X

പ്രതിഷേധം ശക്തം, ജമ്മു കാശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കാശ്മീര്‍ താഴ്‌വരയുടെ പല പ്രദേശങ്ങളിലും രണ്ടാഴ്ചയോളമായി നിയന്ത്രണങ്ങള്‍ തുടരുകയാണ്.

ശ്രീനഗര്‍ അടക്കമുള്ള മേഖലകളില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് എതിരായ പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങള്‍ ശക്തമായി പുനസ്ഥാപിച്ചു. ഇന്നലെ ശ്രീനഗറിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയിരുന്നു. ഇതാണ് പുനസ്ഥാപിച്ചത്. ബലി പെരുന്നാളിന് മുന്നോടിയായി കഴിഞ്ഞ വെള്ളിയാഴ്ച നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. കാശ്മീര്‍ താഴ്‌വരയുടെ പല പ്രദേശങ്ങളിലും രണ്ടാഴ്ചയോളമായി നിയന്ത്രണങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും കര്‍ഫ്യൂ ഉണ്ട്. കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുണ്ട്.

പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ പൊലീസ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായും നിരവധി പ്രതിഷേക്കാര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ദ വയറും മറ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിക്കുകയാണുണ്ടായത്. ഇന്നത്തെ പ്രതിഷേധത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ചത്തെ പ്രതിഷേധങ്ങളില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പല മേഖലകളിലും കഴിഞ്ഞ ദിവസം ലാന്‍ഡ്‌ഫോണ്‍ പുനസ്ഥാപിച്ചു. ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിലും മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമുണ്ടായിരുന്നു. നിലവില്‍ 2 ജി ഇന്റര്‍നെറ്റ് അനുവദിച്ചിട്ടുണ്ട്. ജമ്മു, സാംബ, കത്വ, ഉധംപൂര്‍ ജില്ലകളിലാണിത്.

This post was last modified on August 18, 2019 6:21 pm