X

ബിജെപിയുടെ ‘ചരിത്രപരമായ നോട്ട് നിരോധനം’ കുട്ടികള്‍ പഠിക്കേണ്ടതില്ല; രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാഠഭാഗം നീക്കി

12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് 2017ല്‍ ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനത്തെ പ്രശംസിച്ചുകൊണ്ടുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയിരുന്നത്.

നോട്ട് നിരോധനത്തെക്കുറിച്ച് രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഭാഗങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കി. പുതുക്കിയ പാഠപുസ്തകങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസാര ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നോട്ട് നിരോധനം വലിയ പരാജയമായി മാറിയ പരീക്ഷണമായിരുന്നു. നോട്ട് നിരോധനത്തിനൂടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച് മൂന്ന് ലക്ഷ്യങ്ങള്‍ – ഭീകരവാദം, അഴിമതി, കള്ളപ്പണം എന്നിവ അവസാനിപ്പിക്കല്‍ എന്നിവ സാധ്യമായില്ല. ജനങ്ങള്‍ ക്യൂവില്‍ നിന്ന് വലഞ്ഞു. രാജ്യത്തിന് 10,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് 2017ല്‍ ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനത്തെ പ്രശംസിച്ചുകൊണ്ടുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. 500, 1000 നോട്ടുകള്‍ അസാധുവാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായിരുന്നു എന്നും കള്ളപ്പണം പിടിച്ചെടുത്ത് സമ്പദ് വ്യവസ്ഥ ശുദ്ധീകരിക്കാനുള്ള ശക്തമായ നടപടിയായിരുന്നു എന്നും പറയുന്നു.

വിഡി സവര്‍ക്കറിനെ വീരനായകനാക്കി ചിത്രീകരിച്ച ബിജെപി സര്‍ക്കര്‍ കൊണ്ടുവന്ന പാഠഭാഗം മാറ്റിയതിന് പിന്നാലെയാണ് നടപടി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് നല്‍കിയാണ് സവര്‍ക്കര്‍ ജയില്‍ മോചിതനായത് എന്ന വസ്തുത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എട്ടാം ക്ലാസിലെ ഇംഗ്‌ളീഷ് പാഠപുസ്‌കത്തില്‍ ജോഹര്‍ (സതി) അനുഷ്ഠിക്കുന്ന സ്ത്രീകളെ വിവരിക്കുന്ന ചിത്രം കൊടുത്തിരുന്നതും നീക്കം ചെയ്തിട്ടുണ്ട്. ഇത്തരമൊരു ചിത്രം ഈ കാലത്ത് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്ന് മന്ത്രി ചോദിച്ചു.

അതേസമയം പാഠപുസ്തകങ്ങളിലെ ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ട് റിവ്യു കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ഹിന്ദുത്വവാദികളായ ദേശാഭിമാനികളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് എന്ന് ബിജെപി ആരോപിച്ചു.

ബാങ്കുകളെ ഷൈലോക്കുകളാക്കുന്ന സര്‍ഫാസി നിയമം, കേരളത്തില്‍ ഭീഷണി നേരിടുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍, നിസഹായരായി സര്‍ക്കാര്‍

This post was last modified on May 15, 2019 12:54 pm