X

നമ്പി നാരായണനെതിരായ വിവാദ പരാമര്‍ശം; സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി പോലീസ്

കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി പുരോഗമിക്കുന്നത്.

ചാരക്കേസിൽ കുറ്റവിമുക്തനായതിന് പിറകെ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചതിന് പരിഹസിച്ച ടി.പി സെന്‍കുമാറിനെതിരെ പോലീസ് നിയമ നടപടി പരിഗണിക്കുന്നു. സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണത്തിനോ സാധ്യതയുണ്ടോ എന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ നിയമോപദേശം തേടിയതായാണ് റിപ്പോർട്ട്. കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി പുരോഗമിക്കുന്നത്.

പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ജനുവരി 26 ന് പത്രസമ്മേളനം വിളിച്ചാണ് മുൻ സംസ്ഥാന പോലീസ് മേധാവി കൂടിയായ ടിപി സെൻകുമാർ നമ്പി നാരായണനെ പരിഹസിച്ചത്. നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണ്. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പത്മഭൂഷൻ കിട്ടുമോ? നമ്പി നാരായണൻ ഐഎസ്ആർഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നൽകിയത്? ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്പും ഇക്കാര്യം ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായരടക്കമുള്ളവരോട് താൻ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാർഡ് സ്പോൺസർ ചെയ്തവരും അവാർഡ് കൊടുത്തവരും പറയണം. ചാരക്കേസിനെക്കുറിച്ച് സുപ്രീംകോടതി നിർദേശപ്രകാരം ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യം പരിഗണിച്ചില്ലെന്നും സെൻകുമാർ ആരോപിച്ചിരുന്നു.

എന്നാൽ സുപ്രീംകോടതി ഇപ്പോൾ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണസമിതി ചാരക്കേസ് അട്ടിമറിച്ചതെങ്ങനെ എന്നാണ് അന്വേഷിക്കുന്നത്. അല്ലാതെ ചാരക്കേസല്ലെന്നായിരുന്നു ആരോപണങ്ങളോടുള്ള നമ്പി നാരായണന്റെ മറുപടി.