അന്യജാതിക്കാരനെ വിവാഹം കഴിച്ച പെണ്‍കുട്ടിയ്ക്ക് കടുത്ത ശിക്ഷ വിധിച്ച് ആള്‍ക്കൂട്ടം. മധ്യപ്രദേശിലെ ജബുവാ ജില്ലയിലെ ദേവിഗര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത യുവതിയെക്കൊണ്ട് അവളുടെ ഭര്‍ത്താവിനെ തോളിലേറ്റിച്ച് പൊരിവെയിലത്ത് കൂടി നടത്തിക്കുകയായിരുന്നു ഇവര്‍.
വരണ്ട കൃഷിഭൂമിയിലൂടെ ചുട്ടുപൊള്ളുന്ന വെയിലില്‍ ചെരിപ്പ് പോലും ഇടാന്‍ അനുവദിക്കാതെയായിരുന്നു ശിക്ഷ. പെണ്‍കുട്ടിയ്ക്ക് ചുറ്റുംകൂടിയ ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ ആക്രോശിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഭര്‍ത്താവിനെ ചുമലിലേറ്റിയ യുവതി നടക്കാനാകാതെ ബുദ്ധിമുട്ടുമ്പോള്‍ അവള്‍ക്ക് നേരെ അസഭ്യം പറഞ്ഞും ആക്രോശിച്ചും ആള്‍ക്കൂട്ടം ഒപ്പം നടക്കുന്നതും വീഡിയോയില്‍ കാണാം. യുവതി വീഴാന്‍ പോകുമ്പോള്‍ ആരും സഹായത്തിനെത്തുകയോ ശിക്ഷ മതിയെന്ന് പറയുകയോ ചെയ്യുന്നില്ല.
20 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയ്ക്കാണ് ഇത്രയും കഠിനമായ ശിക്ഷ നല്‍കിയത്. പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീഡിയോയും ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയ്ക്ക് ചുറ്റുമുള്ള ചിലരുടെ കൈകളില്‍ വടികളും മറ്റും കാണാം. മുന്നോട്ട് ഒരടി പോലും നടക്കാനാകാതെ അല്‍പ്പം സമയം നില്‍ക്കാന്‍ പെണ്‍കുട്ടി ശ്രമിക്കുമ്പോള്‍ ആള്‍ക്കൂട്ടം അതിനും സമ്മതിക്കുന്നില്ല.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായി. വീഡിയോയിലുള്ള കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ജബുവ എസ്‌ഐ ബി വിനിത് ജയിന്‍ അന്വേഷണ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
This post was last modified on April 14, 2019 10:15 am
Leave a Comment