X

മേയര്‍ പ്രശാന്തിനെ ആക്രമിച്ചത് സന്ദര്‍ശക ഗ്യാലറിയില്‍ കയറിക്കൂടിയ ആര്‍ എസ് എസുകാരെന്ന് പിണറായി

അല്‍പ്പം കൂടി അക്രമം കടന്നു പോകുകയായിരുന്നുവെങ്കില്‍ നട്ടെല്ലിന് പരുക്കേറ്റ് ശരീരം തന്നെ നിശ്ചലമായേനെ എന്നാണ് ഡോക്ടർമാർ പറഞ്ഞത്

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി കേസുകളില്‍ പ്രതികളായ ആര്‍ എസ് എസുകാര്‍ സന്ദര്‍ശക ഗ്യാലറിയില്‍ കയറിക്കൂടിയിരുന്നു. അവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്നും പിണറായി പറഞ്ഞു.

തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് മേയര്‍ക്ക് പരിക്കേറ്റത്. എം പി, എം എല്‍ എ ഫണ്ടില്‍ നിന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് മേയര്‍ നല്‍കിയ കത്ത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കൌണ്‍സിലില്‍ ബിജെപി പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് മേയര്‍ അംഗീകരിച്ചില്ല. ഇതാണ് ബി ജെ പി കൌണ്‍സിലര്‍മാരെ പ്രകോപിച്ചത്.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതാണ്. മേയറുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് സാരമായ പരിക്കുണ്ട്. അല്‍പ്പം കൂടി അക്രമം കടന്നു പോകുകയായിരുന്നുവെങ്കില്‍ നട്ടെല്ലിന് പരുക്കേറ്റ് ശരീരം തന്നെ നിശ്ചലമായേനെ എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

നിരവധി കേസുകളില്‍ പ്രതികളായ ആര്‍എസ്എസുകാര്‍ സന്ദര്‍ശക ഗ്യാലറിയില്‍ കയറിക്കൂടി. യാതൊരു പ്രകോപനവും കൂടാതെ നടന്ന അക്രമത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും ചേരുകയായിരുന്നു. ആര്‍എസ്എസാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. മേയറെ അക്രമിച്ച ശേഷം സ്ത്രീകളായ കൊണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു.

ഉന്തിലും തള്ളിലും പെട്ടാണ് അക്രമം നടന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് തെറ്റാണ്. യാതൊരു പ്രകോപനവും കൂടാതെ നടന്ന ഏകപക്ഷീയമായ ആക്രമണമായിരുന്നു. നഗരസഭയിലെ സംഭവങ്ങള്‍ തീര്‍ത്തും അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

കെ.ജി ജോര്‍ജിന്റെ ‘പഞ്ചവടിപാല’ത്തിന് 33 വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവനന്തപുരം കോര്‍പ്പറേഷന്‍