ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ ആശയ്ക്കുഴപ്പം ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്റെ അഭിമുഖം പുറത്ത് വന്നതിന് പിറകെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തരുടെ വികാരം അനുസരിച്ച് വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് നിലപാട് തീരുമാനിക്കാമെന്നായിരുന്നു എഐസിസി നിര്‍ദേശം. അക്കാര്യം അധ്യക്ഷന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. അതില്‍ ആശയകുഴപ്പം ഒന്നും തന്നെയില്ല. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പം നിന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ വാട്ടര്‍ ലൂ ആകുമെന്ന് കെപിപിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. വിശ്യസികളെ കണക്കിലെടുത്തില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കേരളം പാര്‍ട്ടിയെ കയ്യൊഴിയും. ഭക്തരെ കൂടെ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേര് തകര്‍ക്കപ്പെടും. അതിന് സാഹചര്യം ഉണ്ടാക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെടുന്നു.
സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. സ്ത്രീയും പുരുഷനും തുല്യരെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നായിരുന്നു രാഹുല്‍ ഗാന്ധി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് വൈകാരികമാണെന്നും അധ്യക്ഷന്‍ പറയുന്നു. കേരളത്തിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഏറെ വൈകാരികമായ വിഷയമാണിത്. സ്ത്രീകളും ആചാരങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഞാനും എന്റെ പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ എന്റെ പാര്‍ട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് കൊണ്ട് ഞാന്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്നു” എന്നാണ് രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
This post was last modified on October 30, 2018 5:03 pm
Leave a Comment