പോലീസിലെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ നിയമ നടപടിയുമായി പ്രതിപക്ഷം. വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിക്ഷത്തിന്റെ നീക്കം. പോലീസിലെ പോസ്റ്റൽ ബോലറ്റുകൾ മുഴുവൻ റദ്ദാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹർജി സമര്‍പ്പിക്കും. ബാലറ്റ് പിൻവലിച്ച് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്നും പ്രതിക്ഷ നേതാവ് കോടതിയിൽ ആവശ്യപ്പെടും.
പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ സമഗ്ര അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. മെയ് പതിനഞ്ചിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസ് അസോസിയേഷന്‍ കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിഷയം വിവാദമമായത്. സംഭവത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ കാസർകോട് ജില്ലയിലും സമാനമായ പരാതി ഉയർന്നു. ബേക്കൽ സ്റ്റേഷനിലെ 44 പോലീസുകാരിൽ യുഡിഎഫ് അനുകൂലികളായവർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. 11 പേർക്ക് ബാലറ്റ് ലഭിച്ചില്ലെന്ന് കാട്ടി പോലീസുകാർ കളക്ടർക്ക് പരാതി നല്‍കിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ വിഷയവും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന് പോലീസ് മേധാവി ഇന്നലെ വ്യക്തമാക്കിയിരുന്നു.
This post was last modified on May 13, 2019 7:35 am
Leave a Comment