X

“നീ കള്ള് കുടിച്ചതല്ലേ, അങ്ങോട്ട് മാറിനില്‍ക്ക്” എന്ന് പറഞ്ഞ പൊലീസ് തന്നെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചു?

ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നാണ് കോടതി പൊലീസിനോട് തിരിച്ചു ചോദിച്ചിരിക്കുന്നത്.

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടടുത്ത സമയത്ത് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ കാല്‍ നിലത്തുറയ്ക്കാത്ത അവസ്ഥയിലായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള ദൃക്‌സാക്ഷികള്‍ ആദ്യം പറഞ്ഞത്. ശ്രീറാം മദ്യലഹരിയിലാണ് വാഹനമോടിച്ചത് എന്ന് വാദിച്ച പൊലീസിനോട് മദ്യപിച്ചതിന് തെളിവ് എവിടെ എന്നാണ് തിരുവനന്തപുരം സിജെഎം കോടതി ചോദിച്ചിരിക്കുന്നത്. ജാമ്യം നല്‍കുകയും ചെയ്തിരിക്കുന്നു.

ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടറും ശ്രീറാം മദ്യപിച്ചിരുന്നതായി പറഞ്ഞെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീ കള്ള് കുടിച്ചതല്ലേ, അങ്ങോട്ട് മാറിനില്‍ക്ക്, കള്ള് കുടിച്ച് വണ്ടിയോടിക്കാന്‍ പാടില്ല എന്ന് അറിയില്ലേ എന്നെല്ലാം വാഹനമോടിച്ച പുരുഷനോട് പൊലീസ് പറയുന്നതായി കേട്ടു എന്നാണ് അപകടത്തിന് ശേഷം സ്ഥലത്തെത്തിയ സാക്ഷികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യമെത്തിയ മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാര്‍ ശ്രീറാമിനെ തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് തെളിയിക്കേണ്ട രക്തപരിശോധന പൊലീസ് നടത്തിയത് അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം മാത്രം. പൊലീസ് രക്തപരിശോധന നീട്ടിക്കൊണ്ടുപോയത് കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാനാണ് എന്ന ആരോപണമുയര്‍ന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേയും രക്തപരിശാധന നടത്തിയിരുന്നില്ല. രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം വിസമ്മതിച്ചു എന്നും സമ്മതമില്ലാതെ പരിശോധന നടത്താനാകില്ലെന്നും 12 മണിക്കൂറിനകം പരിശോധന നടത്തിയാല്‍ മതി എന്നുമെല്ലാമായിരുന്നു പൊലീസിന്റെ വിശദീകരണം. അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമനെ സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ സഹായിച്ചതും വിവാദമായി. കിംസ് ആശുപത്രിയിലാണ് ശ്രീറാം ആദ്യം ചികിത്സ തേടിയത്. പിന്നീടാണ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്.

പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചു എന്നാണ് ശ്രീറാമിനെതിരേ പറയുന്നത്. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നാണ് കോടതി പൊലീസിനോട് തിരിച്ചു ചോദിച്ചിരിക്കുന്നത്. രക്തപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറിയും ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂട്ടുപ്രതിയായ വഫ ഫിറോസിന്റെരഹസ്യ മൊഴി ചോര്‍ന്നതിലും കോടതി പൊലീസിനെ വിമര്‍ശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോരരുതെന്ന് നിര്‍ദ്ദേശിച്ചാണ് വഫയുടെ രഹസ്യമൊഴി കൈമാറിയതെന്നും ഇത് മൊഴി എങ്ങനെ ചോര്‍ന്നുവെന്നുമാണ് കോടതി ചോദിച്ചത്. ഇതിന് പിന്നാലെയായിരുന്നു കസ്റ്റഡി ആവശ്യം കോടതി തള്ളിയത്.

ശ്രീറാമിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകനെയല്ല ആരെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ ശ്രീറാമിനെതിരെ മാധ്യമ – രാഷ്ട്രീയ വിചാരണ നടക്കുകയാണെന്നാണ് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ ആരോപിച്ചത്. അപകടത്തില്‍ ശ്രീറാമിന് നട്ടല്ലിനും തലയ്ക്കും പരുക്കുണ്ട്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദത്തിന് സാധുത നല്‍കുന്നതാണ് ശ്രീറാമിന്റെ രക്തപരിശോധന റിപ്പോര്‍ട്ട്. നേരത്തെ കൈയ്ക്ക് മാത്രം പരിക്ക് എന്നാണ് പറഞ്ഞിരുന്നത്.

തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ നടത്തിയ രക്തപരിശോധന റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഈ റിപ്പോര്‍ട്ട് ഇന്നലെ പൊലീസിന് കൈമാറുകയും ചെയ്തു. ‘മദ്യപിച്ച് അപകടരമായും സാഹസികമായും അമിതവേഗതയിലും വാഹനമോടിച്ചാല്‍ അപകടമുണ്ടായി മരണം സംഭവിക്കാന്‍ ഇടയാകുമെന്ന് അറിയാവുന്ന പ്രതി’ എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് തന്നെ ഈയൊരു കാരണം കൊണ്ട് കോടതിക്ക് തള്ളിക്കളയാനും കഴിയും.

രക്തത്തില്‍ ഇത്രയളവില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരിക്കണമെന്ന് ഇത്തരം കേസുകളില്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. അപകട സമയത്ത് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ (വഫ ഫിറോസ്) മൊഴിയാണ് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് പറയാന്‍ ഉള്ള ഒരു തെളിവ്. വേറെ രണ്ടു സാക്ഷികള്‍ കൂടി ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ അപകടം നേരില്‍ കണ്ടവരോ അപകട സമയത്ത് ശ്രീറാമായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നു കണ്ടവരോ അല്ല.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന വഫയെ  കേസില്‍ കൂട്ടിപ്രതിയാക്കിയിരിക്കുന്നതുകൊണ്ട് അവരുടെ മൊഴി എത്രമാത്രം കേസിന് അനുകൂലമാകുമെന്നും സംശയമുണ്ട്. മാത്രമല്ല, മദ്യത്തിന്റെ മണം ശ്രീറാമിന് ഉണ്ടായിരുന്നുവെന്നു മാത്രമാണ് അവര്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്നതും. അമിതമായി മദ്യപിച്ചിരുന്നുവെന്നോ വാഹനം ഓടിക്കാന്‍ കഴിയാത്തവിധം ലഹരിയില്‍ ആയിരുന്നുവെന്നോ പറയുന്നില്ല. വാഹനമോടിച്ചിരുന്നത് അമിതവേഗതയിലായിരുന്നു എന്നും മദ്യപിച്ചിരുന്നോ എന്ന് അറിയില്ലെന്നുമാണ് പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് വഫ പറഞ്ഞത്.

പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചകളും കൃത്യവിലോപങ്ങളും:

1.രക്തപരിശോധനയിലും ഫോറന്‍സിക് പരിശോധനയിലും പ്രതിക്ക് അനുകൂലമായ വീഴ്ച്ചകള്‍ സംഭവിക്കുന്നു. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് കോടതിയില്‍ പൊലീസിന് തിരിച്ചടിയുണ്ടാകും.

2.വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്ന് വിരലടയാളം വച്ച് തെളിയിക്കാനുള്ള നടപടിയിലും വീഴ്ച്ച വരുന്നു. ക്രിമിനല്‍ കേസിന്റെ കാര്യത്തില്‍ പ്രതിയുടെ രക്തപരിശോധന, വിരലടയാളം ശേഖരിക്കല്‍, കൈപ്പട പകര്‍പ്പ് എടുക്കല്‍, ഒപ്പ് ഇടീപ്പിക്കല്‍ എന്നിവ പൊലീസിന് നിര്‍ബന്ധപൂര്‍വം തന്നെ ആവശ്യപ്പെടാമെന്നു നിയമം അനുശാസിക്കുമ്പോഴും ശ്രീറാമിന്റെ കേസില്‍ പൊലീസ് ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ അനുസരിച്ച് പെരുമാറുന്നു.

3.അപകട സമയത്ത് ശ്രീറാമാണ് വാഹനമോടിച്ചതെന്നു തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടമുണ്ടാക്കിയ വാഹനം അമിത വേഗത്തില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. ഇതുവച്ച് വാഹനം ഓടിച്ചത് ശ്രീറാം ആയിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കില്ല.

4.വൈദ്യപരിശോധനയ്ക്കു കൊണ്ടു പോകും മുന്നേ മണിപ്പിച്ച് നോക്കിയോ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചോ പ്രതി മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്തുന്നത് സാധാരണ നടപടിയാണ്. ശ്രീറാമിന്റെ കാര്യത്തില്‍ അത്തരം തെളിവെടുപ്പ് നടന്നിട്ടില്ല. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിരുന്നുവെന്നു കണ്ടെത്തുന്നതും കോടതിയില്‍ ഹാജരാക്കാവുന്ന തെളിവാണ്. ബ്രത് അനലൈസര്‍ ഉപയോഗിച്ചുള്ള തെളിവ് തള്ളിപ്പോകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് വൈദ്യ പരിശോധനയ്ക്ക് നടത്തുന്നത്.

5.രക്തപരിശോധന നടത്തണമെന്നു കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ക്ക് റിക്വസ്റ്റ് കൊടുക്കണം. Under request of a police officer എന്നു പറഞ്ഞാണ് മെഡിക്കല്‍ ഓഫിസര്‍ പ്രതിയുടെ വൈദ്യ പരിശോധന നടത്തുന്നത്. സാധാരണ കേസുകളിലൊക്കെ നടക്കുന്ന പതിവ് പ്രകിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ നടന്നില്ല. രക്തപരിശോധന നടത്താനുള്ള റിക്വസ്റ്റ് പൊലീസ് നല്‍കിയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്.

7.പോലീസിന്റെ റിക്വസ്റ്റ് ഉണ്ടെങ്കില്‍ പ്രതി സമ്മതിച്ചില്ലെങ്കില്‍ പോലും രക്തപരിശോധന നടത്താന്‍ സെക്ഷന്‍ 53 സിആര്‍പിസി അനുവദിക്കുന്നുണ്ട്. മയക്കി കിടത്തിയോ ബലപ്രയോഗത്താലോ ഒക്കെ രക്തം എടുക്കാം. ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ അങ്ങനെയൊരു ആവശ്യം പോലീസ് ഉന്നയിച്ചില്ല.

8.പോലീസിന്റെ റിക്വസ്റ്റ് ഇല്ലെങ്കിലും പ്രതിയുടെ വൈദ്യപരിശോധനയുടെ ഭാഗമായി രക്തം എടുക്കാന്‍ ഡോക്ടര്‍ക്ക് അവകാശം ഉണ്ട്. അങ്ങനെ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രീറാം വെങ്കിട്ടരാമന്‍ വേണ്ടായെന്നു പറഞ്ഞത്. അതോടെ താന്‍ പിന്‍വാങ്ങിയെന്നാണ് ഡോക്ടര്‍ പറയുന്നത്. പോലീസ് ഇവിടെ മൗനമായി നിന്നു. പ്രതി സമ്മതിച്ചില്ലെങ്കില്‍ തന്നെയും മോട്ടോര്‍ വെഹിക്കള്‍ ആക്ട് 202, 203 പ്രകാരം പോലീസിന് പ്രതി മദ്യപിച്ചിട്ടുണ്ട് എന്ന നിഗമനത്തില്‍ കേസുമായി മുന്നോട്ടുപോകാം. രക്തപരിശോധനയ്ക്ക് പ്രതി സമ്മതിച്ചില്ലെന്ന രേഖ കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതി. ഈ വഴികളെല്ലാം പൊലീസ് സ്വയം അടച്ചു.

9.കൂട്ടു പ്രതിയായ വഫ (അപകട സമയത്ത് വാഹനത്തില്‍ ശ്രീറാമിന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ) നല്‍കിയ രഹസ്യ മൊഴിയില്‍ ശ്രീറാം മദ്യപിച്ചിരുന്നതായി പറയുമ്പോഴും രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനാകാത്തത് സമയപരിധി കഴിഞ്ഞ് പരിശോധന നടത്തിയതുകൊണ്ടാണെന്നു വ്യക്തം. കെമിക്കല്‍ ലാബില്‍ നിന്നും ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരുന്നതായും പറയുന്നു.

10.അര്‍ദ്ധരാത്രിയില്‍ പ്രതി എവിടെ നിന്നാണ് വന്നതെന്ന കാര്യം അന്വേഷിച്ചാലും മദ്യപിച്ചിരുന്നോ എന്ന കാര്യം വ്യക്തമാക്കാവുന്നതാണ്. പാര്‍ട്ടിയില്‍ പങ്കെടുത്തശേഷമാണ് ശ്രീറാം വന്നതെന്നു മൊഴികള്‍ ഉണ്ടായിട്ടും എന്തായിരുന്നു പാര്‍ട്ടി, എവിടെയായിരുന്നു, ആരൊക്കെ ഉണ്ടായിരുന്നു എന്ന കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. ശ്രീറാം മദ്യപിക്കുന്നത് കണ്ടവരുടെ സാക്ഷി മൊഴിയും കോടതിയില്‍ ഹാജരാക്കുന്നതായിരുന്നു. എന്നാല്‍ ശ്രീറാമിന്റെ കാര്യത്തില്‍ ഇതൊന്നും അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.

11.കവടിയാറില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു കേന്ദ്രം ഉണ്ടെന്നും അവിടെ നിന്നാണ് ശ്രീറാം വന്നതെന്നും പറയുമ്പോള്‍, ആ കേന്ദ്രത്തെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായല്ല.

12.ബഷീറിനെ ഇടിച്ച വാഹനത്തിന്റെ സ്റ്റിയറിംഗ് വീലില്‍ നിന്നും ശേഖരിച്ച വിരലടയാളം ശ്രീറാമിന്റെതാണെന്നു തെളിയിക്കാന്‍ പ്രതിയുടെയും വിരലടയാളം ശേഖരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിന് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ഫോറന്‍സിക് തെളിവുകള്‍ നിര്‍ണായകമാണെന്നിരിക്കെ പൊലീസ് എന്തുകൊണ്ട് ഇത്തരമൊരു വീഴ്ച്ച വരുത്തി?

13. കൈക്ക് ഫ്രാക്ചര്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ വഫയുടെ രഹസ്യമൊഴിയില്‍ പറയുന്നത് ശ്രീറാം അപകടത്തില്‍ പരുക്കേറ്റയാളെ (ബഷീറിനെ)പൊക്കിയെടുത്ത് റോഡില്‍ കൊണ്ടുവന്നു കിടത്തിയെന്നാണ്. കൈയ്ക്ക് പരിക്ക് ഉണ്ടായിരുന്നുവെങ്കില്‍ അപകടം നടന്നയിടത്തു നിന്നും ബഷീറിന്റെ ശരീരം ശ്രീറാമിന് ഒറ്റയ്ക്ക് പൊക്കിയെടുത്ത് റോഡില്‍ കൊണ്ടു വന്നു കിടത്താന്‍ കഴിയുമായിരുന്നോ? ഇക്കാര്യം എന്തുകൊണ്ട് പൊലീസ് ചോദിച്ചില്ല?

This post was last modified on August 6, 2019 6:50 pm