X

ചാര്‍ജിലിട്ടുപയോഗിച്ച മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസ്സുകാരന്‍ മരിച്ചു

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസ്സുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ റുണ്‍ഡ വഡ്ലിപര സ്വദേശിയായ ലഖന്‍ സിങര്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ജോലിക്കു പോയിരുന്നതിനാല്‍ സംഭവസമയം വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നു. ചാര്‍ജിലിട്ട് ഫോണ്‍ ഉപയോഗിക്കവെയാണ് ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

പലതരം മൊബൈല്‍ ഫോണുകള്‍ ചാര്‍ജുചെയ്യാന്‍ സാധിക്കുന്ന യൂണിവേഴ്‌സല്‍ ചാര്‍ജര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു പൊട്ടിത്തെറി. പൊട്ടിതത്തെറിയുടെ ശബ്ദം കേട്ട അമ്മാവനും അയല്‍വാസിയുമായ മുകേഷ് സിങര്‍ വന്നു നോക്കിയപ്പോഴാണ് ഗുരുതരമായി പൊള്ളലേറ്റ് രക്തം വാര്‍ന്നുകിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിപണിയില്‍ ലഭിക്കുന്ന വിലകുറഞ്ഞ മൊബൈല്‍ ചാര്‍ജറുകളും യൂണിവേഴ്സല്‍ ചാര്‍ജറുകളുമാണ് പ്രധാനമായും അപകടമുണ്ടാക്കുന്നത്. ഇതിനു മുന്‍പും നിരവധിപേര്‍ക്ക് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിയിലൂടെ അപകടവും മരണവും സംഭവിച്ചിട്ടുണ്ട്.

Read More : നമോ ലിമിറ്റഡ്, രാഗ ലിമിറ്റഡ്: വിവാദമായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് പരീക്ഷ പേപ്പര്‍