X

എംഎസ്എഫ്- കെ.എസ്.യു പ്രകടനത്തിനിടെ പാകിസ്താൻ പതാക വീശിയെന്ന് ആരോപണം, 30-ഓളം വിദ്യാർത്ഥികൾക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്

പേരാമ്പ്ര സിൽവർ കോളേജിൽ എംഎസ്എഫ്- കെ.എസ്.യു പ്രകടത്തിൽ പാകിസ്താൻ പതാക വീശിയെന്ന സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്തു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന ശക്തി പ്രകടനത്തിനിടെയായിരുന്നു കേസിന് ആധാരമായ സംഭവം.

വിദ്യാർത്ഥി സംഘടനകളുടെ കൊടിയ്ക്കൊപ്പം പാക് പതാകയുമായി സാമ്യമുള്ള പതാകയും ഉപയോഗിച്ചതായ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. വിദ്യാർത്ഥികളിൽ ആരോ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതെന്ന് പേരാമ്പ്ര പോലീസ് അറിയിച്ചു. നിയമ വിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കാൻ ശ്രമം, ജന്മനാടിനെ അപകീർത്തിപ്പെടുത്തൽ തുടങ്ങി ഐപിസിയിലെ 143, 147, 153, 149 വകുപ്പുകൾ പ്രകാരം മുപ്പതോളം വരുന്ന വിദ്യാർത്ഥികൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തിനു പിന്നാലെ ബിജെപി കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. എന്നാല്‍ പതാക എംഎസ്എഫിന്റെ ആണെന്ന തരത്തിലുള്ള വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഇതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ

 

This post was last modified on August 31, 2019 12:26 pm