X

ലഡാക്കിനെ തൊട്ടത് പ്രകോപ്പിച്ചു; കൈലാസ് മാന്‍സരോവര്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിച്ച് ചൈന

അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തെ ഇന്ത്യയുടെ ഭാഗമാക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും ചൈന വ്യക്തമാക്കി.

ഇന്നലെയും ഇന്നുമായി കൈലാസ് മാന്‍സരോവര്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്ന ഒരു കൂട്ടം ഇന്ത്യക്കാര്‍ക്ക് ചൈന വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് ചൈനയെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ഇന്ത്യാ – പാക് സംഘര്‍ഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് നേരത്തെ ചൈന ആരോപിച്ചിരുന്നു.

‘ഏകപക്ഷീയമായി’ സ്ഥിതിഗതികള്‍ മാറ്റിമറിക്കുന്നതും രാജ്യങ്ങള്‍ക്കിടയിലുള്ള പിരിമുറുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുമായ നടപടികള്‍ ഇരു രാജ്യങ്ങളും ഒഴിവാക്കണമെന്ന് പറഞ്ഞ ചൈന, അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തെ ഇന്ത്യയുടെ ഭാഗമാക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കി.

ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഒരു സംഘര്‍ഷത്തിനിടയാക്കുന്ന നടപടികള്‍ ഇന്ത്യയും പാക്കിസ്ഥാനും എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.

എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വിദേശകാര്യ മന്ത്രാലയം കൈലാസ് മാന്‍സരോവര്‍ യാത്ര സംഘടിപ്പിക്കാറുണ്ട്. ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസ്, സിക്കിമിലെ നാഥു ലാ പാസ് എന്നീ രണ്ടു റൂട്ടുകളാണ് അതിനായി തിരഞ്ഞെടുക്കാറ്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ യാത്രയില്‍ പങ്കാളിയാകാറുണ്ട്.

പരമശിവന്റെ വാസസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തേക്കുള്ള ട്രെക്കിങ്ങും വിശുദ്ധ മാന്‍സരോവര്‍ തടാകത്തില്‍ മുങ്ങിക്കുളിക്കുന്നതും ഹിന്ദു വിശ്വാസികള്‍ക്ക് വിശേഷപ്പെട്ട ആരാധനയാണ്. തിബറ്റില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം ഇപ്പോള്‍ പൂര്‍ണ്ണമായും ചൈനയുടെ അധീനതയിലാണ്.

Read: ‘നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാന്‍ ഞങ്ങളുണ്ടാവും’; ഒരു ട്വീറ്റിൽ സഹായം എത്തിക്കുന്ന, ഐഎസ് ബന്ദികളാക്കിയ നഴ്സുമാരെ ‘ടേക്ക് ഓഫ്’ ചെയ്ത സുഷമ

 

This post was last modified on August 7, 2019 11:27 am