X

എന്‍ഡിടിവിയിലെ രവീഷ് കുമാറിന് റമോണ്‍ മാഗ്‌സസെ പുരസ്‌കാരം

സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവര്‍ത്തിക്കാന്‍ രവീഷ് കുമാറിന് കഴിഞ്ഞതായി പുരസ്‌കാര നിര്‍ണയ ജൂറി വിലയിരുത്തി.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി ഇന്ത്യ (ഹിന്ദി) ചാനലിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ രവീഷ് കുമാറിന് വിഖ്യാതമായ റമോണ്‍ മാഗ്‌സസെ പുരസ്‌കാരം. അഞ്ച് പേര്‍ക്കാണ് ഇത്തവണ മാഗ്‌സസെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവര്‍ത്തിക്കാന്‍ രവീഷ് കുമാറിന് കഴിഞ്ഞതായി പുരസ്‌കാര നിര്‍ണയ ജൂറി വിലയിരുത്തി. സമചിത്തതയുള്ള, ഗൗരവമായി കാര്യങ്ങളെ സമീപിക്കുന്ന, വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള അവതാരകനാണ് രവീഷ് കുമാര്‍ എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. 

ഫിലീപ്പീന്‍സ് മുന്‍ പ്രസിഡന്റ് റമോണ്‍ മഗ്‌സസെയുടെ പേരിലുള്ളതാണ് പുരസ്‌കാരം.
ആര്‍ കെ ലക്ഷ്മണ്‍, പി സായ്‌നാഥ്, അരുണ്‍ ഷൂരി, കിരണ്‍ ബേദി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ നേരത്തെ മാഗ്‌സസെ പുരസ്‌കാരം നേടി ഇന്ത്യക്കാരാണ്. മ്യാന്‍മറിലെ കോ സ്വെ വിന്‍, തായ്‌ലാന്റിലെ അംഘാന നീലപാജിത്, ഫിലിപ്പീന്‍സിലെ റായ്മുന്‍ഡോ പുജാന്‍തെ കയാബ്യാബ്, ദക്ഷിണ കൊറിയയിലെ കിം ജോങ് കി എന്നിവരാണ് ഇത്തവണ മറ്റ് മാഗ്‌സസെ പുരസ്‌കാര ജേതാക്കള്‍.

എന്‍ഡിടിവിയിലെ പ്രൈം ടൈം, ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട് എന്നീ ഷോകളും പരിപാടികളും ശ്രദ്ധേയമാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദ ങ്ങള്‍ക്ക് വഴങ്ങാത്ത മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രവീഷ് ഹിന്ദി മാധ്യമ ലോകത്ത് ശ്രദ്ധേയനായത്. രാംനാഥ് ഗോയങ്ക പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ജെഎന്‍യു വിഷയത്തിലടക്കം രവീഷ് കുമാര്‍ സംഘടിപ്പിച്ച ചര്‍ച്ചകളും വസ്തുതാന്വേഷണവും ശ്രദ്ധേയമായിരുന്നു. ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും രൂക്ഷ വിമര്‍ശനത്തിനും ആക്രമണങ്ങള്‍ക്കും രവീഷ് കുമാര്‍ ഇരയായിരുന്നു. വധഭീഷണികളും പലപ്പോഴും രവീഷ് കുമാറിനെതിരെ ഉയര്‍ന്നിട്ടുണ്ട്. സെല്‍ഫ് സെന്‍സര്‍ഷിപ്പിന് മാധ്യമങ്ങളെ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കുന്നു എന്ന പരാതികള്‍ക്കിടെ വസ്തുനിഷ്ഠ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ മാധ്യമങ്ങളുടെ പരിതാപകരമായ അവസ്ഥയെ രവീഷ് കുമാര്‍ തുറന്നുകാട്ടിയിരുന്നു.

This post was last modified on August 2, 2019 12:00 pm