X

ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ജപ്പാനില്‍; ട്രംപുമായി ചര്‍ച്ച നടത്തും

സ്ത്രീ ശാക്തീകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഭീകരവിരുദ്ധ നടപടികളിലെ സഹകരണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാന അജണ്ടകളെന്ന് ജപ്പാനിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് മോദി പറഞ്ഞിരുന്നു.

ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഒസാക്കയിലെത്തി. ഇന്നും നാളെയുമായാണ് ഉച്ചകോടി. ഉച്ചകോടിക്കിടെ മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള വിവിധ രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തും. സ്ത്രീ ശാക്തീകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഭീകരവിരുദ്ധ നടപടികളിലെ സഹകരണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാന അജണ്ടകളെന്ന് ജപ്പാനിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ വികസനപരിപാടികള്‍ പങ്കുവയ്ക്കുന്നതിനുള്ള അവസരമായും ജി 20 ഉച്ചകോടിയെ ഉപയോഗിക്കുമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലേയ്ക്കുള്ള ചവിട്ടുപടിയാണ് എന്ന് മോദി അഭിപ്രായപ്പെട്ടു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് എന്നിവരുമായി മോദി ചര്‍ച്ച നടത്തും. ബ്രിക്‌സ് രാജ്യങ്ങളുടെ മറ്റ് ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീല്‍ ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതാക്കളുമായി അനൗപചാരിക ചര്‍ച്ചയും നടത്തും.

This post was last modified on June 27, 2019 7:54 am