X

മഹാത്മ ഗാന്ധിയെ അധിക്ഷേപിച്ച ഐഎഎസ് ഉദ്യോഗസ്ഥയെ പുറത്താക്കണമെന്ന് എന്‍സിപി; ട്രോളിയതാണ് എന്ന് മനസിലായില്ലേ എന്ന് ഉദ്യോഗസ്ഥ

ഹാത്മ ഗാന്ധിയുടെ പ്രതിമകള്‍ തകര്‍ത്ത് താഴെയിടണമെന്നും ചുമരുകളില്‍ നിന്നും കറന്‍സി നോട്ടുകളില്‍ നിന്നു ഗാന്ധിയുടെ ചിത്രം നീക്കണമെന്നും ഉദ്യോഗസ്ഥ ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്നതിനെതിരെ രംഗത്ത് വരുകയും ഗാന്ധിയുടെ പ്രതിമകള്‍ തകര്‍ക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്ത അധിക്ഷേപിച്ച മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയെ പുറത്താക്കണം എന്ന് എന്‍സിപി. അതേസമയം താന്‍ പരിഹാസപൂര്‍വമാണ് ഇക്കാര്യം പറഞ്ഞത് എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥ നിഥി ചൗധരിയുടെ വിശദീകരണം. മേയ് 17ന് ഗോഡ്‌സെ ഹാഷ് ടാഗ് ഉപയോഗിച്ചാണ് നിഥി ചൗധരി ട്വീറ്റ് ചെയ്തത്. മഹാത്മ ഗാന്ധിയുടെ പ്രതിമകള്‍ തകര്‍ത്ത് താഴെയിടണമെന്നും ചുമരുകളില്‍ നിന്നും കറന്‍സി നോട്ടുകളില്‍ നിന്നു ഗാന്ധിയുടെ ചിത്രം നീക്കണമെന്നും ഉദ്യോഗസ്ഥ ആവശ്യപ്പെട്ടിരുന്നു.

ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ നിയമ നടപടി വേണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയെ ഉടന്‍ പുറത്താക്കണം. അവര്‍ ഗോഡ്‌സെയെ മഹത്വവത്കരിക്കുകയാണ് ചെയ്തിരിക്കുന്നത് – എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു. വിവാദമായതോടെ നിധി ചൗധരി ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഞാന്‍ പരിഹാസപൂര്‍വം പറഞ്ഞ കാര്യമാണ് എന്ന് മനസിലായില്ലേ. അല്ലാതെ ഗാന്ധിജിയെ ഞാന്‍ ഒരിക്കലും അധിക്ഷേപിക്കില്ല – നിധി ചൗധരി എന്‍ഡിടിവിയോട് പറഞ്ഞു.

ഇതൊന്നും ഗാന്ധിജിക്ക് കാണേണ്ടി വരാത്തതില്‍ ഞാന്‍ ഗോഡ്‌സെയ്ക്ക് നന്ദി പറയുന്നു എന്ന് നിധി പറഞ്ഞു. ജനുവരി മുതല്‍ സോഷ്യല്‍ മീഡിയയില്‍ കുറേപേര്‍ മഹാത്മ ഗാന്ധിയെ കുറ്റം പറയുന്നതായി കാണുന്നു. ഈ സാഹചര്യത്തിലാണ് ഞാനാ ട്വീറ്റ് ഇട്ടത് – നിധി വിശദീകരിച്ചു.

This post was last modified on June 2, 2019 3:34 pm