X

മണ്‍വിളയിലെ തീപ്പിടിത്തം: 500 കോടിയുടെ നഷ്ടമെന്ന് കമ്പനി; സമഗ്രാന്വേഷണം നടത്താന്‍ പോലീസും ഫയര്‍ഫോഴ്‌സും

ഇന്നലെ വൈകിട്ട് ഏഴേകാലോടെ ആരംഭിച്ച അഗ്‌നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.

തിരുവനന്തപുരം മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീ പിടിത്തത്തില്‍ 500 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കമ്പനി അധികൃതര്‍. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അഞ്ച് നില കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. അതിനാല്‍ കെട്ടിടത്തിന് ഉള്‍പ്പെടെ ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. ഏത് നിമിഷവും നിലംപതിക്കാമെന്ന നിലയിലുള്ള കെട്ടിടം വന്‍ ഭീഷണിയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഇന്നലെ വൈകിട്ട് ഏഴേകാലോടെ ആരംഭിച്ച അഗ്‌നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.

അതേസമയം, ഫാമിലി പ്ലാസ്റ്റികിന്റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസും ഫയര്‍ഫോഴ്‌സും വ്യക്തമാക്കി. അഗ്‌നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധ രൂക്ഷമാക്കിയതെന്നും അധികൃതര്‍ പറയുന്നു.

അഗ്‌നിബാധ ആരംഭിക്കുമ്പോള്‍ കെട്ടിടത്തില്‍ ഏതാണ്ട് നൂറ്റമ്പതോളം ജീവനക്കാരും ഉണ്ടായിരുന്നു. എന്നാല്‍ ഇവരെ തക്കസമയത്ത് ഒഴിപ്പിക്കാനായത് ജീവഹാനി ഒഴിവാക്കാനായി. സമീപ വാസികളെയും ഒഴിപ്പിച്ചു കൊണ്ടായിരുന്നു നാട്ടുകാരും അധികൃതരും രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വിഷപുക ശ്വസിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് ആര്‍ക്കും തന്നെ പരിക്കുകളില്ല. ജയറാം രഘു, ഗിരീഷ് എന്നിവരെയാണ് വിഷ പുകശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. തീയണയക്കുന്നതിനായി തിരുവനന്തപുരത്തെ ഫയര്‍ ഫോഴ്‌സ് സന്നാഹങ്ങള്‍ക്ക പിറകെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സംവിധാനങ്ങളും തമിഴ്നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

അതിനിടെ മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീ പിടിത്തം മൂലം പ്രദേശത്ത് ഓക്സിജന്‍ കുറയാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി ഒരു കിലോമീറ്റര്‍ ചുള്ളവിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും രണ്ട് കില് മീറ്റര്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കത്തിയ പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, സള്‍ഫര്‍ ഓക്സൈഡ് എന്നിയുള്ളതിനാല്‍ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറയാനിടയാക്കും. വളര്‍ന്ന ഉയര്‍ന്ന തോതിലാണ് വിഷപ്പുക അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്. ചെറിയ കുട്ടികളുടേയും അലര്‍ജി, ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് രാത്രിയോടെ കളക്ടര്‍ ലൗഡ് സ്പീക്കറിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചത്തേയ്ക്കെങ്കിലും വിഷപ്പുക അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

This post was last modified on November 1, 2018 12:48 pm

Related Post
Leave a Comment