X

രണ്ട് മാസം പമ്പയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി; രാഹുൽ ഈശ്വറിന് വീണ്ടും ജാമ്യം

റാന്നി ഗ്രാമ ന്യായാധികാരി ജാമ്യം റദ്ദാക്കിയതിനെ തുടർന്നായിരുന്നു പാലക്കാട് വച്ചാണ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിലായത്.

ശബരിമല സംഘർഷങ്ങള്‍ സംബന്ധിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനു ജാമ്യം. രണ്ടു മാസം പമ്പയിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ‌ു രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതു ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ട് പ്രകാരം റാന്നി ഗ്രാമ ന്യായാധികാരി ജാമ്യം റദ്ദാക്കിയതിനെ തുടർന്നായിരുന്നു പാലക്കാട് വച്ച് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിലായത്. പാലക്കാട് നടന്ന ഹിന്ദുമഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പോലീസ് നടപടി.

തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ സ്ത്രീകളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് തന്ത്രി കുടുംബാംഗം കൂടിയായ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും രാഹുലിനെതിരെ ചുമത്തിയിരുന്നു. സന്നിധാനത്ത് വച്ച് അറസ്റ്റിലായ അദ്ദേഹത്തെ പിന്നീട് രണ്ടു മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെ ജാമ്യം നൽകുകയായിരുന്നു. ഇതിനിടെ പമ്പ പൊലീസിൽ ഒപ്പിടാനെത്തിയ രാഹുലിനെ മൂന്നു തവണ നിലയ്ക്കൽ പൊലീസ് തടഞ്ഞിരുന്നു. ഈ നടപടി പിന്നീട് പത്തനംതിട്ടയിലേക്ക് നീക്കി. എന്നാൽ ഇക്കഴിഞ്ഞ ഡിസംബർ 8 ശനിയാഴ്ച രാഹുൽ ഈശ്വർ ഒപ്പിട്ടിരുന്നില്ല. ഇതാണു ജാമ്യം റദ്ദാക്കാനിടയാക്കിയത്.

പാലക്കാട്ടുനിന്നും അറസ്റ്റിലായ അദ്ദേഹത്തെ പിന്നീട് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഒരു തവണ മാത്രം ഒപ്പിടാൻ സാധിക്കാതിരുന്നതിനാലാണു തന്നെ അറസ്റ്റു ചെയ്തത് എന്നു ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

പരാജിതനായ മുഖ്യമന്ത്രിയുടെ രോദനമാണ് വനിതാ മതില്‍; പങ്കെടുക്കുന്നത് രഹ്നാ ഫാത്തിമയെ പോലുള്ളവര്‍: ശോഭാ സുരേന്ദ്രന്‍/അഭിമുഖം

This post was last modified on December 21, 2018 4:00 pm