ്ചാത്യ വ്യാപാരകമ്പനികൾ കൊളോണിയൽ ശക്തികളായി ലോകം കൈക്കലാക്കാൻ തുടങ്ങുന്ന സമയത്തെ ഒരുവലിയ കഥ. ലോകം തന്നെ ഒരു സംക്രമ ദിശയിലായ കാലം. അല്ലാതെ കേവലമൊരു ഹൈന്ദവരാജ ചരിത്രം അല്ല.
അതുകൊണ്ട് തന്നെ കഥാഗതിയിലും കഥാപാത്രങ്ങളിലും വരുത്താന്‍ നിർദ്ദേശിച്ച മാറ്റം ഞാൻ നിരാകരിച്ചു. എന്നാല്‍ ദൈർഘ്യം വളരെയേറെ കുറയ്ക്കുകയും മൂന്നേകാല്‍ മണിക്കൂർ എന്ന സങ്കൽപത്തിൽ നിന്ന് രണ്ടര മണിക്കൂറായി ഞാൻ തന്നെ ചുരുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് , പ്രമുഖ താരത്തിന്റെ മുന്നില്‍ വച്ച് ഉണ്ടായവാക്കുതർക്കം നിർമ്മാതാവിനെ വല്ലാതെ ക്ഷുഭിതനാക്കി. അന്ന് മുതൽ അദ്ദേഹം പ്രതികാര ബുദ്ധിയോടെ ആണ് പെരുമാറിയത്. കുട്ടനാടൻ ബ്ലോഗ് എന്നസിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത് സംഭവിച്ചത്. അപ്പോഴാണ് പ്രൊജക്ട് അദ്ദേഹത്തിന്റെതും എന്റേതല്ല എന്നും നോക്കിക്കോളൂ എന്നും പറയുന്നത്. അത് ഈ നിലയിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.
30 കോടി മൂല്യമുള്ള സിനിമയുടെ തിരക്കഥയ്ക്ക് 3 ലക്ഷം!
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നും ഏറ്റവും മികച്ചതിലൊന്നെന്നും മമ്മൂട്ടി വിശേഷിപ്പിച്ച തിരക്കഥ കേവലം 3 ലക്ഷം രൂപക്കാണ് നിർ മ്മാതാവ് കൈവശപ്പെടുത്തി എന്ന് അവകാശപ്പെടുന്നത്. തിരക്കഥക്ക് മാത്രമായി 12 വർഷമത്തെ അദ്ധ്വാനം എന്നുള്ളത് ഒഴിവാക്കിയാല്‍ തന്നെയും ഇതിനായി വേണ്ടിവന്ന യാത്രകൾക്കും മറ്റ് ചെലവുകള്‍ക്കും തന്നെ ഇതിന്റെ എത്രയോ ഇരട്ടി ആയിട്ടുണ്ടാകും. ഇത് ഒരു പ്രൊജക്ട് ആയി രൂപപ്പെടുത്താനുള്ളസമയവും (6 വർഷത്തെ) പ്രയത്‌നവും ചെലവുകളും വേറെയും. അങ്ങനെ പൂർണ്ണമായി രൂപം കൊണ്ട ഒരു പ്രൊജക്ട് എന്തിന് 3 ലക്ഷം രൂപക്ക് കൊടുക്കണം? ഞാന്‍ തന്നെസംവിധാനം ചെയ്യുമെന്നും സംവിധാനത്തിനായി 20 ലക്ഷം രൂപയും അതിന്റെ പൂർത്തീകരണത്തിന് ശേഷം ലാഭവിഹിതം ഉൾപ്പെടെ പങ്കിടാമെന്നും സംശയമില്ലാത്ത ഉറപ്പിന്‍മേൽ മാത്രമാണ് 3 ലക്ഷം രൂപ സമ്മതിക്കുന്നത്. പ്രൊജക്ടിന്റെ വലിപ്പവും അതിനായുള്ള എന്റെ വർഷങ്ങള്‍ നീണ്ട കഠിനാധ്വാനവും കണക്കിലെടുക്കുമ്പോള്‍ വഴക്കമനുസ്സരിച്ച് പോലും 20 ലക്ഷവും 3 ലക്ഷവും തുച്ഛമായ തുകയാണ്. അല്ലാതെ, 3 ലക്ഷം രൂപ സമ്മതിച്ചതോടുകൂടി സ്‌ക്രിപ്റ്റും പ്രോജക്ടും തന്റേതായി എന്ന് നിർമ്മാതാവ് വാദിക്കുന്നത് ഏത് യുക്തിയിലാണ്?
കരാറല്ല, കുരുക്കാണെന്ന് അറിഞ്ഞിട്ടും ഒപ്പിട്ടതെന്തിന്?
1999ല്‍ ആണ് ഈ സിനിമയുടെ അടിസ്ഥാനമായ മധ്യകാല കേരളത്തിലെ ഇമേജുകളിലേക്കും അതുമായ ബന്ധപ്പെട്ട ആശയ രൂപീകരണത്തിലേക്കും കടക്കുന്നത്. നിരവധി യാത്രകളും അലച്ചിലുകളും ഗവേഷണവുമായി ചെലവഴിച്ച കാലം ഒട്ടും ചെറുതല്ല. 2010ല്‍ ആദ്യ ഡ്രാഫ്റ്റ് രജിസ്റ്റർ ചെയ്തു. ശേഷവും വലിയൊരു ആഖ്യായിക എന്ന നിലയില്‍ അതില്‍ പ്രവർത്തി്ച്ചു കൊണ്ടേയിരുന്നു. 2011ഓടെ മമ്മൂക്ക സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ഭാരിച്ച മുതൽ മുടക്കുള്ള ചിത്രത്തിന് മൂലധനം കണ്ടെത്തുക എളുപ്പമായിരുന്നില്ല. 2015 ആയപ്പോഴേക്കും കുറേക്കൂടി നിക്ഷേപ സാധ്യതകളായി. പല അന്വേഷണങ്ങളും നടക്കുന്നതിനിടയില്‍, 2017ഓടു കൂടി വേണു കുന്നപ്പള്ളി ഈ പ്രോജക്ടിലേക്കെത്തി. വലിയ ചിത്രങ്ങൾക്കായി മലയാള സിനിമ ഒരുങ്ങുന്ന കാലം കൂടി ആയിരുന്നു അത്.
അദ്ദേഹം തന്നെ ആദ്യം പ്രഖ്യാപിച്ച വലിയ ചിത്രമായ കർണ്ണന്‍ സംവിധായകനുമായുണ്ടായ അഭിപ്രായഭിന്നത മൂലം പ്രതിസന്ധിയിലായ ഘട്ടമായിരുന്നു അത്. നിർമ്മാ താവിന്റെ കരാർതന്ത്രം പാളിയതാണെന്ന് പിന്നീട് പറഞ്ഞുകേട്ടു. വലിയ മുതല്‍ മുടക്കിനായി കഥകള്‍ കേട്ട അദ്ദേഹം കേട്ടതില്‍ എറ്റവും പെർഫെതക്ട് ആയ സ്‌ക്രിപ്റ്റ് എന്നു പരസ്യമായി അറിയിച്ച് പണം മുടക്കാൻ തിരഞ്ഞെടുത്തത് മാമാങ്കം എന്ന പ്രോജക്ട് ആയിരുന്നു. ഈ തിരക്കഥയെ അദ്ദേഹം വാനോളം പുകഴ്ത്തുന്ന വാർത്തകള്‍ ലഭ്യമാണ്. ഈ ചിത്രത്തിന്റെതിരക്കഥയെക്കുറിച്ച് മമ്മൂക്ക തന്നെ outstanding എന്ന് അഭിപ്രായപ്പെട്ടതും ഈ സമയത്താണ്.
സർവ്വ സാധാരണമായ ഒന്നാണെന്നും നിർമ്മാണ കമ്പനി എന്ന നിലയില്‍ വെറും ഫോർമാലിറ്റിക്ക് വേണ്ടിയാണെന്നും എന്നെ വിശ്വസിപ്പിച്ചാണ് ഒരു കരാറിൽ തിരക്ക് പിടിപ്പിച്ച് ആ സമയത്ത് ഒപ്പിടുവിക്കുന്നത്. ഒരു വശത്ത് സ്നേഹപ്രകടനവും മറുവശത്ത് ഒപ്പിടാതെ പണം മുടക്കില്ല എന്ന സമ്മർദ്ദവും കൊണ്ട് വല്ലാത്ത മാനസികാവസ്ഥയുടെ മുൾമുനയിൽ നിർത്തിയാണ് അദ്ദേഹം അതു സാധ്യമാക്കിയത്. കരാറിനെക്കുറിച്ചുള്ള ചെറിയ ചോദ്യം പോലും നിർമ്മാതാവിനെ അസ്വസ്ഥനാക്കി. കരാർ വെറും ഫോർമാലിറ്റി എന്നു പറഞ്ഞിട്ടും സംശയങ്ങള്‍ ഉന്നയിക്കുന്നത് അവിശ്വാസം കൊണ്ടാണെന്നാണ് അദ്ദേഹം സ്വരം മാറ്റി സംസാരിക്കുകയും ചെയ്തു. ആ തിടുക്കത്തില്‍ നിയമപരിജ്ഞാനമുള്ള ഒരാളുമായി ചർച്ച ചെയ്യാന്ലൻ പോലും പറ്റുന്ന സാഹചര്യമായിരുന്നില്ല. എന്നാല്‍, അപ്പെക്‌സ് ബോഡിയായ ഫിലിംചേംബർ ഈ കരാറിനെ അംഗീകരിച്ചില്ല എന്നതാണ് വാസ്തവം. അത്രയധികം ഏകപക്ഷീയമാണ് ഈ കരാർ. ചേംബറിന് വേണ്ടി മറ്റൊരു കരാറാണ് വച്ചത്. അതില്‍ സിനിമയുടെ രചനയിലും സംവിധാനത്തിലുമുള്ള എന്റെ അവകാശം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. സാധാരണയായി ഫെഫ്കയും മറ്റ് സംഘടനകളും അംഗീകരിക്കുന്നതു് ഫിലിം ചേംബറിലെ വ്യവസ്ഥകള്‍ മാത്രമാണ്. (ആദ്യഘട്ടത്തില്‍ ആ നിലപാട് തന്നെയാണ് ഫെഫ്ക നിന്നതും.) ഇതിലെ പല വ്യവസ്ഥകളും അവിശ്വസനീയമാണ്. രണ്ടാം ഷെഡ്യൂളിന് ശേഷം പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായതിന് ശേഷമാണ്, ഫെഫ്കയുടെ കൂടി നിർദ്ദേടശപ്രകാരം ഒരു വക്കീലിനെകാണുന്നത്. അപ്പോഴാണ് ഈ കരാറിന്റെ ചതിക്കുഴികളെ കുറിച്ച് ബോധവാനാകുന്നത്.
മാമാങ്കത്തിന്റെ യഥാർത്ഥ ബജറ്റെത്ര?
പുറത്ത് സിനിമ ആവശ്യപ്പെടുന്ന ബജറ്റ് എന്ന് പറയുകയും ചേംബറിൽ കൊടുത്ത സാക്ഷ്യപത്രത്തില്‍ 29 കോടിയില്‍ പരം എന്ന് കാണിക്കുകയും ഞാനുമായുള്ള കരാറില്‍ 18 കോടി എന്ന് വയ്ക്കുകയും ചെയ്തു. മാധ്യമങ്ങളോട് 45, 40, 35 എന്നിങ്ങനെ പലപ്പോഴായി പല കണക്കുകള്‍ പറഞ്ഞു. നിർമ്മാതാവ് ഇപ്പോള്‍ അവകാശപ്പെടുന്നത് ബജറ്റിന്റെ 70 ശതമാനം ഇതിനകം കഴിഞ്ഞു എന്നതാണ്. അത് 13 കോടിയാണെന്നും പറയുന്നു.
അങ്ങനെയെങ്കില്‍ ഈ പടത്തിന്റെ യതാർത്ഥ ബജറ്റെത്രയാണ്?
എല്ലാ ചർച്ചകളും കണക്കുക്കൂട്ടലുകളും 30 കോടി (മാർജികനില്ലാതെ) എന്ന രീതിയിലാണ് പോയിട്ടുള്ളത്. അതാണ് എന്നെ ബോധ്യപ്പെടുത്തിയിട്ടുള്ളതും. ഇപ്പോള്‍ 35 ശതമാനം പൂർത്തിനയായ ഈപദ്ധതിയില്‍ 10 കോടിയിലേറെ സിനിമക്കായി ചെലവഴിച്ചിട്ടുണ്ടാകാം. അതെങ്ങനെയാണ് ബജറ്റിന് മുകളിലേക്ക് പോകുന്നത്?
ഒന്നാം ഷെഡ്യൂളിന്റെ ചെലവ് മൂന്നിരട്ടിയിലധികമായോ?
സൂക്ഷ്മമായ മുന്നൊരുക്കത്തോടെയാണ് അദ്യ ഷെഡ്യൂളിലേക്ക് പോകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഉൾപ്പെടുന്ന സിനമകളിൽ പ്രവർത്തിച്ചിട്ടുള്ള ടെക്നീഷ്യൻമാരായിരുന്നു കൂടെയുള്ളത്. മലയാള സിനിമയിലെ പരിചയ സമ്പന്നരായ സംവിധാന സഹായികളുടെ ഒരു നിര ഒപ്പംഉണ്ടായിരുന്നു. 15 ദിവസങ്ങള്‍ വേണ്ടിയിരുന്ന ആദ്യ ഷെഡ്യൂള്‍ നിർമ്മാതാവിന്റെ നിർബീന്ധപ്രകാരം 9 ദിവസങ്ങളായി വെട്ടിക്കുറച്ചപ്പോൾ ടീമിനാകെ രാപകല്‍ അമിതാദ്ധ്വാനം ചെയ്യേണ്ടി വന്നു. ആ 9 ദിവസത്തില്‍ 3 ആക്ഷന്‍ രംഗങ്ങളും സുദീർഘമമായ രാത്രി സ്വീക്വന്‍സുകളും ഉൾപ്പെട്ടിരുന്നു. സാധാരണഗതിയില്‍ 3 ഫൈറ്റുകള്ക്ക് എത്ര ദിവസം വേണ്ടി വരും?
പറഞ്ഞദിവസത്തിനുള്ളില്‍ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടും എന്തുകൊണ്ടാണ് ബഡ്ജറ്റ് ഉയർന്നത്? സാധാരണ സിനിമയിലെ പ്രൊഡക്ഷന്‍ സംവിധാനത്തിനുപരിയായി പ്രവർത്തി്ച്ച നിർമ്മാതാവിന്റെ പ്രായോഗിക പരിചയമില്ലാത്ത ടീമിന്റെ കൈകടത്തലുകളും അനുഭവക്കുറവും ആയിരുന്നു ബജറ്റ് ഉയർത്തിയത്.
ഇത്രയും വലിയഒരു പ്രൊജക്ടിന് അവശ്യമായ പ്രൊഡക്ഷന്‍ പ്ലാനിങ്ങും മുൻകരുതലുകളും എടുക്കേണ്ടതായിരുന്നില്ലേ?
ഷൂട്ടിന്റെ തലേ ദിവസമാണ് നിർമ്മാതാവിന്റെ തന്നെസ്വന്തം പ്രൊഡക്ഷൻ എക്സ്പർട്ടിനേയും ടീമിനേയും മാറ്റുന്നത്. നിർമ്മാണത്തിൽ ഏകോപനവും അച്ചടക്കവും ഇല്ലാതെ, സംവിധായകന്റെ തലയില്‍ ഉത്തരവാദിത്വം വച്ച്കെട്ടുന്നതില്‍ എന്താണ് അർത്ഥം? 3 കോടിയുടെ മൂന്നിലൊന്ന് എന്ന് പറഞ്ഞാല്‍ 1 കോടിയല്ലേ? ഈ 1 കോടിയിലാണോ കെച്ചയുടേയും ടീമിന്റേയും കളരിക്കാരുടേയുംഫൈറ്റ് മാസ്റ്റേഴ്‌സിന്റെയും ഒപ്പം സെറ്റിന്റേയും ഒക്കെ ചെലവുകൾ കൂട്ടിയിരുന്നത്? സെറ്റിന്റെ തന്നെ ബജറ്റ് എത്രയായിരുന്നു? കൂടാതെ 9 ദിവസത്തെ ഷൂട്ടിംഗ് കോസ്റ്റും 4 ദിവസത്തെ റിഹേഴ്‌സലിന്റെ ചിലവുകളും?
നിർമ്മാ താവിന്റെ ആജ്ഞാനുവർത്തിനയായി നില്ക്കാത്തതിനാലാണ് ആദ്യഷെഡ്യൂളിലെ അസോസിയേറ്റ് ഡയറക്ടർമാരുൾപ്പെടെ എന്റെ ടീമിലെ 8 പേരെ ഒഴിവാക്കിയത്. പകരം നിർമ്മാതാവിനോട് മാത്രം ആശയവിനിമയം നടത്താന്‍ ചട്ടംകെട്ടിയ 2 അസോസിയേറ്റുകള്‍ കേരളത്തിന് പുറത്ത് നിന്ന് എത്തുകയായിരുന്നു. (മലയാള സിനിമയിലെ തന്നെ അസാധാരണ നടപടിക്കെതിരെ, പരാതിയുമായി പോയ അവരെ ഫെഫ്കനേതൃത്വം സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി എന്നാണ് എന്റെ അറിവ്.)
കമ്പനിക്ക് ഭീമമായ നഷ്ടമോ?
ഓരോ ഷെഡ്യൂളിനും ഓരോ സ്വഭാവവും സ്‌കെയിലുമാണ്. ഒന്നാം ഘട്ടത്തിലേതിൽ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ പ്രതിദിന ചെലവുകള്‍ വളരെകുറവായിരുന്നു. എന്നാല്‍ മൊത്തത്തില്‍ ബജറ്റ് വളരെ ഉയരുകയും ചെയ്തു. കാരണം കലാസംവിധാനത്തിന് വേണ്ടി വന്ന ഭീമമായ തുകയാണ്. അതിന് ഞാന്‍ ഒരുവിധേനയുംഉത്തരവാദി അല്ല. ഒട്ടും അനുയോജ്യമല്ലായെന്ന് ആവർത്തി്ച്ച് പറഞ്ഞ, വെള്ളക്കെട്ടും തണ്ണീർത്തടവും നിറഞ്ഞ സ്ഥലത്ത് സെറ്റിട്ടേ മതിയാവൂ എന്ന്നിർമ്മാതാവ് വാശി പിടിച്ചു. ചെറുത്ത് നിന്നെങ്കിലും നിവൃത്തിയില്ലാതെ എനിക്ക് വഴങ്ങേണ്ടി വന്നു. അതാണ് ചെലവ് കൂടാനുള്ള കാരണം. മണ്ണിട്ട് മൂടിതറയൊരുക്കാന്‍ തന്നെ കൂറ്റന്‍ തുക ആയിട്ടുണ്ട്. ഇതു സിനിമയ്ക്കുള്ള നിക്ഷേപമായി കൂട്ടണമോ എന്നും ചോദ്യമുണ്ട്. നിർമ്മാതാവിന്റെ സിനിമാബാഹ്യമായ ബിസിനസ് താൽപര്യങ്ങളുടെ ചെലവുകളും സിനിമയുടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ല.
നിർമ്മാതാവിന്റെ ടീമുമായുള്ള ഈഗോ പ്രശ്‌നത്തിന്റെ മാത്രം കാരണം കൊണ്ടാണ് ധ്രുവന്‍ എന്ന നടനെമാറ്റിയത്. അസാധാരാണമായ സമർപ്പുണവും വൈഭവവും കണ്ട് അയാളെ എല്ലാവരുംഅഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു. നിർമ്മാണ കമ്പനിയുടെ രേഖാമൂലമുള്ള അനുമതിയോടെ ആണ് ധ്രുവന്‍ മറ്റൊരു ചിത്രത്തിലേക്ക് പോയത്. നിർമ്മാണച്ചുമതലയില്‍ ഉള്ള ചിലരുടെ ആജ്ഞാനുവർത്തിയായില്ലെങ്കിൽ കരിയർ തന്നെ നശിപ്പിക്കുമെന്ന് ഭീഷണി ഉണ്ടായെങ്കിലും അത് അയാളെ മാറ്റുന്ന രൂക്ഷതയിലേക്ക് വരുമെന്ന് കരുതിയില്ല. അയാളെ മാറ്റുക വഴി, ആകെ ഷൂട്ട്ചെയ്തതിന്റെ 70 ശതമാനമെങ്കിലും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വരും. ഈ രണ്ട് കാര്യങ്ങൾക്കും സംവിധായകന്‍ എങ്ങനെയാണ് ഉത്തരവാദിയാകുന്നത്?
ഷൂട്ട് ചെയ്തത് 4 സിനിമയ്ക്കുള്ള ഫുട്ടേജോ?
10 ദിവസം കൊണ്ട് നാല് സിനിമക്കുള്ള, അതും ചരിത്രസിനിമക്കുള്ള ഫുട്ടേജ് ഉണ്ടാക്കുക എന്നത് അമാനുഷമായ കഴിവ് ഉള്ളവർക്കേ പറ്റൂ. (സോഴ്‌സ് ലൈറ്റിങ്ആണ്. ഒരു ഷോട്ടിൽ കഴിഞ്ഞ് മറ്റൊന്നിലേക്ക് ലൈറ്റ് അപ് ചെയ്യാന്‍ തന്നെനല്ല സമയമെടുക്കും.) എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. ആദ്യഷെഡ്യൂളിന്റെ അസംബ്ലഡ് ഫുട്ടേജ് 30 മിനിട്ടോളം ആണുള്ളത്. റഫ് കട്ടിങ്ങിൽ അത് 18 മിനിട്ടാണ്. അതെങ്ങനെയാണ് 4 സിനിമയ്ക്കുള്ള ഫുട്ടേജാകുന്നത്? നിശ്ചിത സമയത്തിനുള്ളില്‍ ഒന്നാംതരം സാങ്കേതിക വിദഗ്ദരെ ഉപയോഗിച്ച് കൂടുതല്‍ ഫൂട്ടേജ് ഉണ്ടാക്കുന്നത് എങ്ങനെയാണ് പരാജയം ആകുന്നത്? അല്ലെങ്കില്‍ പോരായ്മയാകുന്നത്?
ഉപയോഗിക്കാന്‍ ആവാത്തവിധം മോശമാണ് ഫുട്ടേജ് എന്ന് എഡിറ്റർ പറഞ്ഞോ?
അങ്ങനെ പറഞ്ഞില്ലായെന്ന് മാത്രവുമല്ല, സംവിധായകനെ വരുതിക്ക് നിറുത്താന്‍ ശ്രീകർ പ്രസാദ് സാറിന്റെ പേർ ഉപയോഗിച്ചുവെന്നത് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ക്ഷമാപണത്തോടെ സമ്മതിച്ചുവെന്ന് എനിക്ക് അറിവുള്ളതാണ്. എന്ന് മാത്രവുമല്ല, ഈ ഡയറക്ടറെ മാറ്റുകയാണെങ്കില്‍ ഈ പ്രൊജക്ടില്‍ ഉണ്ടാവില്ലായെന്ന് അദ്ദേഹം തന്നെ പ്രൊഡക്ഷനെയും സഹപ്രവർത്തപകരെയും പല പ്രാവശ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നല്ല സിനിമ എന്ന നിലയില്‍ തുടങ്ങി തെലുങ്ക് സിനിമയുടെ ശൈലി എന്നൊക്കെ പറഞ്ഞതും അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി.
ആരാണ് എങ്ങനെയാണ് ഫുട്ടേജ് വിലയിരുത്തുന്നത്?
ഒരു നോൺലീനിയർ ആയ ഹിസ്റ്റോറിക്കല്‍ ത്രില്ലറിന്റെ ചിലഭാഗങ്ങളാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. അതും വളരെ VFX oriented ആണ്. നിങ്ങൾ ഏതെങ്കിലും സിനിമയുടെ മേക്കിങ്ങ് വീഡിയോ കാണുകയാണെങ്കില്‍, അറിയാം ബ്ലൂസ്‌ക്രീനില്‍ ഷൂട്ട് ചെയ്ത സിനിമയും അതിന്റെ ഫൈനല്‍ വേർഷയനും അജഗജാന്തരമാണ്. സംവിധായകന്റെ അറിവോ സമ്മതമോ ഇല്ലാതെ, അതിന്റെ അവസാന രൂപത്തെകുറിച്ച്, ഘടനയെ കുറിച്ച് വിവരിക്കാതെ ആരെയെങ്കിലുമൊക്കെ വിളിച്ച്കാണിച്ച് അയ്യേ എത്ര മോശം എന്ന് പറയിപ്പിക്കുന്നത് ദുഷ്‌കരമാകണമെന്നില്ല. ആദ്യ ഷെഡ്യൂളാകട്ടേ ഓരോ ഫ്രയിമും പലതരം, പ്രത്യേകിച്ചും സെറ്റ് എക്സ്റ്റന്ഷ്ന്‍ പോലെയുള്ള, VFX ഒരുപാടുള്ളതാണ്. ഞാന്‍ ഒറ്റയ്ക്കല്ല ഷൂട്ട്ചെയ്യുന്നത്. ക്യാമറാമാനും അഭിനേതാക്കളും ഒക്കെ ഉണ്ട്. കൂടാതെ മുഴുവൻ സമയ VFX സൂപ്പർവൈസറും ഉണ്ട്. കലാസംവിധായകനും കോസ്റ്റ്യൂം ഡിസൈനറുമുണ്ട്. തന്റെ ജീവിതത്തിലെ നാഴികകല്ലാകുന്ന ഏറ്റവും പ്രധാന വർക്കെന്നാണ് ക്യാമറാമാന്‍ ആവർത്തിച്ചത്, ആവർത്തി ക്കുന്നത്. അത്‌പോലെ തന്നെ അഭിമാനത്തോടെയാണ് കലാസംവിധായകനും മറ്റ് ടെക്‌നീഷ്യന്മാ്രും പറഞ്ഞത്.
നിർമ്മാതാവിന്റെ നിർദ്ദേശത്തോടെ കൂടിയാലോചനയിലൂടെ ആണ് എല്ലാവരെയും ഉറപ്പിച്ചത്. വമ്പന്‍ കച്ചവട സിനിമകള്‍ ചെയ്തിട്ടുള്ളവരാണ് എല്ലാവരും. അപ്പോള്‍ ഇത്രയും പേർ ഒരുമിച്ച് നിന്ന് ആവേശത്തോടെ അങ്ങേയറ്റം കൊള്ളാത്ത ഫുട്ടേജ് ഉണ്ടാക്കി എന്നത് യുക്തിക്ക് നിരക്കുന്നതാണോ?
ഈഫൂട്ടേജ് അതിന്റെ സമസ്ത ഘടകങ്ങളിലും പരാജയമോണോ? . അതോ ഏതെങ്കിലും ഒരു ഘടകംമാത്രമാണോ?. അത് തിരിച്ചറിഞ്ഞ് അത് ശരിയാക്കുകയല്ലേ വേണ്ടത്? മറിച്ച്ഞങ്ങള്‍ എല്ലാവരേയും മാറ്റിയിട്ടുമുണ്ട്. ധ്രുവനൊഴികെ ഒട്ടുമിക്ക അഭിനേതാക്കളേയും നില നിർത്തി യിട്ടുമുണ്ട്. അപ്പോൾ എവിടെയാണ് പ്രശ്‌നം?
ഇന്ത്യയിലെ ഏറ്റവും മികച്ച ചില ടെക്‌നീഷ്യന്മാിരെ ഞാനീഫൂട്ടേജ് കാണിച്ചിട്ടുണ്ട്. (ഒരാള്‍ ലോകപ്രശസ്തനുമാണ്.) ഫെഫ്കയുടെ നേതൃനിരയിലെ ചിലരും കണ്ടിട്ടുണ്ട്. എല്ലാവരും എന്നോട് വളരെ പ്രശംസനീയമായാണ് സംസാരിച്ചത്.
സംവിധായകന്‍ അഹങ്കാരിയോ?
ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ ഉള്ള സംവിധായന്റെ നിലപാടുകള്‍ ആണ് അഹങ്കാരമായി പറഞ്ഞു നടക്കുന്നത്. ക്രിയേറ്റീവ് ആയ വിയോജിപ്പുകൾ സ്വാഭാവികമാണ്. അത് സമഞ്ജണസമായി പരിഹരിച്ച് ആണ് സർഗ്ഗ പ്രക്രിയ മുന്നോട്ട് പോകുന്നത്. അതാണ് അമിതാദ്ധ്വാനമുണ്ടായിട്ടും പരാതികളില്ലാതെ കാസ്റ്റും ക്രൂവും ഒപ്പം നിന്ന് ഊഷ്മളതയോടെ മുന്നോട്ട് പോയത്. മമ്മൂക്കയുടെ ഇൻവോൾവ്മെന്റ് എടുത്ത് പറയേണ്ടതാണ്. പല ദിവസങ്ങളിലുംഅതിരാവിലെ മണിക്കൂറുകളോളം യാത്ര ചെയ്ത് 5 മണികഴിയുമ്പോഴേക്കും ലോക്കേഷനില്‍ വന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയതാണ്. അതുപോലെ രാത്രി ഏറെ വൈകി 3 വരെയും ഷൂട്ടിലും നിന്നിട്ടുണ്ട്.
ആക്ഷന്‍ രംഗങ്ങളില്‍ ഒറിജിനൽ ആയുധങ്ങള്‍ ഉപയോഗിച്ചും പരിക്ക് പറ്റിയിട്ടും വിശ്രമിക്കാന്‍ പോലും നില്ക്കാതെ അഭിനയം തുടർന്നിതും എല്ലാവരേയും ആവേശത്തിലാക്കിയിട്ടുണ്ട്. മമ്മൂക്കയുടെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് എന്ന് ഫൂട്ടേജ് കണ്ട പലരുംവിലയിരുത്തി. ഷെഡ്യൂളകള്‍ക്ക് ശേഷവും മമ്മൂക്ക തന്ന പിന്തുണയും വാക്കുകളും സന്ദേശങ്ങളും എനിക്ക് ശിഷ്ടകാലത്തേക്കും ഉള്ള ഊർജ്ജമാണ്.
രണ്ടാം ഷെഡ്യൂളിന് ശേഷം ഉണ്ടായ 72 മിനിട്ട് റഫ് കട്ടില്‍ നിന്ന് 60 മിനിറ്റെങ്കിലും ഉപയോഗിക്കണമെന്നും ബാക്കി വരുന്ന ഒന്നര മണിക്കൂർ സ്ക്രിപ്റ്റിൽ എന്തൊക്കെ വേണമെന്നതുമായി നിർമ്മാതാവിന്റെ തർക്കം. ക്ലൈമാക്‌സിലും കഥാഗതിയിലും മാറ്റങ്ങള്‍ ഞാന്‍ നിരാകരിച്ചു. ഇത് കേരളത്തിന്റെ മണ്ണില്‍ നില്ക്കുന്ന സിനിമയാണ്. എന്നാല്‍ ആന്ധ്രാ പ്രദേശിൽ നിന്ന് വന്ന എഴുത്തുകാരന്റെ നേതൃത്വത്തില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ തിരക്കഥ മാറ്റി മറിച്ചു.
കഥാഗതിയെ കുഴിച്ച് മൂടുന്നതും പാത്രബന്ധങ്ങളെ കൊന്നുതള്ളുന്നതും ഒക്കെ ഞാനറിഞ്ഞു. തിരക്കഥക്ക് ഒരു വലിയആഖ്യായിക അടിത്തറ ആയി കിടന്നതു കൊണ്ട് എനിക്ക് നീട്ടലും കുറുക്കലും ഒക്കെ അനായാസമായിരുന്നു. എന്നിട്ടും, ചർച്ചകളിലേക്ക് പോലും എന്നെപ്രവേശിപ്പിച്ചില്ല. ഒക്കെയും സാധൂകരിക്കുന്നതിന്, വളരെ ശേഷം, സിനിമാസംഘടനകളുടെ ഒത്താശയോടെ മലയാളത്തിലെ ചില തിരക്കഥാകൃത്തുകളെ ഇടപെടുത്തിയതായും ഞാന്‍ അറിഞ്ഞു. എന്താണ് ഇപ്പോഴത്തെ തിരക്കഥ എന്ന് എന്നെ ഇപ്പോഴുംഅറിയിച്ചിട്ടില്ല. അതിന് തയ്യാറല്ല എന്നാണ് നിർമ്മാ താവ് പറയുന്നത്.
സംവിധായകന്‍ ഒരു കാശും വാങ്ങിയില്ല എന്ന് പറഞ്ഞിട്ടുണ്ടോ?
എവിടെയാണ് അങ്ങനെ പറഞ്ഞത് എന്ന് വ്യക്തമാക്കുക.
ഷൂട്ടിംഗ് നിർത്തിയോ?
45 ദിവസമായിരുന്നു രണ്ടാം ഷെഡ്യൂള്‍ എന്നത് വാസ്തവവിരുദ്ധമാണ്. സിനിമക്കുള്ളിലെ ഒരു പ്രധാന ലൊക്കേഷനും അനുബന്ധ പരിസരവുമാണ് ഷൂട്ട്ചെയ്യേണ്ടിയിരുന്നത്. 30 ദിവസം പ്ലാന്‍ ചെയ്തിരുന്ന ഷൂട്ടില്‍ മഴ കാരണം 4 ദിവസത്തെ ഔട്ട്‌ഡോർ ഷൂട്ട് മാറ്റിവച്ചത് ഒഴിച്ചാല്‍ പ്രധാന ലൊക്കേഷനിലെഷൂട്ട് 26 ദിവസങ്ങള്‍ കൊണ്ട് പൂർത്തി യായിരുന്നു. അവിടെ ഷൂട്ട് ചെയ്യേണ്ടഎന്ന് കരുതിയ ചില സീനുകള്‍ അധികമായി അവിടെ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ തികച്ചും അമച്വറിഷ് ആയ ഒരു പ്രൊഡക്ഷൻ ടീം നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും എന്നെ അങ്ങേയറ്റം സമ്മർദ്ദത്തിലാക്കുകയും ചെയ്തു. വേണ്ടത്ര ജൂനിയർ ആർട്ടിസ്റ്റുകളെയോ സിനിമക്ക് ആവശ്യമായ മറ്റ് അനുബന്ധ സൗകര്യങ്ങളോ നൽകാതെ വലിയ സെറ്റ് മാത്രമായി ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമായി പലപ്പോഴും വലിയ പ്രശ്നങ്ങൾ തന്നെ ഉണ്ടായി. ഭീഷണിയും സമ്മർദ്ദവും ഉണ്ടായി. തുടർന്ന് പ്രശ്നങ്ങൾ ഉടലെടുത്തു. എങ്കിലും ഒരു വിധേന ഷൂട്ടിംഗ്പൂർത്തിയാക്കി.
ഫെഫ്കയുടെ ആദ്യ ഇടപെടൽ?
ഫെഫ്ക പ്രതിനിധികളുമായി നിര്‍മ്മാതാവ് മുന്‍കൈയ്യെടുത്ത് ചര്‍ച്ചകള്‍ നടത്തി. അതിന്‍ പ്രകാരം ഉരുത്തിരിഞ്ഞ നിലപാടുകള്‍ അംഗീകരിക്കാന്‍ നിര്‍മ്മാതാവ് തയാറായില്ല. എന്ന് മാത്രവുമല്ല, നിയമനടപടികളുമായി പോവുകയും ചെയ്തു. അതിന് ശേഷം ഞാന്‍ വീണ്ടും അദ്ദേഹത്തോട് താഴ്മയായി ഏതുവിധേനയും ഇത് പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരു ദീര്‍ഘമായ ടെലഫോണിക് സംഭാഷണത്തിന് ശേഷം അദ്ദേങ്ങഹം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു പുതിയ എഗ്രിമെന്റ് ഒപ്പിടണമെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച്, ഞാന്‍ അതിന് തയാറായി വക്കീലാഫീസില്‍ പോയപ്പോള്‍ എന്നോട് പറഞ്ഞതിന് കടകവിരുദ്ധമായ വ്യവസ്ഥകള്‍ ആയിരുന്നു ഒക്കെയും. കൂടാതെ ഭീഷണിയും. എനിക്ക് അത് ഒപ്പിടാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് മുഖ്യനടന്‍ ഇടപെടുന്നത്.
പ്രധാന നടന്റെ ഇടപെടലുകള്‍?
സ്‌ക്രിപ്റ്റിനെ പൊളിച്ചടുക്കാതെ ഷൂട്ടിങുമായി മുന്നോട്ട് പോകുന്നില്ലെന്നായി നിർമാതാവ്. ഒപ്പം പൂർണമായും വരുതിക്ക് നിന്ന് പ്രവർത്തിക്കണമെന്ന നിര്‍ബന്ധവും. തുടര്‍ന്ന് പ്രധാന നടന്റെ വീട്ടില്‍ വച്ച് ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. നിലവിലുള്ള, അന്യനാട്ടുകാരായ അസോസിയേറ്റുകളെ ഒഴിവാക്കണമെന്നും മലയാളം ഇൻഡസ്ട്രിയിൽ തഴക്കമുള്ള അസോസിയേറ്റുകളെ വയ്ക്കണമെന്നുമുള്ള നിര്‍ദ്ദേശം ഉണ്ടായി. (ഒരു സിനിമ ചെയ്ത ഒരാളിനെ പോലും അസോസിയേറ്റ് ആയി വയ്‌ക്കേണ്ട എന്നായിരുന്നു മമ്മൂക്കയുടെ നിലപാട്).
നിര്‍മാതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ ചില സീനുകള്‍ അധികമായി തിരക്കഥയില്‍ ഉള്‍പ്പെടുത്തിക കൂടി ചെയ്തു. എന്നാല്‍ നിര്‍മാതാവ് വഴങ്ങിയില്ല. എന്നിട്ടും ഇരുപത്തിയഞ്ചും മുപ്പതും കോടിയൊക്കെ പോയാലും സജീവിനെ തീർക്കും എന്ന് നിർമാതാവ് പറയുന്നത് ഉത്തരവാദപ്പെട്ട പലരും എന്നോട് പറയുകയും ചെയ്തു. സംവിധായകനെ നിയന്ത്രിക്കാന്‍ സീനിയറായ ഒരാളെ കൊണ്ടുവരണമെന്ന് ശാഠ്യം പിടിച്ചു. ആദ്യത്തെ സിനിമയിലെ പരാജയം ഇവിടെ തീർക്കണം എന്നുള്ളതായിരുന്നു. എനിക്ക് ടെർമിനേഷൻ നോട്ടീസ് അയച്ചു. അങ്ങനെ മുഖ്യനടന്റെ വീട്ടില്‍ വച്ച് ഉണ്ടായ ധാരണയും പാലിക്കപ്പെട്ടില്ല. അധികം വൈകാതെ നിര്‍മാതാവ് രണ്ടാം ഷെഡ്യൂളില്‍ അദ്ദേഹം കൊണ്ടുവന്ന, തെലുങ്ക് സിനിമാ പശ്ചാത്തലമുള്ള അസോസിയേറ്റിനെ വച്ച് ഒരു ഷൂട്ട് പ്ലാന്‍ ചെയ്യാന്‍ മുന്നോട്ട് പോയി. ഫെഫ്കയുടേയും മുഖ്യനടന്റെയും ഇടപെടല്‍ മൂലം അത് നടന്നില്ല.
മമ്മൂക്കയൂടെ പേര് ഈ വിഷയത്തിലേക്ക് നിർമ്മാതാവ് പത്രസമ്മേളനം നടത്തി വലിച്ചിഴച്ചത് കൊണ്ടാണ് ഇത്രയെങ്കിലും പ്രതികരിച്ചത്.
ഫെഫ്കയിലെ അട്ടിമറി
പ്രശ്‌നങ്ങള്‍ രൂക്ഷമായതിന് ശേഷം, ഞാന്‍ ഫെഫ്കയ്ക്ക് ഒരു കത്ത് കൊടുത്തു. വസ്തുകള്‍ വിശദീകരിച്ച് കൊണ്ടും അതിലുപരി ഒരു വിദഗ്ദസമതിയെ വച്ച് ഫുട്ടേജ് വിലയിരുത്തണമെന്നും, ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ എന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചു. നാളിതുവരേയും യൂണിയന്‍ അതിന് തയാറായിട്ടില്ല. ഫെഫ്കയുടെ നേതാക്കള്‍ നിയമപരമായി നീങ്ങണമെന്ന് പല തവണ എന്നോട് ആവര്‍ത്തിച്ചിരുന്നു. എന്റെ ഭാഗത്താണ് ശരിയും നീതിയും എന്ന് അവര്‍ എന്നോട് പറയുകയും ചെയ്തിരുന്നു. ഞാന്‍ ഫെഫ്കയെ പൂര്‍ണ്ണമായും വിശ്വസിച്ചു. നിയമപരമായ ചതിക്കുഴികളെ സംഘടനാ ശക്തികൊണ്ട് നേരിടാമെന്ന് മറ്റ് തൊഴിലാളി യൂണിയനുകളെപ്പോലെ ഫെഫ്കയ്ക്കും ഉറപ്പുമൂണ്ടായിരുന്നു.
ഫെഫ്കയിലുള്ള വിശ്വാസത്തിലും നീതിയൂം ശരിയും എന്റെ ഭാഗത്താണ് എന്ന് ഉറപ്പിലുമാണ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള യോഗത്തിന് പോയത്. കാര്യകാരണ സഹിതം ചർച്ചയും പരിഹാര നിർദ്ദേശങ്ങളും പ്രതീക്ഷിച്ച് വന്ന ഏതൊരാളിനേയും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതായി ആ അനുഭവം. അവിടെ ചെന്നപ്പോള്‍ സ്ഥിതിഗതികള്‍ അവിശ്വസനീയമായിരുന്നു. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിര്‍മ്മാതാവും എല്ലാം ഒരേ സ്വരത്തില്‍ എന്നോട് പറയുന്നു, നീ ശരിയല്ല. നിനക്ക് വര്‍ക്ക് അറിയില്ല. വേറൊരാളിനെ ഒപ്പം വയ്‌ക്കേണ്ടി വരും എന്നൊക്കെ. അവരുടെ ഏകപക്ഷീയമായ ആജ്ഞകൾ അനുസരിക്കാൻ തയാറാകാതെ വന്നപ്പോള്‍ മീറ്റിങ്ങില്‍ നിന്ന് മാറ്റി നിറുത്തി ഫെഫ്കയുടെ പ്രതിനിധികള്‍ എനിക്കൊരു ഉറപ്പ് നല്‍കി, വരുന്നത് ഫെഫ്കയുടെ ആളായിരിക്കും. ഞാനുമായി സഹകരിച്ച് പോകുമെന്നും എനിക്ക് സഹായത്തിനായി മാത്രമാണ് ആള്‍ വരുന്നതെന്നും. അയാള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ പിന്‍മാറി പൊയ്‌ക്കൊളുമെന്നും. വല്ലാതെ അഭ്യര്‍ത്ഥിക്കുന്ന തരത്തിലായിരുന്നു അത്. അത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഫെഫ്ക പ്രതിനിധികള്‍ പരിശോധിച്ച്, തയാറാക്കിയ മിനിറ്റ്സില്‍ ഒപ്പിടുവാന്‍ നിര്‍ബന്ധിതനായി.
ആ മിനുട്ട്‌സില്‍ എനിക്ക് തന്ന ഉറപ്പുകള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നു മാത്രവുമല്ല എല്ലാറ്റിന്റെയും ഉത്തരവാദിത്വം പ്രൊഡ്യൂസറെ ഏൽപ്പിച്ചിരിക്കുകയും ചെയ്യുന്നു. ഇത് ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ ഇനി ഒരു കരാര്‍ ഉണ്ടാക്കുമെന്നും അതില്‍ സര്‍വ്വതും ഉള്‍പ്പെടുത്തുമെന്നും ഇത് കാര്യമാക്കേണ്ടയെന്നും ഉറപ്പ് നല്‍കി. പക്ഷേ നാളിതുവരെ ആ കരാർ ഉണ്ടായിട്ടില്ല. അതോടെ എനിക്ക് നില തെറ്റി. എന്റെ നിലപാടുകള്‍ ഇനി സാധൂകരിക്കപ്പെടില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
എങ്കിലും സിനിമ നടക്കട്ടേ എന്ന് കരുതി ഞാൻ ഒരു തടസ്സവും പറയാതെ മുന്നോട്ട് പോയി. അതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു. അസോസിയേറ്റ് ആയി വരാൻ പോകുന്ന ശ്രീ പത്മകുമാര്‍ എന്നെ വ്യക്തിപരമായി കണ്ട്, ചില ഉറപ്പുകള്‍ നല്‍കി. ഈ പ്രൊജക്ട് തുടങ്ങിക്കിട്ടുന്നതിന് മാത്രമാണ് അദ്ദേഹം ഇടപെടുന്നത്. തുടങ്ങി കുറച്ച് നാള്‍ക്കകം ഇത് ഒഴിവാക്കി തന്റെ സ്വന്തം പ്രൊജക്ടുകളുമായി പോകും. അതുമാത്രവുമല്ല ഞാനുമായി ആലോചിക്കാതെ ഒരു തീരുമാനവും എടുക്കില്ലായെന്നും പറഞ്ഞു. ഞാന്‍ അതെല്ലാം വിശ്വസിച്ചു. പിന്നെ ഞാന്‍ കാണുന്നത് എല്ലാം എന്റെ കൈ വിട്ട് പോകുന്നതാണ്.എന്റെ പ്രൊജക്ടില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായും പുറത്താകുന്ന ഒരു പ്രക്രീയ.
ഞാനറിയാതെ തീരുമാനങ്ങള്‍ വന്നു തുടങ്ങി. മീറ്റിങ്ങുകളിലേക്കൊന്നും എന്നെ വിളിച്ചില്ല. ഫെഫ്കയുടെ അടുത്ത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. അടുത്ത ദിവസം നിര്‍മ്മാതാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കളും എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെ നിരവധി ഭീഷണികള്‍ ഉണ്ടായെങ്കിലും ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ഞാന്‍ തയാറായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ഫെഫ്കയ്ക്കു കത്തയച്ചപ്പോള്‍ ബി. ഉണ്ണിക്കൃഷ്ണനും രഞ്ജി പണിക്കരും എന്നെ വിളിപ്പിച്ചു. കാര്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിനു് പത്മകുമാറുമായി ധാരണ ഉണ്ടാക്കാനുള്ള കൂടിക്കാഴ്ച എന്നാണ് പറഞ്ഞതെങ്കിലും അവിടെ നടന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിക്ക്, ഞാന്‍ എല്ലാത്തിനും വഴങ്ങുമെന്ന് ഉറപ്പ് കൊടുപ്പിക്കാനുള്ള ശ്രമം ആയിരുന്നു.
ഞാന്‍ ഒരു തരത്തിലും ഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നിര്‍മ്മാതാവ് പറയുന്നത് എല്ലാം അനുസരിച്ച് നില്‍ക്കണം എന്നും അല്ലായെങ്കില്‍ ഫെഫ്ക തന്നെ എന്നെ ഈ പ്രൊജക്ടില്‍ നിന്ന് എന്നെ പൂര്‍ണ്ണമായും ഒഴിവാക്കും എന്നുമുള്ളതായിരുന്നു അവരുടെ നിലപാട്. എനിക്കാകെ ചെയ്യാവുന്നത് ഷൂട്ടിങ് നടക്കുന്ന ലോക്കേഷന്‍ സന്ദര്‍ശിക്കുക എന്നത് മാത്രമാണ്. എന്റെ അഭിപ്രായമോ വിശദീകരണമോ ചോദിച്ചില്ലായെന്ന് മാത്രവുമല്ല, എനിക്കങ്ങനെ എന്തെങ്കിലും ഉള്ളതായി പോലും അംഗികരിക്കുന്നില്ല എന്നതായിരുന്നു പെരുമാറ്റം.
നിര്‍മ്മാതാവിനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പത്മകുമാറിനും കാര്യങ്ങളെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നു താനും. പത്മകുമാറാണ് ഡയറക്ടറെന്നും എനിക്ക് അവിടെ വേണമെങ്കില്‍ ചെല്ലാമെന്നും എന്നാല്‍ എന്റെ വാക്കുകളോ അഭിപ്രായങ്ങളോ ഒരു തരത്തിലും മാനിക്കപ്പെടില്ലായെന്നും അതിന്റെ ആവശ്യം പോലും ഇല്ലായെന്നും അവര്‍ പലതവണ വ്യക്തമാക്കി.
ടെക്‌നീഷ്യന്‍സിനേയും അഭിനേതാക്കളെയും മാറ്റുന്നതും പുതിയവരെ കൊണ്ടുവരുന്നതും ഒന്നും തന്നെ അറിയിക്കുന്നത് പോലും ഉണ്ടായിരുന്നില്ല. ലൊക്കേഷനൊക്കെ അവർ തന്നെ ഉറപ്പിച്ചു. തിരക്കഥ അവരുടെ ഇഷ്ടത്തിന് അഴിച്ചുപണിഞ്ഞതായി ഞാന്‍ അറിഞ്ഞു. എനിക്ക് വായിക്കാന്‍ പോലും കിട്ടിയില്ല.
ഫെഫ്കയുടേതാണ് എല്ലാ സാങ്കേതിക പ്രവര്‍ത്തകരും. ഒരാളും ഇതുവരേയും ഞാനുമായി ഒന്ന് സംസാരിച്ചിട്ട് പോലുമില്ല. കഥയും തിരക്കഥയും അറിയാതെ ലൊക്കേഷനും അഭിനേതാക്കളെയും അറിയാതെ സാങ്കേതിക വിദഗ്ദ്ധരെ ഒരിക്കല്‍ പോലും കണ്ട് സംസാരിക്കുക പോലും ചെയ്യാതെ ഒരു സംവിധായകന്‍ എങ്ങനെയാണ് സംവിധാനസ്ഥാനത്തെന്ന് ഫെഫ്ക പറയുന്നത്? പണിയറിയാത്ത, നിരക്ഷരനും നീചനുമായ ഒരാളാണ് സംവിധായകനെങ്കിൽ പോലും ഒരു മിനിമം തൊഴിൽ മര്യാദകളെങ്കിലും അയാൾക്ക് കിട്ടേണ്ടേ? അതൊന്നുമില്ലാതെ ആണോ ഒരു സംവിധായകൻ പ്രവൃത്തിക്കേണ്ടത്? അതോ ഒരാൾ സംവിധാനം ചെയ്യുന്നത് നോക്കി, ജീവച്ഛവമായി നിന്ന് സംവിധാന പട്ടം കെട്ടുകയാണോ വേണ്ടത്?
ആ ഘട്ടത്തിൽ, ഞാൻ പൂർണമായും ഒറ്റപ്പെടുകയാണെന്നും ചതിക്കപ്പെടുകയാണെന്നും തിരിച്ചറിഞ്ഞ സമയത്താണ്, നിയമപരമായി വീണ്ടും കുടുക്കിലായെന്ന് എനിക്ക് മനസ്സിലായത്. അതിൽ നിന്ന് എന്റെ നിയമപരമായ പരിരക്ഷ എങ്കിലും ഉറപ്പിക്കാനായാണ്, നിർമാതാവ് നേരത്തേ അയച്ച വക്കീൽ നോട്ടീസിന് പുതിയ സാഹചര്യത്തിൽ മറുപടി നൽകിയത്. അല്ലാതെ നിയമപരമായ ഒരു നടപടിക്കും മുതിർന്നിട്ടില്ല. എന്നു മാത്രവുമല്ല, അതിനകം നിർമ്മാതാവ് എന്നെ നേരത്തെ തന്നെ പുറത്താക്കിയതാണെന്നും ഇനി ഒരുതരം ആശയവിനിമയവും നടത്തരുതെന്നും എന്നെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
സംവിധാനസ്ഥാനത്ത് ഞാനല്ല. ഞാനുമായി സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാതെ മുന്നോട്ട് പോകരുതെന്ന് ഞാൻ ഡയറക്ടേഴ്സ് യൂണിയനോട് പറഞ്ഞു. അത് ചെവിക്കൊള്ളാതെ നിങ്ങൾ ലോക്കേഷനിലേക്ക് പൊയക്കോളൂ എന്നാണ് അവർ പറഞ്ഞത്. ഇരുപത്തിനാലാം തീയതി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു ലീഗൽ നോട്ടീസിൽ നിർമ്മാതാവ് ഞാൻ ഒരു തരത്തിലും ഷൂട്ടിംഗിനു തടസ്സമുണ്ടാക്കരുതെന്നും അവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന് നഷ്ടമായ പതിമൂന്ന് കോടി രൂപ മുപ്പത് ദിവസത്തിനകവും അദ്ദേഹത്തിനുണ്ടായ മാനസിക വ്യഥക്ക് അഞ്ച് കോടി രൂപ പതിനഞ്ച് ദിവസത്തിനകവും ഇരുപത്തി ഒന്നേമുക്കാൽ ലക്ഷം രൂപ ഇരുപത്തിനാല് ശതമാനം പലിശ സഹിതം മുപ്പത് ദിവസത്തിനകവും നൽകണമെന്നും അവശ്യപ്പെടുന്നുണ്ട്.
ഇന്നോവയിലെ സംഘം
ആസമയത്താണ്എറണാകുളത്ത് നിന്ന് ഇന്നോവയിലെ സംഘം വീട് തിരക്കി വരികയുംപരിഭ്രാന്തി പടർത്തുകയും ചെയ്തത്. പോലീസ് അന്വേഷണത്തിൽ എന്റെ സ്വത്തുക്കൾപിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു് വന്നവർ പറഞ്ഞു. പ്രൊഡ്യൂസർപറയുന്നത്, എന്റെ വിലാസം ഉറപ്പിക്കാനായാണെന്നാണ്. തൊട്ടുമുന്നിലെ ആഴ്ചയുംനിർമ്മാതാവിന്റെ വക്കീൽ അയച്ച കത്തുകൾ ഞാൻ കൈപ്പറ്റിയിരുന്നു. പ്രൊഡക്ഷനിലെനിർമ്മാതാവിനോട് ഏറ്റവും അടുത്ത പലർക്കും എന്റെ വീട് അറിയാം. അപ്പോൾപരസ്പര വിരുദ്ധമാണ് ഇപ്പോഴും പറയുന്നത്. നിജസ്ഥിതിയെ കുറിച്ച്അന്വേഷണം ഇപ്പോഴും നടക്കുന്നതേ ഉള്ളൂ.
ഇപ്പോള്‍ എന്തിന് ഇത് മാധ്യമങ്ങളോട് പറയുന്നു?
ഞാനെന്റെ ആയുസ്സിന്റെ നല്ലൊരു ഭാഗം കൊടുത്ത പ്രൊജക്ട് എന്റെ ജീവതത്തെ തകർത്ത് തന്നെ പോകുന്നുഎന്ന്മാത്രമല്ല, പണി അറിഞ്ഞുകൂടാത്ത ആൾ, ഫ്രോഡ്തുടങ്ങി എല്ലായിടത്തും പറഞ്ഞ് പരത്തിയിട്ടുമുണ്ട്. അപവാദങ്ങളെ അക്ഷരം പ്രതി പിന്തുണയ്ക്കുന്ന നിലപാടാണ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിനും. ഇനി ഒരിക്കലുംമലയാളത്തിൽ ഒരു പടം ചെയ്യില്ലായെന്ന് നിർമ്മാതാക്കളുടെ സംഘടന എന്നോട്ആവർത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഞാൻ എല്ലാതരത്തിലുംപുറത്താക്കപ്പെട്ടിരിക്കുന്നു. എന്നോട് ഒരു വിശദീകരണത്തിനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല.
നമ്മുടെ സിനിമാ ഇൻഡസ്ട്രിപോലെ അപവാദശാലകൾഇത്ര വ്യാപകവും സമർത്ഥവുംആയിപണിയെടുക്കുന്നെതെവിടെയാണ്? പലരും പറഞ്ഞു, നിശബ്ദമായി ഒഴിഞ്ഞ് പോയ്ക്കോ! മാനം എങ്കിലും ഉണ്ടാവും! എന്നു വച്ചാൽ അധികംആളുകളിലേക്ക് അവപവാദങ്ങൾ എത്തില്ല! നിനക്കറിയില്ലേ, ഈ രംഗത്ത് ചില കുറുമത്സരങ്ങൾ ഒഴികെ രണ്ട്ചേരികൾ പോലും ഉണ്ടാകില്ല. പ്രബലരുടെയും മൂലധനത്തിന്റെുയും ഒറ്റ ചേരിമാത്രമേ ഉള്ളൂ. അത് അടിപടലം വ്യാപിച്ച് നിൽക്കുന്നു. എതിർ ശബ്ദങ്ങൾഉണ്ടാവില്ല. നിലപാടിൽ നിൽക്കുന്നവർ നിലയില്ലാതെ ചവിട്ടി താഴ്ത്തപ്പെടും.എന്നെന്നേക്കുമായി പുറത്താകും. നിശബ്ദരാക്കപ്പെടും. നീതിനിഷേധിക്കപ്പെട്ടവർ സമ്പൂർണ്ണമായ വ്യക്തിഹത്യക്കും വിധേയമാക്കപ്പെടും.നിരന്തരം ബന്ധപ്പെട്ടിരുന്നവർ പിന്നെ ഫോൺ പോലും എടുക്കില്ല.
പിന്നെ എന്തിനാണ് ഞാൻ പരസ്യമായി ഈ ചതികളെ എതിർത്ത് പൊതുജന മധ്യത്തിലുംനശിപ്പിക്കപ്പെടുന്നത്? എന്താണ് നേട്ടം? ഈ വ്യവസായത്തിലെ വ്യവസ്ഥാപിതമായസംഘങ്ങളൊക്കെയും ഒറ്റക്കെട്ടായി എതിരെ നിൽക്കുമ്പോൾ, അനുതാപവും പിന്തുണയുംഉള്ളവർ പോലും പതുങ്ങി നിശബ്ദരാകുന്ന ഒരു അന്തരീക്ഷം പിടിച്ച് നിൽക്കാൻആവുന്നതല്ല. ആരേയും കുറ്റപ്പെടുത്താൻ പറ്റില്ല, ഡേറ്റും പണവും ആണ്അസ്തിത്വം നിർണ്ണയിക്കുന്നത്. ഇനി വരുന്ന ഒരു സംവിധായകനുംതിരക്കഥാകൃത്തിനും ഈ അവസ്ഥ വരരുത്. ചോദ്യങ്ങൾ എങ്കിലും ഉയരും എന്ന്എല്ലാവർക്കും തോന്നണം. അത്രയേ കരുതുന്നുള്ളൂ.
This post was last modified on February 3, 2019 7:36 am
Leave a Comment