X

“പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്” – ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യാതൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. കാര്‍ഷിക, തൊഴില്‍ മേഖലകളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ല.

മോദി സര്‍ക്കാരിന്റെ ബജറ്റ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് മാത്രമാണ് എന്ന് കോണ്‍ഗ്രസ്. ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ ഇന്ത്യയെക്കുറിച്ച് പറയുന്ന ബിജെപിയുടെ ബജറ്റില്‍ പഴയ വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അധീര്‍ രഞ്ജന്‍ പരിഹസിച്ചു.

ഇന്ത്യയെ ഒരു സമ്പന്ന രാജ്യമായി ചിത്രീകരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം തകര്‍ന്ന സമ്പദ് വ്യവസ്ഥയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യാതൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. കാര്‍ഷിക, തൊഴില്‍ മേഖലകളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാലയും ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. സാമ്പത്തിക വളര്‍ച്ചയ്‌ക്കോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ യാതൊരു പദ്ധതിയുമില്ല. ഗ്രാമീണ വികസനത്തിനായി പദ്ധതികളില്ല. വെറും വാക്കുകള്‍ കൊണ്ടുള്ള കളി മാത്രം – സൂര്‍ജേവാല പറഞ്ഞു.

This post was last modified on July 5, 2019 7:55 pm