X

തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയതോ? ഗൂഢാലോചനയുടെ തെളിവെന്ന പേരിൽ വാട്സാപ് സന്ദേശങ്ങൾ പുറത്ത്

ഷാർജയിലോ മറ്റോ തുഷാറിനെതിരെ ചെക്ക് കേസ് നൽകി ‘പൂട്ടുകയാണു’ തന്റെ ലക്ഷ്യമെന്ന് പറയുന്ന ഒരു സന്ദേശത്തിൽ 25,000 ദിർഹം നൽകിയാൽ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും പറയുന്നു.

കോടികളുടെ ചെക്ക് കേസില്‍ യുഎഇയിൽ അറസ്റ്റിലായി നിയമ നടപടി നേരിടുന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മനപ്പൂർവം കുടുക്കിയതെന്ന് സംശയിക്കുന്ന തെളിവുകളുമായി മാധ്യമങ്ങൾ. തുഷാറിനെതിരെ പരാതി നൽകിയ അജ്മാനിലെ യുവ വ്യവസായി നാസിൽ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തുവന്നത്. വാട്സാപ് ക്ലിപ്പുകളിലെ ശബ്ദം പരാതിക്കാരനായ നാസിൽ അബ്ദുല്ലയുടേതാണെന്നു തെളിഞ്ഞാൽ കേസിന്റെ ഗതി തന്നെ മാറുമെന്നാണ് നിയമവിദഗ്ധർ പറയുന്നതെന്ന് മനോരമ റിപ്പോര്‍‍ട്ട് ചെയ്യുന്നു.

തുഷാറിനെ ചെക്ക് കേസിൽ കുടുക്കാൻ വേണ്ടി താൻ തയാറാക്കിയ പദ്ധതി വിശദീകരിച്ച് കബീർ എന്നയാളോട് പേരു വെളപ്പെടുത്താത ഒരു വ്യക്തി സംസാരിക്കുന്നതാണ് വാട്സാപ് സന്ദേശങ്ങളുടെ ഉള്ളടക്കം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തിലുള്ള ഇരുപതോളം ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം രാത്രി മാധ്യമങ്ങൾക്കു ലഭിച്ചത്. നാട്ടിൽ നിന്ന് ചെക്ക് സംഘടിപ്പിച്ചാണ് ഗൂഢാലോചന നടത്തിയിട്ടുള്ളതെന്നുള്ള സൂചനയും സന്ദേശങ്ങൾ നൽകുന്നുണ്ട്. സന്ദേശങ്ങളിൽ ഒന്നിൽ ആദ്യം താൻ 10 ലക്ഷം ദിർഹത്തിന്റെ കേസാണ് നൽകുന്നതെന്ന് പറയുന്നുണ്ട്. എന്നാൽ പിന്നീട്, 60 ലക്ഷത്തിൽ കൂടുതൽ ദിർഹമിന്റെ കേസ് നൽകരുതെന്ന് തനിക്ക് നിയമോപദേശം ലഭിച്ചതായും സൂചിപ്പിക്കുന്നു.

ഷാർജയിലോ മറ്റോ തുഷാറിനെതിരെ ചെക്ക് കേസ് നൽകി ‘പൂട്ടുകയാണു’ തന്റെ ലക്ഷ്യമെന്ന് പറയുന്ന ഒരു സന്ദേശത്തിൽ
25,000 ദിർഹം നൽകിയാൽ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും പറയുന്നുണ്ട്. കേസിന് ബലം നൽകാനുള്ള രേഖകളൊക്കെ താൻ സംഘടിപ്പിച്ച് വരികയാണെന്നും സന്ദേശത്തിൽ ഇയാൾ വ്യക്തമാക്കുന്നു. കൂടാതെ തുഷാർ അടുത്തു തന്നെ യുഎഇയിലെത്തും, ഇതോടെ കേസിൽ കുടുങ്ങും, അങ്ങനെയുണ്ടായാൽ പണം പറന്നുവരുമെന്നുമാണ് പ്രതീക്ഷയെന്ന് പറയുന്നതിനൊപ്പം നാട്ടിൽ ഇപ്പോൾ അഞ്ച് ലക്ഷം രൂപ നൽകിയാൽ കബീറിന് യുഎഇയിലേക്ക് വരാമെന്നും ഫിഫ്റ്റി ഫിഫ്റ്റി ലാഭത്തിൽ ബിസിനസ് ഒരുക്കിക്കൊടുക്കുമെന്നും സന്ദേശം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉമ്മുല്‍ഖുവൈനിലെ തുഷാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സ്വദേശിക്ക് വാങ്ങാൻ താല്‍പര്യമുണ്ടെന്നു പറഞ്ഞ് ഒരു വനിത നിരന്തരം ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഓഗസ്റ്റ് 20ന് തുഷാർ യുഎഇയിൽ എത്തുന്നത്. ഇതിന് പിന്നാലെയാണ് ചെക്ക് കേസിൽ അറസ്റ്റിലാവുന്നത്. ദുബായിലെ ഹോട്ടലിൽ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു. ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം 10 ലക്ഷം ദിർഹവും പാസ്പോർട്ടും ജാമ്യം നൽകിയാണ് തുഷാർ പുറത്തിറങ്ങിയത്.

എന്നാൽ, കേസുമായ ബന്ധപ്പെട്ട് നടത്തുന്ന ഒത്തുതീർപ്പ് ചർച്ചകൾ പാതിവഴിയിൽ കുടുങ്ങിയതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങഴും തെളിവായി ശബ്ദ സന്ദേശങ്ങളും പുറത്ത് വരുന്നത്. ഇരുവരും കേസുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

Also Read- ശക്തി കൂട്ടാന്‍ പുതിയ തന്ത്രവുമായി യാക്കോബായ സഭ, മാര്‍ത്തോമാ സഭയും ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭയുമായി ലയിക്കാന്‍ ആലോചന, സഭ തര്‍ക്കം വഴിത്തിരിവിലേക്ക്

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

This post was last modified on September 2, 2019 10:34 am