X

തീവ്രവാദത്തിനെതിരെ നടപടിയെടുക്കും വരെ ചർച്ചയില്ല; പാക് പ്രധാനമന്ത്രിയുടെ നിര്‍ദേശം തള്ളി ഇന്ത്യ

അഭിനന്ദ് വർത്തമാൻ പാക് പിടിയിലായതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നെന്ന് ഇമ്രാൻ ഖാൻ പാക് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

തീവ്രവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടിയെടുക്കും വരെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദമോദിയുമായി പുൽവാമ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയാവാമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിലപാടാണ് ഇന്ത്യ തള്ളിയത്. ഒരു തലത്തിലും ചർച്ചയില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ പാകിസ്താനെതിരെ അതിർത്തിയിലെ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

ഇന്ത്യൻ വ്യോമസേന വിങ് കമാണ്ടർ അഭിനന്ദ് വർത്തമാൻ പാക് പിടിയിലായതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നെന്ന് ഇമ്രാൻ ഖാൻ പാക് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രതികരണം. വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു അപ്പോഴത്തെ ഇന്ത്യയുടെ നിലപാട്. ഇതിന് ചുവടു പിടിച്ചാണ് ഇപ്പോഴത്തെ പ്രതികരണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, പുൽ‌വാമ അക്രമത്തിന് ശേഷം കലുഷിതമായി ഇന്ത്യ പാക്ക് അതിർത്തിയിൽ ഇപ്പോഴും പ്രകോപനങ്ങൾ തുടരുകയാണ്. നിയന്ത്രണരേഖയിൽ പലയിടത്തും പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്. ഇന്ന് പുലർച്ചെ പൂഞ്ചിലെ ഷെൽ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരുന്നു. 24കാരിയായ റുബാന കോസര്‍, മക്കളായ ഫസാന്‍ (അഞ്ച് വയസ്), ഷബ്‌നം (ഒമ്പത് മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ സലോത്രി മേഖലയിലാണ് പ്രധാനമായും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘന ആക്രമണം. പാകിസ്താന്‍ സൈന്യം സിവിലിയന്മാരെ ആക്രമിക്കുകയാണ് എന്ന് ലെഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് കുറ്റപ്പെടുത്തി.

സലോത്രിയില്‍ നിരവധി നാട്ടുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ചിലും, മാന്‍കോട്ടെയിലും ബലാകോട്ടെയിലും നൗഷേരയിലുമെല്ലാം ഇത്തരത്തില്‍ നാട്ടുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ ആര്‍മി ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് ഗ്രാമവാസികളെയെല്ലാം സൈന്യം ഒഴിപ്പിക്കുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാന്‍കോട്ടെയിലും ബലാകോട്ടെയിലുമാണ് ആദ്യം ഷെല്ലിംഗ് തുടങ്ങിയത് എന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് നൗഷേരയിലും കൃഷ്ണ ഘട്ടിയിലിലും ആക്രമണം തുടങ്ങി. വടക്കന്‍ കാശ്മീരിലെ ഉറിയില്‍ ഒരു നാട്ടുകാരന് പരിക്കേറ്റിട്ടുണ്ട്. ഇവിടെ നിന്ന് മുപ്പതോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിയതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രതികരിച്ചിരുന്നു. ആക്രമണത്തെ തുടർന്ന അതിർത്തി പ്രദേശങ്ങളിൽ നിന്നും നാട്ടുകാർ ഒഴിഞ്ഞ് പോവുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.