X

‘രണ്ടാം ലാലു യാദവ്’ താനാണെന്ന് തേജ് പ്രതാപ് യാദവ്: ആർജെഡിയിൽ സഹോദരന്മാരുടെ തല്ല് മുറുകുന്നു

ലാലുപ്രസാദ് യാദവിനു വേണ്ടി നിലവിൽ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വപരമായ കാര്യങ്ങളുടെ ചാര്‍ജ് തേജസ്വി യാദവാണ് ഏറ്റെടുത്തിരിക്കുന്നത്.

ബിഹാറിൽ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചു നിൽക്കവെ ലാലുപ്രസാദ് യാദവിന്റെ യഥാർത്ഥ പാരമ്പര്യം തനിക്കാണെന്ന് അവകാശപ്പെട്ട് മൂത്തമകൻ തേജ് പ്രതാപ് യാദവ് രംഗത്ത്. “ബിഹാറിലെ ഞാനാണ് രണ്ടാം ലാലു യാദവ്.” -ജഹനാബാദിലെ ഒരു റാലിയിൽ വെച്ച് തേജ് പ്രതാപ് പറഞ്ഞു. രാഷ്ട്രീയനീക്കങ്ങളിൽ താരതമ്യേന പിന്നാക്കം നിൽക്കുന്ന തേജ് പ്രതാപ് യാദവും, ഇളയ സഹോദരൻ തേജസ്വി യാദവും തമ്മിൽ വലിപ്പച്ചെറുപ്പ പ്രശ്നം ഏറെനാളായി നിലനില്‍ക്കുന്നതാണ്.

ജയിലിലുള്ള ലാലുപ്രസാദ് യാദവിനു വേണ്ടി നിലവിൽ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വപരമായ കാര്യങ്ങളുടെ ചാര്‍ജ് തേജസ്വി യാദവാണ് ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിലുള്ള തർക്കങ്ങൾ റിപ്പോർട്ടുകളിൽ നിറയുകയാണ്. കഴിഞ്ഞ മാസം തേജ്പ്രതാപ് യാദവിന്റെ പിറന്നാൾ ദിനത്തിൽ ഇരുവരും ക്യാമറകൾക്കു മുമ്പിൽ‌ പരസ്പരം ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു.

തന്റെ പിതാവ് ലാലു യാദവ് വളരെ ഊർജസ്വലനാണെന്നും, ദിവസവും പത്തും പന്ത്രണ്ടും യോഗങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നെന്നും, ഇപ്പോഴത്തെ ചില നേതാക്കൾ രണ്ട് പരിപാടിയിൽ പങ്കെടുക്കുമ്പോഴേക്ക് തളരുകയാണെന്നും ജഹാനാബാദിലെ റാലിയിൽ വെച്ച് തേജ് പ്രതാപ് യാദവ് പറയുകയുണ്ടായി. ഇത് തേജസ്വി യാദവിനെ ലാക്കാക്കിയുള്ളതാണെന്ന് എല്ലാവർക്കും മനസ്സിലാകുകയും ചെയ്തു. തേജസ്വി ഈയടുത്ത ദിനങ്ങളിൽ ചില തെരഞ്ഞെടുപ്പു പരിപാടികൾ റദ്ദാക്കിയിരുന്നു. ആരോഗ്യകാരണങ്ങളായിരുന്നു പിന്നിൽ. “ഞാൻ ലാലു യാദവിന്റെ ചോരയാണ്. അദ്ദേഹമാണ് ഞങ്ങളുടെ വിഗ്രഹവും ഗുരുവും. ഞാനാണ് ബിഹാറിലെ രണ്ടാം ലാലു യാദവ്.” -തേജ് പ്രതാപ് പറഞ്ഞു.

ആർജെഡി ടിക്കറ്റുകൾ ഇത്തവണ നൽകിയത് ആശ്രിതർക്കാണെന്നും തന്റെ സഹോദരന്റെ പേര് പരാമർശിക്കാതെ തേജ് പ്രതാപ് പറഞ്ഞു. ജാഹനാബാദിലെ സ്ഥാനാർത്ഥി തന്റെ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം ജയിക്കുമെന്ന് ഉറപ്പാണെന്നും തേജ് പ്രതാപ് പ്രസ്താവിച്ചു.

This post was last modified on May 3, 2019 4:29 pm

Related Post
Leave a Comment