X

‘മെഹബൂബ മുഫ്തി എകാന്ത തടവിൽ’, സംസാരിക്കാൻ പോലും അവസരമില്ലെന്ന് മകള്‍

പ്രദേശത്തെ ലാന്റ്, മൊബൈൽ ഫോണുകൾ പൂർണമായും നിശ്ചലമാണെന്നും ജാവേദ് പ്രതികരിച്ചു.

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഏകാന്ത തടവിലെന്ന് മകൾ. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികൾ ഇല്ലാതാക്കിയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ളതുമായ ബില്‍ രാജ്യസഭ പാസാക്കിയതിനും തൊട്ടുപിന്നാലെയാണ് മെഹബൂബ മുഫ്തി അറസ്റ്റിലായത്. അറസ്റ്റിലാണ് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മുഫ്തി ഏകാന്ത തടവിലാണെന്നും അഭിഭാഷകർക്കോ, ബന്ധുക്കൾക്കോ, പാർട്ടി നേതാക്കൾക്കോ പോലും അവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ആരോപിച്ച് മകൾ ഇലിജ ജാവേദ് രംഗത്തെത്തിയത്. എൻഡിടിവിയോടായിരുന്നു ഇലിജയുടെ പ്രതികരണം.

എന്റെ അമ്മ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടു. അവർ സർക്കാർ ഗസ്റ്റ് ഹൗസായ ഹരി നിവാസില്‍ തടവിലാണ്. അമ്മയുമായി ബന്ധപ്പെടാൻ ഒരു മാർഗ്ഗവുമില്ല. പ്രദേശത്തെ ലാന്റ്, മൊബൈൽ ഫോണുകൾ പൂർണമായും നിശ്ചലമാണെന്നും ജാവേദ് പ്രതികരിച്ചു. വീഡിയോ സന്ദേശത്തിലായിരുന്നു അവരുടെ പ്രതികരണം.

കാശ്മീർ ബിൽ പാര്‍ലമെന്റിന്റെ പരിഗണയ്ക്ക് എത്തിയതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള വിവിഐപി ഗസ്റ്റ് ഹൗസായ ഹരി നിവാസിലേക്കാണ് ഇവരെ മാറ്റിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതാണ് ഇപ്പോൾ അറസ്റ്റ് നടപടിയിലേക്ക് നീണ്ടത്. എന്നാൽ കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്സഭയിൽ പ്രതികരിച്ചത്.

ഭരണഘടനയുടെ അർട്ടിക്കിൾ 370 റദ്ദാക്കാനുള്ള നീക്കത്തിന് പിന്നാലെ മോദി സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് മുഫ്തി രംഗത്തെത്തിയിരുന്നു. വിഭജന സമയത്ത് ഇന്ത്യക്കൊപ്പം നിന്ന കശ്മീരി നേതാക്കളുടെ തീരുമാനം തിരിച്ചടിയായെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കഴിഞ്ഞ സർക്കാറിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന പിഡിപി നേതാവ് മെഹബൂബ.

‘ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തദിനമാണിന്ന്. 1947 ലെ വിഭജനകാലത്ത് ഇന്ത്യക്കൊപ്പം നിൽക്കാനുള്ള കശ്മീർ നേതാക്കളുടെ തീരുമാനം ഇപ്പോൾ തിരിച്ചടിയായി. ആർട്ടിക്കിൾ 370 റദ്ദു ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ജമ്മു കാശ്മീരിൽ അധീശത്വ ശക്തിയായി ഇന്ത്യയെ ഇത് മാറ്റും’എന്നായിരുന്നു മെഹബൂബ ട്വിറ്ററിൽ കുറിച്ചത്.

ജാമ്യം കിട്ടി, ഇനിയൊരു മൂവായിരം രൂപ കൂടി ചെലവായേക്കും; എന്തായാലും ശ്രീറാം വെങ്കിട്ടരാമന്‍ ഈ കേസിലെ പോലീസിന്റെ ‘സംഭാവനകള്‍’ വിസ്മരിക്കരുത്

This post was last modified on August 7, 2019 11:29 am

Related Post
Leave a Comment