X

കുപ്പിയില്‍‌ സൂക്ഷിച്ച പെട്രോൾ, കയ്യിൽ വിഷം, വിലയേറിയ കത്തി; ചിയ്യാരത്ത് യുവതിയെ തീക്കൊളുത്തിയ യുവാവ് എത്തിയത് കൊലപാതക ശേഷം ആത്മഹത്യ ചെയ്യാനുറച്ച്

കഴുത്തിൽ ഉൾപ്പെടെ അഞ്ച് തവണയാണ് നിധീഷ് നീതുവിനെ കുത്തിയത്.

തൃശ്ശൂർ ചിയ്യാരത്ത് യുവതിയെ പെട്യോളൊഴിച്ച തീക്കൊളുത്തിയ യുവാവ് കൃത്യം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചെന്ന് റിപ്പോർട്ടുകൾ. ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതെന്ന മനോരമ റിപ്പോർട്ട് പറയുന്നു. കൃത്യമായ ആസുത്രണത്തോടെയായിരുന്നു പ്രതി നീതുവിന്റെ വീട്ടിലെത്തിയത്, യുവതിയെ തീക്കൊളുത്തുന്നത് വരെ എല്ലാം പദ്ധതി പ്രകാരം നടക്കുകയും ചെയ്തു. എന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടിച്ച് കെട്ടിയതോടെ ആത്മഹത്യ ചെയ്യാനുള്ള പദ്ധതി പാളുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇന്നലെ പുലർച്ചെ നാലരയോടെ ഇയാൾ നീതുവിന്റെ വീടിന് സമീപത്ത് എത്തിയിരുന്നതായാണ് വിവരം. വീടിന് മുന്‍വശത്ത് നിൽക്കാതെ ഇടറോഡിലൂടെ പിറക് വശത്ത് നിലയുറപ്പിക്കുകയായിരുന്നു. അടുക്കളവാതിൽ തുറക്കാനായി രണ്ട് മണിക്കൂറോളം കാത്ത് നിന്നതായും, വിലയേറിയ ഒരു കത്തിയും ഒരു ജോടി കയ്യുറയും ഇയാൾ കരുതിയിരുന്നതായും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീതുവിന്റെ അമ്മാവൻ വാസുദേവന്റെ വീട്ടുവളപ്പിലുടെ കടന്നാണ് നിധീഷ് നീതുവിന്റെ വീടിന് പിന്നിലെത്തിയത്. ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ട നിലയിലായിരുന്നു.

അതേസമയം, കഴുത്തിൽ ഉൾപ്പെടെ അഞ്ച് തവണയാണ് നിധീഷ് നീതുവിനെ കുത്തിയത്. കുത്തേറ്റു വീണ ശേഷമാണ് നീതുവ‍ിനു മേൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. കഴുത്തിലേറ്റ കുത്തിന് സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ലെന്നാണ് വിവരം. ഇതിന് ശേഷം നിധീഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തെ വീടുകളിൽ നിന്നു ബന്ധുക്കളും നാട്ടുകാരുമെത്തി പിടികൂടുകയായിരുന്നു. യുവാവിന്റെ കൈകൾകെട്ടിയ ശേഷം നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും എസിപി എസ്. ഷംസുദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.

കൊല്ലപ്പെട്ട നീതുവും(22) സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നീതീഷും (32) മൂന്നു വർഷമായി പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. വീട്ടുകാർ ഇടപെട്ട് വിവാഹം ഉറപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. ഇതിനിടെ‌ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

എന്നാൽ പഠിച്ച് മുന്നേറണമെന്ന സ്വപ്നങ്ങൾകൊണ്ട് നടന്നിരുന്ന കുട്ടിയാണ് നീതി. അമ്മയുടെ ആത്മഹത്യയും അച്ഛൻ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളർത്തിയിരുന്നു. എങ്കിലും അതിജീവിക്കാനുള്ള ശ്രമങ്ങളായിരുന്നു യുവതി നടത്തിയിരുന്നത്. ഇതാണ് നിധീഷിന്റെ ക്രുരതിയിൽ ഇല്ലാതായത്.

This post was last modified on April 5, 2019 8:59 am