X

ബീഹാറിൽ ആൾക്കൂട്ടക്കൊല; പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് 44കാരനെ മർദിച്ചുകൊന്നു

മഹേഷ് യാദവ് എന്നയാളാണ് മരിച്ചത്. ദാക്ക് ഹരിപൂർ ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം.

പശുവിന്റെ പേരിൽ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊല. ബീഹാറിലെ അരാരിയ ജില്ലയിലാണ് പശുമോഷണം ആരോപിച്ച് 44 കാരനെ ആൾക്കൂട്ടം മർദിച്ച് കൊന്നത്. മഹേഷ് യാദവ് എന്നയാളാണ് മരിച്ചത്. ദാക്ക് ഹരിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു  സംഭവം. മഹേഷ് യാദവിനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നെന്ന് ശിവശരൻ ഷാ പോലീസ് എസ്എച്ച്ഒ റോബർട്ട് ഗഞ്ച് പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കിയത്. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത വ്യക്തികളുടെ പേരിലാണ് കേസെടുത്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. അൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിന് ഇരയായ മഹേഷ് യാദവിനെ പോലീസ് ഇടപെട്ടാണ് ആശുപത്രിയിലെത്തിയതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട വ്യക്തിയുൾപ്പെട്ടെ നേരത്തെ പശുമോഷണം സംബന്ധിച്ച കേസിൽ ഉൾപ്പെട്ടിരുന്നെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ഡിസംബറിലും അരാരിയിൽ പശുവിന്റെ പേരിൽ ആൾക്കൂട്ടമർദനം റിപ്പോർട്ട് ചെയ്തിരുന്നു. പശുമോഷണം ആരോപിച്ച് നടന്ന അതിക്രമത്തിൽ മുന്നൂറോളം പേരാണ് പങ്കാളികളായതെന്നായിരുന്നു വാർത്തകൾ. മുഹമ്മദ് കാബുൾ എന്നയാള്‍ക്കാണ് അന്ന് മർദനമേറ്റത്. അനക്കമറ്റ് കിടന്നിരുന്ന ഇയാളുടെ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.

This post was last modified on May 3, 2019 4:35 pm