X

തന്നെ കസ്റ്റഡിയിലെടുത്ത യുപി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയുടെ പ്രതിഷേധ ധര്‍ണ തുടരുന്നു

സോന്‍ഭദ്ര സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധവുമായി വെള്ളിയാഴ്ച രാവിലെ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് സർക്കാരിനെതിരെ ധർണ സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ പോകും വഴി പൊലീസ് കസ്റ്റഡിയിലെടുത്ത് തടഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ധര്‍ണ തുടരുന്നു. ചുനാര്‍ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയുടെ പ്രതിഷേധ ധര്‍ണ. പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായെന്ന് സഹോദരനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ആരോപിച്ചു.

ഗുജ്ജാര്‍ വിഭാഗക്കാരുടെ വെടിയേറ്റ് ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 പേർ കൊല്ലപ്പെട്ട സോന്‍ഭദ്ര ജില്ലയിലുള്ള ഉംഭ സന്ദർശനത്തിനെത്തിയതായിരുന്നു പ്രിയങ്ക. സോന്‍ഭദ്രയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്ന് അരോപിച്ചായിരുന്നു തന്നെ അറസ്റ്റ് ചെയ്തതെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സോന്‍ഭദ്ര സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധവുമായി വെള്ളിയാഴ്ച രാവിലെ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് സർക്കാരിനെതിരെ ധർണ സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. തന്നെ അറസ്റ്റ് ചെയ്ത് മേഖലയിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഗോണ്ട് എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തലമുറകളായി കൃഷി ചെയ്തുകൊണ്ടിരുന്ന 90 ബിഗ (36 ഏക്കര്‍) ഭൂമി ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ട ഗ്രാമത്തലവന്‍ വാങ്ങുകയും അത് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തെയും തുടര്‍ന്നായിരുന്നു വെടിവയ്പ്. ബുധനാഴ്ച രാവിലെ ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ ഈ ഭൂമിയില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് 25-ഓളം ട്രാക്ടറുകളിലായി നൂറോളം വരുന്ന ഗുജ്ജാറുകള്‍ ഇവിടേക്ക് എത്തിയത്. തോക്കുകളുമേന്തിയായിരുന്നു ഇവരുടെ വരവ് എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്ത് എത്തിയ ഉടന്‍ തന്നെ ഇവര്‍ ട്രാക്ടറുകള്‍ ഇറക്കി നിലം ഉഴുതു തുടങ്ങി. ഇവര്‍ എത്തിയതോടെ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ മറ്റുള്ളവരേയും വിളിച്ചു ചേര്‍ത്തു. സ്ഥലത്തെത്തിയവര്‍ തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ആരംഭിച്ചു. നിലമുഴുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളും ഉണ്ടാവുകയും ഉടന്‍ ഗ്രാമത്തലവന്‍ യജ്ഞ ദത്ത് ഭൂരിയയും സംഘവും ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിനിടെ ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ വടികളുമുപയോഗിച്ച് ഇവരെ തിരിച്ചാക്രമിച്ചു. തുടര്‍ന്ന് ഇവരും വെടിയേറ്റു വീഴുകയായിരുന്നു.