X

സിപിഐ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്ജ്: എറണാകുളം സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തു

മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ തിരിച്ചറിയുന്നതില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

എറണാകുളത്ത് സിപിഐ സംഘടിപ്പിച്ച ഡിഐജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നടപടി. ലാത്തിച്ചാര്‍ജ്ജിന് നേതൃത്വം നല്‍കിയ വിപിന്‍ദാസിനെ സസ്‌പെന്ഡജ് ചെയ്തുകൊണ്ടാണ് നടപടി.

എസ്‌ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായതായി വിലയിരുത്തിയാണ് നടപടി. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ തിരിച്ചറിയുന്നതില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി സിറ്റി അഡീഷണല്‍ കമ്മിഷണര്‍ കെ പി ഫിലിപ്പ് ആണ് നടപടിയെടുത്തത്.

വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫുകാരെ കാണാന്‍ ആശുപത്രിയിലെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞപ്പോള്‍ നിഷ്‌ക്രിയത്വം പാലിച്ച ഞാറയ്ക്കല്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സിപിഐ മാര്‍ച്ച് നടത്തിയത്. രാവിലെ 11.30ന് ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡിഐജി ഓഫീസിന് 50 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. പി രാജുവിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള സമരക്കാര്‍ ബാരിക്കേഡിലേക്ക് തള്ളിക്കയറിയതോടെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു.

എല്‍ദോ എബ്രഹാം ഉള്‍പ്പെടെ 15 സിപിഐ പ്രവര്‍ത്തകര്‍ക്കും അസി. കമ്മിഷണര്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. പി രാജുവിനും തലയ്ക്ക് നിസാര പരിക്കേറ്റിരുന്നു. കൈയൊടിഞ്ഞ എല്‍ദോ എബ്രഹാം, അസി. കമ്മിഷണര്‍ കെ ലാല്‍ജി, വിപിന്‍ദാസ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടതായും വന്നു.

also read:കവളപ്പാറയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മരണം 46 ആയി