X

ശാന്തിവനത്തെ മരം മുറിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച എംജി യൂണിവേഴ്‌സിറ്റി ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

എംജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എപി അനില്‍ കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്.

എറണാകുളം ശാന്തിവനത്ത് കെഎസ്ഇബി ലൈന്‍ വലിക്കുന്നതിനായുള്ള മരം മുറിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മഹാത്മ ഗാന്ധി സര്‍വകലാശാല ഉദ്യോഗസന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. എംജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എപി അനില്‍ കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്.

ശാന്തിവനത്തില്‍ മരങ്ങള്‍ മുറിച്ചു കൊണ്ട്‌ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മ്മാണത്തെ വിമര്‍ശിച്ച് എഴുതിയതിനാണ് നടപടിയെടുത്തിരുന്നത്. എസ്.ശര്‍മ്മ എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലയിലെ അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസറായ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

‘വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ചെറായി 110 കെ.വി സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വൈദ്യുതി ലൈനിന്‍റെ അലൈന്‍മെന്‍റ് വിഷയത്തില്‍ എം.എല്‍.എക്കും വൈദ്യതി മന്ത്രിക്കുമെതിരെ അനില്‍കുമാര്‍ മോശം പരാമര്‍ശം നടത്തി എന്നാണ് സര്‍വകലാശാല ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത് സംബന്ധിച്ച് എസ്.ശര്‍മ്മ നല്‍കിയ പരാതി സ്പീക്കര്‍ പരിശോധിച്ചതിന് ശേഷമാണ് സര്‍വകലാശാലയോട് വിശദീകരണം ചോദിച്ചത്.

പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനില്‍കുമാര്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യുന്നതെന്നും ഉത്തരവില്‍ പറയുന്നു. വ്ളാഡിമിര്‍ ലെനിനെ ഉദ്ദരിച്ചു കൊണ്ട് പരിസ്ഥിതി വിഷയങ്ങളില്‍ ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ട് എന്നതാണ് ഇടതുപക്ഷത്തിന്‍റെ നയം എന്ന തരത്തിലുള്ള വിമര്‍ശനമാണ് അനില്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്.