X

തലയിണയും കസേരയും ജയിലധികൃതർ നീക്കി, പുറംവേദനയെന്ന് ചിദംബരം; കോടതി കസ്റ്റഡി കാലാവധി നീട്ടിയത് എന്തടിസ്ഥാനത്തിലെന്ന് സിബൽ

എന്നാൽ ഇതിനെ ഒരു 'ചെറിയ പ്രശ്ന'മായാണ് സർക്കാർ മനസ്സിലാക്കുന്നത്.

തനിക്ക് അനുവദിച്ചിരുന്ന തലയിണയും കസേരയും ജയിലധികൃതർ നീക്കം ചെയ്തതിനാൽ കടുത്ത പുറംവേദന അനുഭവപ്പെടുന്നതായി മുൻ കേന്ദ്രമന്ത്രി പി ചിദംബരം ഡൽഹി കോടതിയെ അറിയിച്ചു. സെപ്തംബർ 5 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം. അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി കോടതി ഒക്ടോബർ 3 വരെ നീട്ടി നൽകിയിട്ടുമുണ്ട്.

തന്റെ ജയിലറയ്ക്കു പുറത്ത് കസേരകളുണ്ടായിരുന്നെന്നും താനതിൽ പകൽനേരങ്ങളിൽ ഇരിക്കാറുണ്ടായിരുന്നെന്നും ചിദംബരം കോടതിയിൽ ബോധിപ്പിച്ചു. താനതിൽ ഇരിക്കുന്നുവെന്ന് കണ്ട് ജയിലധികൃതർ അവ നീക്കം ചെയ്തെന്ന് ചിദംബരം പരാതിപ്പെട്ടു. തന്റെ വക്കീൽ അഭിഷേക് മനു സിംഘ്‌വി മുഖാന്തിരമാണ് ചിദംബരം ആവലാതി കോടതിയെ ബോധിപ്പിച്ചത്.

എന്നാൽ ഇതിനെ ഒരു ‘ചെറിയ പ്രശ്ന’മായാണ് സർക്കാർ മനസ്സിലാക്കുന്നത്. ജയിലിൽ മുൻപും കസേരയുണ്ടായിരുന്നില്ലെന്ന് സർക്കാർ വാദിച്ചു. ഈ ചെറിയ പ്രശ്നത്തെ വലുതാക്കി വഷളാക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ പറഞ്ഞു.

അതെസമയം കോടതി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിയതിൽ അന്യായമാരോപിച്ച് വക്കീലന്മാർ പ്രതിഷേധിക്കുകയുണ്ടായി. ഇങ്ങനെ യാന്ത്രികമായി കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് വക്കീലന്മാരിലൊരാളായ കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ കസ്റ്റഡി നീട്ടുന്നതെന്ന് അദ്ദേഹം കോടതിയോട് ആരാഞ്ഞു.

This post was last modified on September 19, 2019 10:40 pm