X

പണിമുടക്കിനോട് രാജ്യത്ത് സമ്മിശ്ര പ്രതികരണം; രണ്ടാം ദിനത്തിലും തിരുവനന്തപുരത്ത് ട്രെയിന്‍ തടയൽ

വിവിധയിടങ്ങളിലായി ട്രെയിന്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തു. 11 സ്റ്റേഷനുകളിലായി പത്ത് ട്രെയിനുകള്‍ തടഞ്ഞതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി രാജ്യത്തെ 10 കേന്ദ്ര ട്രേഡ‌് ‌യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സംയുക്തമായി പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യദിനം കേരളത്തിൽ ഹർത്താലിന് സമാനം. പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നും തിരുവന്തപുരത്ത് പുലർച്ചെ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കേണ്ട വേണാട് എക്‌സ്പ്രസ് ആണ് സമരക്കാര്‍ തടഞ്ഞത്. ട്രെയിന്‍ തടയലിനെ തുടര്‍ന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ഇവരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ദേശീയ തലത്തിൽ പണിമുടക്കിനോട് സമ്മിശ്ര പ്രതികരണമായിരുന്നെന്ന് വിലയിരുത്തപ്പെടുമ്പോൾ കേരളം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, കർണാടകത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ എല്ലാമേഖലയും നിശ‌്ചലമായി. ഡൽഹി, -രാജ്യതലസ്ഥാന മേഖല, ബംഗാളിലെ ഹൗറ, ഹൂഗ്ലി, 24 പർഗാനാസ‌് തുടങ്ങിയ ജില്ലകൾ, അസമിലെ എണ്ണശുദ്ധീകരണ ശാലകൾ, മഹാരാഷ്ട്രയിലെ പുണെ, നാസിക‌്, ഔറംഗബാദ‌് വ്യവസായനഗരങ്ങൾ, കർണാടകത്തിലെ ബംഗളൂരു, മൈസൂരു വ്യവസായകേന്ദ്രങ്ങൾ, പഞ്ചാബിലെ ലുധിയാന, ജാർഖണ്ഡിലെ ബൊക്കാറോ, റാഞ്ചി, ആദിത്യപുർ ഗാംഹാരിയ വ്യവസായ മേഖലകൾ, ഗുജറാത്തിലെ ബറോഡ, സൂറത്ത‌്, ഭാവ‌്നഗർ, രാജ‌്കോട്ട‌്, ജുനാഗട്ട‌്, അഹമ്മദാബാദ‌് എന്നിവിടങ്ങളിലെ നിർമാണമേഖലകൾ, തെലങ്കാനയിലെ ഹൈദരാബാദ‌്, സമീപ ജില്ലകൾ തുടങ്ങിയയിടങ്ങളിൽ വ്യവസായ-നിർമാണ മേഖലകൾ സ‌്തംഭിച്ചു.

അതേസമയം, കേരളത്തിൽ നിർബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്ന് അറിച്ചിരുന്നെങ്കിലും ചിലയിടങ്ങളിൽ ഇത് ലംഘിക്കപ്പെട്ടതോടെ ഒറ്റപ്പെട്ട സംഘർഷത്തിനും കാരണമായി. എന്നാൽ കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പ്രധാന വ്യാപാ കsന്ദ്രങ്ങൾ തുറന്ന് പ്രവർത്തിച്ചു. അതിനിടെ പണിമുടക്കുമായി ബന്ധപ്പെട്ടുണ്ടായ ട്രെയിൻ തടയൽ, സംഘർഷം എന്നിവയുടെ പേരിൽ നിരവധി കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിന്‍റെ ഭാഗമായി വിവിധയിടങ്ങളിലായി ട്രെയിന്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തു. 11 സ്റ്റേഷനുകളിലായി പത്ത് ട്രെയിനുകള്‍ തടഞ്ഞതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കടകൾ ബലമായി അടപ്പിച്ച സംഭവത്തിൽ മഞ്ചേരി 50 പേർക്കെതിരെയും കാസർകോട് ഉദുമയില്‍ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ട്രെയിൻ തടയലുമയി ബന്ധപ്പെട്ട് ജില്ലകൾ തോറും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്റ്റേഷൻ നാല് പേർക്കെതിരെയാണ് കേസെടുത്തപ്പോൾ മലപ്പുറത്ത് രണ്ട് കേസുകളിലായി 11 പേര്‍ക്കെതിരെയാണ് നടപടി. തിരൂർ ആറ് പേര്‍ക്കെതിരെയും പരപ്പനങ്ങാടി അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു കാസർകോട് കാഞ്ഞങ്ങാട് 20 പേര്‍ക്കെതിരെയും ചെറുവത്തൂർ 10 പേര്‍ക്കെതിരയും നടപടിയുണ്ടാവും.
കണ്ണൂര്‍ ജില്ലയില്‍ 32 പേര്‍ക്കെതിരെയാണ് ട്രെയിന് തടഞ്ഞതിന് കേസെടുത്തിരിക്കുന്നത് കണ്ണൂരിലും കണ്ണപുരത്തും എട്ട് പേര്‍ക്കെതിരെയും തലശ്ശേരിയില്‍ ഒമ്പത് പേര്‍ക്കെതിരെയും പയ്യന്നൂർ ഏഴ് പേര്‍ക്കെതിരെയുമാണ് കേസുകൾ.

പാലക്കാട് ഡിവിഷനു കീഴിൽ ട്രെയിൻ തടഞ്ഞതിന് 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒലവക്കോട് പത്ത് പേര്‍ക്കെതിരെയും ഷൊർണ്ണൂർ അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തു. ആലപ്പുഴയില്‍ ട്രെയിന്‍ തടഞ്ഞ രണ്ട് കേസുകളിലായി നൂറു പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തലയില്‍ നൂറു പേര്‍ക്കെതിരെയും ചെങ്ങന്നൂരില്‍ ആറു പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. അഖിലേന്ത്യാ പണിമുടക്കില്‍ പൊതുഗതാഗതം സ്തംഭിച്ചിരുന്നു. ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് കേരളത്തില്‍ ഉണ്ടായത്. ട്രെയിനുകള്‍ തടയുകയും നിര്‍ബന്ധിതമായി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തിരിച്ചയയ്ക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക ജനരോഷം ഉണ്ടായിരുന്നു.

This post was last modified on January 9, 2019 6:37 am

Leave a Comment