X

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ നവോത്ഥാന നായകർ പിറന്ന മണ്ണാണ് കേരളം; വനിതാ മതിൽ നാഴികക്കല്ലായി മാറും: സ്വാമി അഗ്നിവേശ്

ലോകത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ സ‌്ത്രീകൾ തുല്യരായ ഒരു പുതിയ ലോകം സൃഷ‌്ടിക്കാൻ എല്ലാവരും മുന്നോട്ട‌് വരണം.

ജനുവരി 1 ന് കേരളത്തിൽ നടക്കുന്ന വനിതാ മതിലിനെ പിന്തുണയ്ക്കാൻ താനും കേരളത്തിലുണ്ടാവുമെന്ന് സ്വാമി അഗ്നിവേശ്. വനിതാമതിൽ സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നാഴികകല്ലായി മാറുമെന്ന‌് അഭിപ്രായപ്പെട്ട അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും ചിലരുടെ മാനസികനില പതിനാലാം നൂറ്റാണ്ടിലാണ‌െന്നും കുറ്റപ്പെടുത്തി. കൊച്ചി ശാസ‌്ത്ര സാങ്കേതിക സർവകലാശാല- കളമശേരി നവോത്ഥാന സംരക്ഷണസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

ബുദ്ധിയുള്ള മനുഷ്യര്‍ ഒന്നിനെയും കണ്ണടച്ച‌് പിന്തുടരുന്നവരല്ല. ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ‌്. ആര‌് തെറ്റു പറഞ്ഞാലും അത‌് ചോദ്യം ചെയ്യപ്പെടണം. വായുവും സൂര്യനും വെള്ളവും എല്ലാം ലിംഗ, മത, വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവർക്കുമായി സൃഷ‌്ടിക്കപ്പെട്ടതാണ‌്. ഇന്ത്യൻ ഭരണഘടനയും എല്ലാവർക്കും തുല്യത വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ പാർലമെന്റിന‌് മുന്നിൽ എഴുതി വെച്ചിട്ടുള്ള ‘വസുധൈവ കുടുംബകം’ എന്ന മഹത്തായ സങ്കൽപ്പം പാലിക്കാൻ ഭരണഘടന അനുസരിക്കുന്ന ഏതൊരാളും ബാധ്യസ്ഥനാണ‌്. ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങി നിരവധി നവോത്ഥാന നായകർ പിറന്ന മണ്ണാണ‌് കേരളം. ലോകത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ സ‌്ത്രീകൾ തുല്യരായ ഒരു പുതിയ ലോകം സൃഷ‌്ടിക്കാൻ എല്ലാവരും മുന്നോട്ട‌് വരണം. ഇത്തരം ഒരു ആശയം മുന്നോട്ട‌് വെച്ച സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ശനിയാഴ‌്ച കേരളത്തിൽ നിന്ന‌് മടങ്ങാനിരുന്ന താൻ വനിതാമതിലിന്റെ ഭാഗമാവാൻ മടക്കയാത്ര മാറ്റിവച്ചതായും പുരുഷനായ സ‌്ത്രീപക്ഷവാദിയാണ‌് താനെന്നും അദ്ദേഹം പറഞ്ഞു.

സതി നിർത്തലാക്കിയപ്പോൾ അതിനെതിരെ സ‌്ത്രീകളും തെരുവിലിറങ്ങിയിരുന്നു. സമാന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത‌്. ആർത്തവം സ‌്ത്രീ ശരീരത്തിന്റെ ജൈവപരമായ ഒരു പ്രത്യേകത മാത്രമാണ‌്. അയ്യപ്പനും ഒരമ്മയുടെ മകനായിരിക്കണം. ആ അമ്മയ‌്ക്ക‌് ആർത്തവം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ‌് അയ്യപ്പൻ ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുവതികൾ വന്നാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന ചിലരുടെ വാദം വിഡ്ഢിത്തമാണ‌െന്നും അദ്ദേഹം പറയുന്നു. മുതലാഖ് നിയമം ലോകസഭയിൽ പാസാക്കിയതിനെക്കുറിച്ചു പ്രസംഗിക്കുന്നവർ ശബരിമല വിധിയെ എതിർക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും സ്വാമി പറയുന്നു.

രാജ്യത്ത് അടുത്ത് നടക്കാനിരിക്കുന്ന ജനാധിപത്യ പ്രക്രീയയിൽ ഇന്ത്യയിൽ മാറ്റമുണ്ടാവുകതന്നെ ചെയ്യും. പുതിയ സമൂഹം സൃഷ്ടിക്കണമെങ്കിൽ ഓരോ വ്യക്തികളും ചിന്തിച്ചു മുന്നോട്ട് പോകണം. ലോകത്തെ പിന്നോട്ട‌് നയിക്കുന്ന ഇരുണ്ട ശക്തികൾക്കെതിരെ പോരാടിയാൽ മാത്രമെ പുരോഗതിയുണ്ടാകുകയുള്ളു. പൗരാണിക ഭാരതത്തിലെ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിപോലും വിഡ്ഡിത്തങ്ങൾ പറയുകയാണ്. സമൂഹത്തെ പിന്നോട്ട് നടത്തുന്നവയാണ‌് ഇത്തരം നിലപാടുകൾ. മോഡിയേയും സംഘപരിവാറിനെയും വിമർശിക്കുന്നതിനാലാണ‌് താൻ ആക്രമിക്കപ്പെടുന്നതെന്ന‌ും അദ്ദേഹം പ്രസംഗത്തിൽ ആരോപിച്ചു.

‘മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? ആഘോഷങ്ങള്‍ നടത്തണ്ടേ?’; വിദ്യാർത്ഥികളെ ഐഎസ് ഭീകരരാക്കി വാർത്ത നൽ‍കിയ ജനം ടിവിക്കെതിരെ സലിം കുമാര്‍

വനിതാ മതില്‍ എന്തിനെന്ന് പോലും അറിയാത്ത പ്രതിപക്ഷ നേതാവ് ചോദ്യങ്ങൾ ഉന്നയിക്കുന്നു: മുഖ്യമന്ത്രി