X

ബിനോയ്ക്കെതിരായ ആരോപണം: മധ്യസ്ഥ ചർച്ചകൾ പൊളിഞ്ഞത് അഞ്ച് കോടിയിൽ തട്ടി

ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി ബാലകൃഷ്ണൻ വിശ്വസിച്ചതെന്നും, പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു കെ പി ശ്രീജിത്ത് പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനിയായ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നിരുന്നെന്ന് വെളിപ്പെടുത്തൽ. എന്നാൽ നഷ്ടപരിഹാരമായി യുവതി മുന്നോട്ട് വച്ച അഞ്ച് കോടിയെന്ന് ഡിമാൻഡാണ് ചർച്ചകൾ വഴിമുട്ടിച്ചതെന്നും പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മുംബൈയിൽ അഭിഭാഷകനായ മലയാളി കെ പി ശ്രീജിത്ത് എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

യുവതിയുടെ സുഹൃത്ത് അറിയിച്ചത് പ്രകാരമാണ് താൻ വിഷയത്തില്‍ ഇടപെടുന്നത്. കോടിയേരി കുടുംബവുമായി ബന്ധമുണ്ടെന്നതാണ് വിഷയത്തിലേക്ക് തന്നെ എത്തിച്ചത്. താൻ ആവശ്യപ്പെട്ടത് പ്രകാരം ഏപ്രിൽ 18 ന് വിനോദിനി ബാലകൃഷ്ണൻ ചർച്ചകൾക്കായി മുംബൈയിൽ എത്തുകയായിരുന്നു. അമ്മയെന്ന നിലയിലുള്ള ആശങ്കകളായിരുന്നു അവർ പങ്കുവച്ചത്. തന്റെ ഓഫീസില്‍ വച്ച് നടന്ന ചർച്ചകളിൽ കുട്ടിയുടെ ചിലവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അഞ്ച് കോടി രൂപ വേണമെന്ന ആവശ്യത്തിൽ തട്ടി ചർച്ച പരാജപ്പെടുകയായിരുന്നെന്നും ശ്രീജിത്ത് പറയുന്നു.

അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നും നിലപാടെടുത്തു. സംഭവത്തിൽ ബ്ലാക്ക് മെയിലിങ്ങ് ഉണ്ടെന്നുമായിരുന്നു അവർ മുന്നോട്ട് വച്ച ആശങ്ക. ഇതേ നിലപാടാണ് വിഷയത്തിൽ ബിനോയിയും സ്വീകരിച്ചതെന്നും അഭിഭാഷൻ പറയുന്നു.

അഭിഭാഷകന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ പരാതി ഇല്ലാതാക്കാൻ കോടിയേരി കുടുംബം നേരിട്ട് ഇടപെട്ടന്ന് വ്യക്തമാവുകയാണ്. അഭിഭാഷകൻ പറയുന്ന തിയ്യതിക്ക് തൊട്ടടുത്ത ദിവസമാണ് യുവതി, അവരുടെ സുഹൃത്ത് എന്നിവർക്കെതിരെ കണ്ണൂർ ഐജിക്ക് ബിനോയ് കോടിയേരി പരാതി നൽകുന്നത്. അതിൽ ചൂണ്ടിക്കാട്ടിയിരുന്നതും അഞ്ച് കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു. മധ്യസ്ഥ ചർ‌ച്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിനോദിനി ബാലകൃഷ്ണൻ നേരിട്ട് ഇടപെട്ടെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ കേസിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് കൂടിയാണ് പൊളിയുന്നത്.

ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി ബാലകൃഷ്ണൻ വിശ്വസിച്ചതെന്നും, പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു കെ പി ശ്രീജിത്ത് പറയുന്നു. എന്നാൽ മകന്റെ കാര്യങ്ങളിൽ ഇടപെടാറില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് തീർത്തും വിരുദ്ധമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍.

ബിനോയിക്കെതിരായ കേസിൽ കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുന്നു, നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ