X

എ എം ആരിഫിന്റെ ഇലക്ഷന്‍ മേഖലാ കമ്മിറ്റി ഓഫീസിന് തീയിട്ടു നശിപ്പിച്ചു; അക്രമം മന്ത്രിയുടെ സന്ദർശനത്തിന് തൊട്ട് മുൻപ്

സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകനെ സിപിഎം നേതാക്കൾ പിടികൂടി മണ്ണഞ്ചേരി പൊലീസിൽ ഏൽപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

മന്ത്രി കെടി ജലീലിന്റെ പൊതുപരിപാടി നടക്കാനിരിക്കെ ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു. ആലപ്പുഴയിലെ മണ്ണഞ്ചേരി ഇലക്ഷന്‍ മേഖലാ കമ്മിറ്റി ഓഫീസിനാണ് ഇന്ന് പുലർച്ചെ അജ്ഞാതർ തീയിട്ടത്. കനത്ത നാശമാണ് ഓഫീസിന് ഉണ്ടായത്. 125 ഓളം കസേരകളും ഫ്‌ളോര്‍മാറ്റും തറപോളയും ഷീറ്റും അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

ഇന്ന് രാവിലെ 9 മണിക്കായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. ഈ വേദിയോട് ചേർന്ന ഇലക്ഷൻ കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകനെ സിപിഎം നേതാക്കൾ പിടികൂടി മണ്ണഞ്ചേരി പൊലീസിൽ ഏൽപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സിസിടിവികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി കിഴക്ക് കോൺഗ്രസ് പ്രവർത്തകനായ ജോഷിയാണ് (35) തീയിട്ടതെന്നാണ് വിവരം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം-കോൺഗ്രസ് തർക്കം രൂക്ഷമായിരുന്നു. ഇതിന് പിറകെയായിരുന്നു സംഭവം.

This post was last modified on April 17, 2019 3:34 pm