X

വിമര്‍ശിച്ച് പോസ്റ്റിട്ടാല്‍ അറസ്റ്റ് ചെയ്യും, പുറത്താക്കും; യോഗിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസം?: ചെന്നിത്തല

തന്നെ വിമര്‍ശിച്ചതിന് ലക്നൌവില്‍ പത്രക്കാരെ ജയിലിലിട്ട യോഗി ആദ്യത്യനാഥും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചെന്നിത്തല ചോദിച്ചു.

എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നവരോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെയാണ് പ്രതികരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം അഭിപ്രായപ്പെട്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

കേരളത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരെ അപ്പോള്‍ പുറത്താക്കും. 149 സര്‍ക്കാര്‍ ജീവനക്കാരെയാണ് മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ പുറത്താക്കിയത്. തന്നെ വിമര്‍ശിച്ചതിന് ലക്നൌവില്‍ പത്രക്കാരെ ജയിലിലിട്ട യോഗി ആദ്യത്യനാഥും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്ത് നടക്കുന്ന ഭരണം ഏകാധിപത്യവും ഫാസിസവുമാണ് എന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നയത്തിനെതിരെ യു.ഡി.എഫ് ശക്തമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ: യോഗിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കണം: യുപി പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

അതേസമയം കേരളത്തില്‍ മോദിപ്പേടിയെ പോലെ പിണറായിപ്പേടിയുണ്ടെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വമായ നീക്കം നടത്തുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തെ മൂന്ന് തവണ മാറ്റി. പ്രതികളെ എങ്ങനെയൊക്കെ രക്ഷിക്കാമെന്ന് ആലോചിച്ച ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ടി.പി ചന്ദ്രശേഖരന്റെയും ശുഹൈബിന്റെയും അടക്കം മിക്ക കൊലപാതകങ്ങളും നടത്തിയത് ഒരേ രീതിയിലാണെന്നും ഈ അക്രമി സംഘങ്ങളെ രക്ഷിക്കാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നിരപരാധികളായ ഒരു കൂട്ടം ആളുകളെ കൊല്ലുന്ന, അതിന് കൂട്ടുനില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് എങ്ങനെ നീതി കിട്ടും. അതാണ് സി.ഒ.ടി നസീറിന്റെ കാര്യത്തിലും സംഭവിച്ചത്. അയാള്‍ കാറിന്റെ അടിയിലേക്ക് കയറിയില്ലെങ്കില്‍ ടി.പി ചന്ദ്രശേഖരന്റെ അനുഭവം അദ്ദേഹത്തിനുണ്ടാവുമായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേരളത്തിലെ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടതാണ് – ചെന്നിത്തല പറഞ്ഞു.

This post was last modified on June 11, 2019 3:31 pm