X

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കണം – മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ശ്രീറാമിനെ സഹായിക്കുന്ന വിധത്തില്‍ പൊലീസ് ഗുരുതര കൃത്യവിലോപം കാട്ടിയെന്ന ആരോപണത്തിനിടയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അപ്പീല്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. നാളെ തന്നെ ശ്രീറാമിന് ജാമ്യം നല്‍കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതിന് തെളിവില്ല എന്ന് പറഞ്ഞ തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. ശ്രീറാമിനെ സഹായിക്കുന്ന വിധത്തില്‍ പൊലീസ് ഗുരുതര കൃത്യവിലോപം കാട്ടിയെന്ന ആരോപണത്തിനിടയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അപ്പീല്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ശ്രീറാം മദ്യപിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. താന്‍ മദ്യപിച്ചിരുന്നില്ല എന്നും തനിക്കെതിരായ കേസിന് പിന്നില്‍ രാഷ്ട്രീയ, മാധ്യമ സമ്മര്‍ദ്ദങ്ങളുണ്ട് എന്നുമാണ് ശ്രീറാമിന്റെ വാദം. ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന് അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസുകാര്‍ ശ്രീറാമിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതായും സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ മദ്യപിച്ചതായി തെളിയിക്കേണ്ടത് രക്തപരിശോധനയിലൂടെയാണ്. രക്തപരിശോധന നടത്തിയത് അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷവും.

ശ്രീറാമിന്റെ കൂടെ കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് നല്‍കിയ രഹസ്യമൊഴി പുറത്തുവന്നിട്ടുണ്ട്. ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നത് എന്നും മദ്യപിച്ചിരുന്നു എന്നും അമിത വേഗതയിലായിരുന്നു എന്നും വഫ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍യ എന്നാല്‍ അമിത് വേഗതയിലായിരുന്നു ശ്രീറാം കാര്‍ ഓടിച്ചിരുന്നത് എന്ന് പറഞ്ഞ വഫ, മദ്യപിച്ചിരുന്നോ എന്ന് തനിക്ക് അറിയില്ല എന്നാണ് പിന്നീട് പറഞ്ഞത്. ഇക്കാര്യം പരിശോധനയില്‍ തെളിയേണ്ടതാണ് എന്ന് വഫ ഫിറോസ് ഏഷ്യാനെറ്റിനോട് പ്രതികരിച്ചത്.

This post was last modified on August 6, 2019 9:24 pm

Related Post
Leave a Comment