X

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നെന്ന് രാജ് കുമാറിന്റെ കുടുംബം

കേസിൽ ഇടപെടരുതെന്ന് ഭാര്യയോടും മകനോടും അവശ്യപ്പെട്ടതായും ബന്ധു ആരോപിക്കുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ ഉൾപ്പെടെ വ്യക്തമാക്കുമ്പോഴും അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് നിലപാടുമായി മരിച്ച രാജ് കുമാറിന്റെ കുടുംബം. രാജ് കുമാറിനെ കസ്റ്റഡിയിൽ മർദിച്ച് കൊന്നതാണ്. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പോലീസുകാരെ സ്ഥലം മാറ്റിയത് കൊണ്ട് കാര്യമില്ല, ക്രിമിനൽ കേസെടുക്കണമെന്ന നിലപാടാണ് കുടുംബത്തിനുള്ളതെന്ന് വ്യക്തമാക്കിയ ബന്ധു ആന്റണി നിലവിലെ അന്വേഷണത്തിൽ തങ്ങൾക്ക് തൃപ്തിയില്ലെന്നും പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാരുന്നു പ്രതികരണം.

അതേസമയം, കേസിന്റെ പേരിൽ കുടുംബത്തിന് ഭീഷണിയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ ഇടപെടരുതെന്ന് പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസിൽ ഇടപെടരുതെന്ന് ഭാര്യയോടും മകനോടും അവശ്യപ്പെട്ടതായും ബന്ധു പറയുന്നു.

എന്നാൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരേയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമ സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസിൽ ഉള്‍പ്പെടെ പോലീസുകാർക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കസ്റ്റഡി മരണം അന്വേഷിക്കാൻ ഡിജിപി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തെ ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചുമതലയുള്ള ഉദ്യോഗസ്ഥൻ മറ്റൊരു കേസിന്റെ ഭാഗമായി സ്ഥലത്തില്ലാത്തതാണ് നടപടികൾ വൈകുന്നതെന്നാണ് വിവരം. ഇന്നോ നാളെയോ മാത്രമായിരിക്കും അന്വേഷണം സംഘം രൂപീകരിക്കുകയെന്നും ഐജി പറയുന്നു.

അതേസമയം, കസ്റ്റഡിയിൽ രാജ് കുമാർ നേരിട്ടത് കടുത്ത പീഡനങ്ങളാണെന്നാണ് റിപ്പോപുറത്ത് വരുന്ന റിപ്പോർട്ടുകൾ. നെടുങ്കണ്ടത്തെ പോലീസ് സ്റ്റേഷനിൽ രാജ്കുമാർ 4 ദിവസം ഉണ്ടായിരുന്നു. പൊലീസുകാരുടെ വിശ്രമമുറിയിൽ  ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ എഎസ്ഐയും 2 പൊലീസ് ഡ്രൈവർമാരും ചേർന്നായിരുന്നു മർദ്ദനത്തിന് നേതൃത്വം നൽകിയത്. പീരുമേട് ജയിൽ പ്രവേശിക്കുമ്പോള്‍ തന്നെ അവശ നിലയിലായിരുന്ന പ്രതിക്ക് ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പീരുമേട് ജയിൽ വാർഡനും ഇത് ശരിവയ്ക്കുന്നുണ്ട്. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു ജയിലിലെത്തിച്ചതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാർ പറയുന്നു.

ശരീരത്തിൽ 32 മുറിവുകളാണ് ഉണ്ടായിരുന്നത്, ഏറെയും അരയ്ക്കു താഴെ. ലാത്തി കൊണ്ട് കാൽ മുട്ടിനു താഴെ ഉരുട്ടിയും കാൽ വണ്ണയിൽ അടിച്ചു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവർമാർ കയറി നിന്നും പീഡിപ്പിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിനിടെ ഉന്നത ഉദ്യോഗസ്ഥൻ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. ഈ ചവിട്ടിലാണ് കുമാർ കുഴഞ്ഞു വീണതെന്നും പറയുന്നു. ഈ ദിവസങ്ങളിൽ സ്റ്റേഷനിൽ നിന്നു രാത്രി നിലവിളി കേട്ടതായി സമീപവാസികളും വെളിപ്പെടുത്തിയതായി മനോരമ റിപ്പോർട്ട് പറയുന്നു.

 

This post was last modified on July 10, 2019 11:46 am