മുംബയ് ടിഎന്‍ തോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ത്ഥിനിയും ബിവിഎല്‍ നായര്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായിരുന്ന പായല്‍ താഡ്വി ആത്മഹത്യ ചെയ്തത് ജാതി അധിക്ഷേപമം മൂലമല്ല എന്ന് റിപ്പോര്‍ട്ട്. പായല്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് റാംഗിംഗിനും മാനസിക പീഡനത്തിനും ഇരയായിട്ടുണ്ട് എന്നും അതേസമയം ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല എന്നുമാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. നീണ്ട ജോലി സമയവും തുടര്‍ച്ചയായ ജോലിയും പായലിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്ന് 16 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു.
നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന് നല്‍കും. ഡോക്ടര്‍മാരും പായലിന്റെ ഹോസ്റ്റല്‍ മേറ്റ്‌സും വീട്ടുകാരും ബന്ധുക്കളുമടക്കം 32 പേരുടെ മൊഴിയാണ് എടുത്തത്. അറസ്റ്റ് ചെയ്യപ്പെട്ട് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ – ഡോ.ഭക്തി മെഹരെ, ഡോ.അങ്കിത ഖണ്ഡേവാള്‍, ഡോ.ഹേമ അഹൂജ എന്നിവരുടെ മാതാപിതാക്കളുടേയും മൊഴിയെടുത്തു.
ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിനെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സീനിയര്‍ ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് പായല്‍ ജീവനൊടുക്കുന്നതിലേയ്ക്ക് നയിച്ചത് എ്ന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. അതേസമയം ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിനെതിരെയോ മൂന്ന് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയോ യാതൊരു നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നില്ല. പായല്‍ താഡ്വി റാഗിംഗിന് ഇരയായിട്ടുണ്ട് എന്നാണ് നായര്‍ ഹോസ്പിറ്റല്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലും പറയുന്നത്. 26കാരിയായ പായലിനെ മേയ് 22നാണ് നായര്‍ ഹോസ്പിറ്റലിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പായലിനെ ജാതീയമായി അധിക്ഷേപിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നീ ആരോപണങ്ങളുമായി അമ്മ ആബിദ താഡ്വി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടിക ഗോത്രത്തില്‍ പെടുന്ന ഭില്‍ മുസ്ലീം സമുദായക്കാരിയായ പായല്‍ താഡ്വി പട്ടിക വര്‍ഗ സംവരണത്തിലൂടെയാണ് മെഡിക്കല്‍ കേളേജില്‍ പ്രവേശനം നേടിയത്.
This post was last modified on June 11, 2019 7:56 am
Leave a Comment