X

ബഹിരാകാശത്ത് പ്രത്യുല്‍പ്പാദനം സാധ്യമോ? ബീജ ബാങ്ക് സാധ്യമെന്ന് പഠനം

ചൊവ്വ അടക്കമുള്ള ഗ്രഹങ്ങളിലെ മനുഷ്യവാസ സാധ്യതകളെപ്പറ്റിയുള്ള പഠനങ്ങള്‍ തുടരുന്നതിന് ഇടയിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ബഹിരാകാശത്തും ചൊവ്വ അടക്കമുള്ള ഗ്രഹങ്ങളിലും ബീജ ബാങ്ക് സാധ്യമാണ് എന്ന് പഠനം. വനിതാ ബഹിരാകാശ യാത്രികര്‍ക്ക് പുരുഷ സഹായമില്ലാതെ പ്രത്യുല്‍പ്പാദനം നടത്താനുള്ള സാധ്യത ഉണ്ടായേക്കും. ബീജം ബഹിരാകാശത്തും സൂക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വ അടക്കമുള്ള ഗ്രഹങ്ങളിലെ മനുഷ്യവാസ സാധ്യതകളെപ്പറ്റിയുള്ള പഠനങ്ങള്‍ തുടരുന്നതിന് ഇടയിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വനിത അംഗങ്ങള്‍ മാത്രമുള്ള ചൊവ്വാ ദൗത്യങ്ങള്‍ വരുന്നതിനെ സംബന്ധിച്ച റിപ്പോര്‍ട്ടുകളുമുണ്ട്.

10 ഡോണര്‍മാരില്‍ നിന്നുള്ള സ്‌പേം ശേഖരിച്ചാണ് പഠനം നടത്തിയത്. ഒരു എയ്‌റോബാറ്റിക് വിമാനം ഉപയോഗിച്ചാണ് മൈക്രോഗ്രാവിറ്റിയില്‍ സ്‌പേമിന് സംഭവിക്കുന്ന മാറ്റങ്ങള്‍ പരിശോധിക്കാന്‍ പരീക്ഷണം നടത്തിയത്. ഈ സാംപിളുകള്‍ പിന്നീട് ഫെര്‍ട്ടിലിറ്റി സ്‌ക്രീനിംഗിനും ഡിഎന്‍എ ഫ്രാഗ്മെന്റേഷനും വിധേയമാക്കി. കാര്യമായ മാറ്റങ്ങളൊന്നും ഭൂമിയിലെ സാംപിളുകളില്‍ നിന്നുണ്ടായിട്ടില്ല.

പഠന റിപ്പോര്‍ട്ട് വിയന്നയിലെ യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹ്യൂമണ്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജി വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു. ബാഴ്‌സലോണയിലെ ഡെക്‌സസ് വിമന്‍സ് ഹെല്‍ത്തില്‍ നിന്നുള്ള മോണ്ട്‌സെറാറ്റ് ബൊവാഡയാണ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. അതേസമയം ഗുരുത്വാകര്‍ഷണ വ്യതിയാനങ്ങള്‍ മനുഷ്യ ബീജത്തെ ഏത് തരത്തില്‍ ബാധിക്കും ഏത് തരത്തില്‍ ഭൂമിയില്‍ നിന്ന് ഇത് ബഹിരാകാശത്തെത്തിക്കാം എന്നീ കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലില്ല.

ബഹിരാകാശ യാത്രികരുടെ ലൈംഗിക ആവശ്യങ്ങള്‍ സംബന്ധിച്ച് 2017ല്‍ ബ്രിട്ടീഷ് യാത്രിക ഹെലന്‍ ഷാര്‍മന്‍ പറഞ്ഞിരുന്നു. അതേസമയം ബഹിരാകാശത്തെ സ്പേം ബാങ്കിന്റെ സാധ്യതകള്‍ സംബന്ധിച്ചും എത്ര കാലം ഇത് സൂക്ഷിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

This post was last modified on June 24, 2019 10:25 am